അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ മെട്രോപൊളിറ്റാനയില്‍ നിന്ന് രണ്ട് ഗോള്‍ തോല്‍വിയുമായി യുവന്റസ് തല താഴ്ത്തി മടങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ടത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായുള്ള യുവന്റസിന്റെ ഏറെനാളത്തെ കാത്തിരിപ്പിന് റോണോ അന്ത്യംകുറിക്കുമെന്ന് പറഞ്ഞവരെല്ലാം മാളത്തിലൊളിച്ചോ എന്ന പരിഹാസം വരെ ആരാധകര്‍ കേട്ടു. റയല്‍ മാഡ്രിഡിലായിരുന്നപ്പോള്‍ യുവന്റസിനെതിരായ ഏഴു മത്സങ്ങളില്‍ 10 ഗോളുകളടിച്ച പോര്‍ച്ചുഗീസ് താരം എന്നാല്‍ ടൂറിനെത്തിയ ശേഷം ഒട്ടും ഫോമിലായിരുന്നില്ല. ആകെ ഒരൊറ്റ ഗോള്‍ മാത്രമാണ് ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനായി ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍ നിന്ന് വന്നത്. വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും ഇങ്ങനെ കണക്കുനിരത്താന്‍ ഏറെയുണ്ടായിരുന്നു.
എന്നാല്‍ കടങ്ങളൊന്നും ബാക്കിവെയ്ക്കുന്ന ശീലം പോര്‍ച്ചുഗീസ് താരത്തിനില്ല എന്നത് പരിഹസിച്ചവരും വിമര്‍ശിച്ചവരും മറന്നു. അലിയന്‍സ് സ്റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ യുവന്റസിന്റെ തിരിച്ചുവരവ് കണ്ടപ്പോള്‍ ഈ പരിഹസിച്ചവര്‍ തന്നെ കൈയടിച്ചുപോയിട്ടുണ്ടാകും. അത്രയ്ക്ക് മനോഹരമായിരുന്നു ക്രിസ്റ്റിയാനോയുടെ പ്രകടനം.
ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു 112 മില്ല്യണ്‍ യൂറോ (ഏകദേശം 890 കോടി രൂപ ) എന്ന റെക്കോഡ് തുക മുടക്കി 34-കാരനായ പോര്‍ച്ചുഗീസ് താരത്തെ ഈ സീസണില്‍ ഇറ്റാലിയന്‍ ടീം തട്ടകത്തിലെത്തിച്ചത്. ഇത്രയും പണം വാരിയെറിഞ്ഞപ്പോള്‍ യുവന്റസിന്റെ മുതലാളിമാര്‍ ചില കണക്കുകൂട്ടലുകള്‍ മനസ്സില്‍ നടത്തിയിരുന്നു. അതൊന്നും തെറ്റായിരുന്നില്ല എന്ന് അലിയന്‍സ് സ്‌റ്റേഡിയത്തില്‍ ക്രിസ്റ്റ്യാനോ തെളിയിച്ചു.
ടുറിനില്‍ കളി തുടങ്ങും മുമ്പ് കുടുംബാഗങ്ങള്‍ക്ക് റോണോ ഒരു വാക്ക് നല്‍കിയിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ താന്‍ ഹാട്രിക് അടിക്കുമെന്നായിരുന്നു ആ വാക്ക്. താരം അത് തെറ്റിച്ചില്ല. ഗാലറിയില്‍ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറിനേയും ഭാര്യ ജോര്‍ജിന റോഡ്രിഗസിനേയും സാക്ഷിയാക്കിയായിരുന്നു 34-കാരന്റെ തേരോട്ടം.
ആദ്യ രണ്ട് ഗോളുകളും ചാട്ടുളി കണക്കെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച ക്രിസ്റ്റ്യാനോ മൂന്നാം ഗോള്‍ പെനാല്‍റ്റിയിലൂടെ പൂര്‍ത്തിയാക്കി. ഇതില്‍ രണ്ടാം ഹെഡ്ഡര്‍ ഗോളായിരുന്നു മനോഹരം. അത്‌ലറ്റിക്കോ ഗോള്‍കീപ്പര്‍ ഒബ്‌ളക് തട്ടിയകറ്റിയ ആ പന്ത് ഗോള്‍ലൈന്‍ കടന്നിരുന്നു. വീഡിയോയുടെ സഹായത്തോടെ റഫറി ഗോള്‍ വിധിച്ചു.
ഒരിക്കലും സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നവനല്ല താനെന്ന് ഒരിക്കല്‍ കൂടി റോണോ തെളിയിച്ച നിമിഷമായിരുന്നു ആ നിര്‍ണായക പെനാല്‍റ്റി ഗോള്‍. ബോക്‌സിനുള്ളില്‍ ബെര്‍നാഡെസ്ച്ചിയെ എയ്ഞ്ചല്‍ കൊറിയ പിറകില്‍ നിന്ന് തള്ളിയിട്ടതിന് റഫറി നേരെ പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ആ സമയത്ത് ഇരുപാദങ്ങളിലുമായി ഗോള്‍നില 2-2 എന്നായിരുന്നു. ഹൃദയമിടിപ്പ് വേഗത്തിലാകുന്ന നിമിഷം. എന്നാല്‍ പെനാല്‍റ്റിയെടുക്കാന്‍ വന്ന ക്രിസ്റ്റ്യാനോയ്ക്ക് മുന്നില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഗോള്‍കീപ്പര്‍ ഒബ്‌ളക്കിനെ കബളിപ്പിച്ച് പന്ത് വലക്കുള്ളിലെത്തി. യുവന്റസ് ക്വാര്‍ട്ടറേലിക്കും.
ആ മൂന്നു ഗോളിനൊപ്പം റോണോയുടെ പേരിനൊപ്പം എഴുതപ്പെട്ടത് ഒരുപിടി റെക്കോഡുകള്‍ കൂടിയാണ്. ചാമ്പ്യന്‍സ് ലീഗില്‍ എട്ടാം ഹാട്രിക് പൂര്‍ത്തിയാക്കിയ താരം ഏറ്റവും കൂടുതല്‍ ഹാട്രികില്‍ ലയണല്‍ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. ചാമ്പ്യന്‍സ് ലീഗില്‍ ഒരേ ടീമിനെതിരേ രണ്ടുതവണ ഹാട്രിക് നേടുന്ന താരമായും ക്രിസ്റ്റ്യാനോ മാറി. യൂറോപ്യന്‍ ക്ലബ്ബ് മത്സരങ്ങളില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ 124-ാം ഗോളാണിത്. രണ്ടാമതുള്ള മെസ്സിയേക്കാള്‍ 18 ഗോളുകള്‍ കൂടുതല്‍ ക്രിസ്റ്റ്യാനോയുടെ അക്കൗണ്ടിലുണ്ട്. മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആകെ ഗോളുകളേക്കാള്‍ കൂടുതലാണ് ക്രിസ്റ്റ്യാനോ ഒറ്റക്ക് നേടിയ ഗോളുകള്‍.
പക്ഷേ യുവന്റസ് ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോയുടെ ദൗത്യം അവസാനിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കുള്ള ഇറ്റാലിയന്‍ ടീമിന്റെ 22 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ റോണോയുടെ മുന്നില്‍ ഇനി മൂന്ന് റൗണ്ടുകള്‍ കൂടി അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് സീസണില്‍ നാല് തവണ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ആത്മവിശ്വാസമാണ് റോണയുടെ കൈമുതല്‍. ആ ആത്മവിശ്വാസം തന്നെയാണ് ആരാധകരുടെ പ്രതീക്ഷയും.
Content Highlights: Juventus forward Cristiano Ronaldo produces another iconic Champions League display