ആലപ്പുഴ: ജിമ്മി ജോര്‍ജ്, ശ്യാംസുന്ദര്‍ റാവു, കെ.ഉദയകുമാര്‍ -ഇന്ത്യ കണ്ട ഏറ്റവും മികച്ച വോളിബോള്‍ താരങ്ങളെ വാര്‍ത്തെടുത്ത പരിശീലകന്‍ എന്ന ഒറ്റ വിശേഷണം മതി, കലവൂര്‍ എന്‍.ഗോപിനാഥിന്റെ പ്രാഗല്ഭ്യം മനസ്സിലാക്കാന്‍. ഈ മൂവരും അര്‍!ജുന അവാര്‍ഡ് ജേതാക്കളായത് ഗോപിനാഥിന്റെ കൂടെ നേട്ടമാണ്.
നാലുപതിറ്റണ്ടിലേറെ നീണ്ട വോളിബോള്‍ ജീവിതത്തില്‍ അദ്ദേഹത്തിന്റെ പ്രാഗല്ഭ്യത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഗോപിനാഥ് വാര്‍ത്തെടുത്ത താരങ്ങള്‍. സര്‍വകലാശാലതലത്തില്‍ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളാണ് അദ്ദേഹം കൈവരിച്ചത്. അധ്യാപകനായിരുന്ന അച്ഛന്‍ നാരായണനും ജ്യേഷ്ഠന്‍ രവിയുമാണ് ഗോപിനാഥിനെ വോളിബോളില്‍ എത്തിച്ചത്.
മണ്ണഞ്ചേരിയില്‍ തുടങ്ങിയ വൈ.എം.എ. ക്ലബ്ബിലൂടെ വോളിബോള്‍ കളിച്ചു തുടങ്ങിയ ഗോപിനാഥിന്റെ ജീവിതം മാറിമറിയുന്നത് 1954ല്‍ വ്യോമസേനയില്‍ ജോലിക്കുകയറുന്നതോടെയാണ്. വോളിബോള്‍ കളിക്കാരനെന്ന നിലയില്‍ ഗോപിനാഥിന് സേനയില്‍ പെട്ടെന്ന് തിളങ്ങാനായി. ഗോപിനാഥ് ഉള്‍പ്പെട്ട വ്യോമസേനാടീം നാലുതവണ സര്‍വീസസ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായി.
ഈ മികവ് 1959-ല്‍ സര്‍വീസസ് ടീമില്‍ അദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തു. 1959-ലെ ഡല്‍ഹി ദേശീയ ഗെയിംസില്‍ സര്‍വീസസ് ജേതാക്കളായി. കളിക്കാരനായി ശോഭിക്കുന്നതിനെക്കാള്‍ പരിശീലകനാവുകയെന്നതായിരുന്നു ഗോപിനാഥിന്റെ ലക്ഷ്യം.
1966-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സര്‍വീസ് ജേതാക്കളായത് ഗോപിനാഥിന്റെ ശിക്ഷണത്തിലാണ്. ആവഡിയിലെ ക്യാമ്പില്‍ നിര്‍മിച്ച ഫ്ളഡ്!ലിറ്റ് സ്റ്റേഡിയത്തിന് വ്യോമസേന അധികൃതര്‍ പേരിട്ടത് ഗോപിനാഥ് സ്റ്റേഡിയമെന്നായിരുന്നു. ജീവിച്ചിരിക്കെ ഒരു പരിശീലകന് കിട്ടുന്ന അത്യപൂര്‍വ അംഗീകാരമായിരുന്നു ഇത്.
വ്യോമസേന വിട്ട് നാട്ടില്‍ തിരികെയെത്തിയശേഷവും പരീശിലകനായി തിളങ്ങി. സ്പോട്സ് കൗണ്‍സില്‍ പരിശീലകന്‍, കേരള സര്‍വകലാശാല പരിശീലകന്‍ എന്നീ നിലകളില്‍ ഒട്ടേറെ കീരിടം നേടികൊടുത്തു ഇദ്ദേഹം. 1984-ല്‍ അഖിലേന്ത്യാ സര്‍വകലാശാലാ ടീമിന്റെ പരിശീലകനായി. 1985-ല്‍ എം.ജി.യില്‍ കോച്ചായി ചേര്‍ന്നു. തുടരെ മൂന്നുവര്‍ഷം പുരുഷ ടീമും തുടരെ ആറുവര്‍ഷം വനിതാ ടീമും അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ജേതാക്കളായി.
ഒരു കോച്ചിന് കീഴില്‍ രണ്ട് ടീമുകള്‍ ഹാട്രിക്ക് നേടുകയെന്ന ഖ്യാതിയും ഗോപിനാഥ് സ്വന്തമാക്കി. 60 വയസ്സ് തികഞ്ഞപ്പോള്‍ വിരമിക്കാനൊരുങ്ങിയെങ്കിലും അന്ന് വൈസ് ചാന്‍സറലായിരുന്ന യു.ആര്‍.അനന്തമൂര്‍ത്തി രണ്ട് വര്‍ഷം കൂടി സര്‍വീസ് ദീര്‍ഘിപ്പിച്ചുനല്‍കി. 1997-ല്‍ വനിതാ ടീമിനെ അഖിലേന്ത്യാ ചാമ്പ്യന്‍മാരാക്കിയശേഷമാണ് ഗോപിനാഥ് പരിശീലകക്കുപ്പായം അഴിച്ചുവെച്ചത്.
Content Highlights: Kalavoor N Gopinath Former Volleyball Coach