ഫുട്‌ബോളില്‍ വീണ്ടും അയാക്‌സ് മാജിക്; ഓര്‍മ്മകളില്‍ വീണ്ടും യൊഹാന്‍ ക്രൈഫ്


അഭിനാഥ് തിരുവലത്ത്

2 min read
Read later
Print
Share

ക്രൈഫും അയാക്സും തമ്മിലുള്ള ബന്ധം വെറുമൊരു കളിക്കാരനും ക്ലബ്ബും തമ്മിലുള്ളതു പോലെയായിരുന്നില്ല. ആ യാത്ര ഒരു സംഗീതമായിരുന്നു.

ക്ലബ്ബിനേക്കാളും വലുതല്ല ഒരു കളിക്കാരനും എന്നുള്ള കാര്യം ഫുട്ബോള്‍ ലോകം തന്നെ സമ്മതിക്കുന്ന ഒന്നാണ്, എന്നാല്‍ ഒരാളുടെ കാര്യത്തിലൊഴികെ. ഡച്ച് ഇതിഹാസം യൊഹാന്‍ ക്രൈഫാണ് ആ താരം.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് പ്രീക്വാര്‍ട്ടറില്‍ ഡച്ച് ക്ലബ്ബ് അയാക്സ് ആംസ്റ്റര്‍ഡാം പുറത്തേക്കുള്ള വഴികാണിച്ചുകൊടുത്തപ്പോള്‍ വല്ലപ്പോഴും നടക്കാറുള്ള ഒരു അദ്ഭുതമായേ കടുത്ത ഫുട്ബോള്‍ പ്രേമികള്‍ പോലും അതിനെ കണ്ടൊള്ളൂ. എന്നാലിതാ ആ അയാക്സ്, ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവെന്റസിനെയും അട്ടിമറിച്ചതോടെ ഞെട്ടിയത് ഫുട്ബോള്‍ ലോകം ഒന്നാകെയാണ്.

എന്നാല്‍ അയാക്സ് എന്ന ക്ലബ്ബിനെയും അവരുടെ ഒരു ഇതിഹാസ താരത്തെയും കുറിച്ച് അറിയുന്നവര്‍ക്ക് അതൊരു അദ്ഭുതമായി തോന്നില്ല. കാരണം ''പണപ്പെട്ടി കൊണ്ട് ഒരു ടീമും ഗോളടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല'' എന്നു പറഞ്ഞ, അത് തെളിയിച്ച് കാണിച്ചു തന്ന യൊഹാന്‍ ക്രൈഫ് എന്ന ഇതിഹാസത്തിന്റെ പിന്‍ഗാമികളാണ് അവര്‍. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് അയാക്സ് അദ്ഭുതങ്ങള്‍ കാണിക്കുമ്പോള്‍ ഫുട്ബോള്‍ ലോകത്തിന്റെ ഓര്‍മ്മകളില്‍ വീണ്ടും ക്രൈഫും അദ്ദേഹത്തിന്റെ ടോട്ടല്‍ ഫുട്ബോളും വന്നുനിറയുകയാണ്.

ക്രൈഫും അയാക്സും തമ്മിലുള്ള ബന്ധം വെറുമൊരു കളിക്കാരനും ക്ലബ്ബും തമ്മിലുള്ളതായിരുന്നില്ല. ആ യാത്ര ഒരു സംഗീതമായിരുന്നു. ശ്രുതി തെറ്റാതെ, ഇടര്‍ച്ചകളുണ്ടാകാതെ ആ സംഗീതം കാല്‍പ്പന്തുകളിയുടെ താളത്തിനൊപ്പം അങ്ങനെ നിറഞ്ഞൊഴുകി.

ക്രൈഫിന്റെ ഹോം ടൗണ്‍ ക്ലബ്ബായിരുന്നു അയാക്സ്. അതിലും അപ്പുറമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം. ക്ലബ്ബിനായി 318 മത്സരങ്ങളില്‍ നിന്ന് 250-ലേറെ ഗോളുകള്‍. തുടര്‍ച്ചയായ മൂന്ന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് വിജയങ്ങള്‍. 1980-കളില്‍ ടീമിന്റെ മാനേജര്‍. അങ്ങനെ ഒരുകാലത്ത് ക്രൈഫിന്റെ ഫിലോസഫിയില്‍ ജീവിച്ച ക്ലബ്ബാണ് അയാക്സ്. അതു തന്നെയാണ് 2016-ല്‍ ക്ലബ്ബ് തങ്ങളുടെ ഹോം ഗ്രൗണ്ടായിരുന്ന ആംസ്റ്റര്‍ഡാം അറീനയുടെ പേരുമാറ്റി അദ്ദേഹത്തോടുള്ള ആദരസൂചകമായി യൊഹാന്‍ ക്രൈഫ് അറീന എന്നാക്കിയത്.

ക്രൈഫും റിനസ് മൈക്കല്‍ എന്ന പരിശീലകനും ചേര്‍ന്ന് ടോട്ടല്‍ ഫുട്ബോള്‍ എന്ന ഡച്ച് വാദ്യോപകരണത്തില്‍ തീര്‍ത്ത സംഗീതമായിരുന്നു അയാക്സ് എന്ന ടീം. ടോട്ടല്‍ ഫുട്ബോളിന്റെ സൗന്ദര്യം ഫുട്ബോള്‍ ലോകം ആ ക്ലബ്ബില്‍ നിന്ന് ആവോളം ആസ്വദിച്ചു. 1959 - 1973 കാലഘട്ടം അയാക്സിനെ സംബന്ധിച്ച് ഒരിക്കലും മറക്കാനാകാത്തതായിരുന്നു. ക്രൈഫ് ക്ലബ്ബിന്റെ ഭാഗമായിരുന്നു ഈ സമയത്താണ് നിരവധി നേട്ടങ്ങള്‍ അവര്‍ സ്വന്തമാക്കുന്നത്.

1971, 1972, 1973 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അയാക്സ് യൂറോപ്യന്‍ ചാമ്പ്യന്‍മാരായി. 1966, 1967, 1968 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ ഡച്ച് ലീഗ് കിരീടവും. ഇതിനു പിന്നാലെ അയാക്സ് വിട്ട് ക്രൈഫ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് ചേക്കേറി. ഏഴു വര്‍ഷത്തിലേറെ ബാഴ്സയില്‍ തുടര്‍ന്ന ക്രൈഫ് പിന്നീട് അയാക്സിലേക്കു തന്നെ മടങ്ങി. ബാഴ്സലോണയുടെ സുവര്‍ണ കാലഘട്ടത്തിലേക്കുള്ള വഴിമരുന്നിട്ടാണ് ക്രൈഫ് നൗക്യാമ്പിന്റെ പടിയിറങ്ങിയത്.

തിരിച്ച് അയാക്സിലെത്തിയ അദ്ദേഹം അധിക കാലം അവിടെ കളിച്ചില്ല. 1983-ല്‍ ക്ലബ്ബ് വിട്ട ക്രൈഫ് പിന്നീട് പരിശീലകന്റെ റോളിലാണ് തിരിച്ചെത്തിയത്. 1985-ലായിരുന്നു അത്. പരിശീലകനായും അയാക്സില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ക്രൈഫിനെ വീണ്ടും ബാഴ്സലോണ റാഞ്ചി.

അന്ന് ക്രൈഫ് പാകിയ വിത്തുകള്‍ അയാക്സില്‍ വീണ്ടും മുളപൊട്ടി. ലൂയി വാന്‍ഗാലിന്റെ വരവിനു ശേഷം അവര്‍ വീണ്ടും യൂറോപ്പില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. 1995-ല്‍ വാന്‍ഗാലിന്റെ കീഴില്‍ അയാക്സ് ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടു.

റിനസ് മൈക്കലും ക്രൈഫും വാന്‍ഗാലും കാണിച്ച വഴിയിലൂടെ അയാക്സിനെ ഇന്ന് നയിക്കുന്നത് എറിക് ടെന്‍ ഹാഗ് ആണ്. ഇത്തവണ മറ്റൊരു ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വപ്നം കണ്ടാണ് എറിക്കിന്റെ നേതൃത്വത്തില്‍ അയാക്സ് കുതിക്കുന്നത്. ടാഡിക്, സിയെച്ച്, വാന്‍ ഡി ബാക്ക്, നെരെസ് എന്നിവര്‍ അയാക്സിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. റയല്‍ മാഡ്രിഡ് എന്ന പണക്കൊഴുപ്പിന്റെ ഹുങ്കില്‍ കളിക്കുന്നവര്‍ക്ക് പുറത്തേക്കുള്ള വഴികാണിച്ചാണ് അയാക്സ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അവിടെ റൊണാള്‍ഡോയുടെ യുവെന്റസിന്റെ പകിട്ടിനു മുന്നില്‍ പതറാതെ അവരെ അവരുടെ മൈതാനത്ത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അയാക്സിന്റെ സെമി പ്രവേശനം.

Content Highlights: Johan Cruyff and Ajax

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram