സസ്പെന്‍സും ക്ലൈമാക്സും നിറഞ്ഞുനിന്ന ഒരു സിനിമ പോലെയാണ് ഇന്ത്യന്‍ കായികരംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ കടന്നുപോയത്. ചിലര്‍ പുഞ്ചിരിച്ചപ്പോള്‍ മറ്റു ചിലര്‍ കണ്ണീരോടെ കളം വിട്ടു. കാണികള്‍ നിശബ്ദരായിപ്പോയ നിമിഷങ്ങള്‍, ആര്‍പ്പുവിളികളോടെ എഴുന്നേറ്റുനിന്ന് കൈയടിച്ച നിമിഷങ്ങള്‍. 28 വര്‍ഷത്തിന് ശേഷം ഇന്ത്യ ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടതും സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരം ക്രിക്കറ്റിനോട് വിട പറഞ്ഞതും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലാണ്. അത്‌ലറ്റിക്‌സില്‍ ഹിമാ ദാസ് എന്ന പുതിയ താരോദയത്തേയും ഇന്ത്യ കണ്ടു. ബാഡ്മിന്റണില്‍ ഒളിമ്പിക്സില്‍ വെള്ളി മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടി പി.വി സിന്ധു ചരിത്രമെഴുതുന്നതിനും ഇന്ത്യന്‍ കായികരംഗം സാക്ഷിയായി.
28 വര്‍ഷത്തിന് ശേഷം ഇന്ത്യക്ക് ലോകകപ്പ് കിരീടം
'ഞാന്‍ മരിക്കുന്നതിന് മുമ്പ് എനിക്ക് അവസാനമായി കാണ്ടേണ്ടത് 2011 ലോകകപ്പ് ഫൈനലില്‍ എം.എസ് ധോനി അടിച്ച ആ സിക്‌സ് ആണ്'. 28 വര്‍ഷത്തിന് ശേഷം ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിയപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞ വാക്കുകളാണിത്. ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് ആരാധകനും കാത്തിരുന്ന നിമിഷമായിരുന്നു അത്. 10 പന്ത് ശേഷിക്കെ ശ്രീലങ്കയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ വാംഖഡെയില്‍ ഇന്ത്യയുടെ ചരിത്രനിമിഷം പിറന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസ താരത്തിനുള്ള മനോഹരമായ യാത്രയയപ്പ് കൂടിയായിരുന്നു ഈ കിരീടം.
സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം
2013 നവംബര്‍ 13-ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം വാംഖഡെ സ്റ്റേഡിയവും ഈറനണിഞ്ഞു. 200-ാം ടെസ്റ്റ് കളിച്ച് സച്ചിന്‍ ഇനി ഗ്രൗണ്ടിലേക്കില്ലെന്ന് പറഞ്ഞപ്പോള്‍ സ്‌റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. 24 വര്‍ഷത്തെ കരിയറിന് വിരാമം. ടെസ്റ്റ് മത്സരത്തിന് ശേഷം സച്ചിന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇന്ത്യന്‍ കായികചരിത്രത്തില്‍ എന്നുമുണ്ടാകും. 'സ്റ്റേഡിയത്തില്‍ നിന്നുയരുന്ന 'സച്ചിന്‍...സച്ചിന്‍' എന്ന ആരവം അവസാനശ്വാസം വരെ എനിക്കൊപ്പമുണ്ടാകും'-ഇതായിരുന്നു വിടവാങ്ങല്‍ പ്രസംഗത്തിലെ അവസാന വരി. അതു പറയുമ്പോഴേക്കും സച്ചിന്‍ വിതുമ്പിപ്പോയി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ കായികരംഗത്ത് സംഭവിച്ച മറക്കാനാവാത്ത നിമിഷമായിരുന്നു അത്.
ഹിമ ദാസിന്റെ ഉദയം
പി.ടി ഉഷയ്ക്കും ഷൈനി വില്‍സണും അഞ്ജു ബോബി ജോര്‍ജ്ജിനും ശേഷം വറ്റിവരണ്ട ഇന്ത്യയുടെ അത്‌ലറ്റിക്‌സില്‍ പുതിയ തെളിനീരുറവയായവളാണ് ഹിമ ദാസ്. 2018-ല്‍ ഫിന്‍ലന്‍ഡില്‍ നടന്ന ലോക ജൂനിയര്‍ മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്ത് ഹിമ പുതിയ ചരിത്രമെഴുതി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ഈ പതിനെട്ടുകാരി. പിന്നീട് മൂന്നാഴ്ച്ചക്കുള്ളില്‍ വിവിധ യൂറോപ്യന്‍ മീറ്റുകളിലായി അഞ്ചു സ്വര്‍ണം നേടി ഹിമ വീണ്ടും വാര്‍ത്താതാരമായി. ചെക്ക് റിപ്പബ്ലിക്കിലെ നോവെ മെസ്റ്റോ മീറ്റില്‍ 400 മീറ്ററില്‍ 52.09 സെക്കന്‍ഡില്‍ ഓടിയെത്തി സീസണിലെ മികച്ച സമയത്തോടെ സ്വര്‍ണം നേടിയതാണ് ഒടുവിലത്തെ നേട്ടം. ഈ മാസമാദ്യം പോളണ്ടിലെ പോസ്‌നാന്‍ അത്‌ലറ്റിക് ഗ്രാന്റ് പ്രീ മീറ്റിലെ 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണമണിഞ്ഞാണ് വിജയപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നീട് കുട്‌നോ അത്‌ലറ്റിക് മീറ്റിലും (23.97), ക്ലാഡ്‌നോ മീറ്റിലും (23.43) ടാബോര്‍ മീറ്റിലും (23.25) 200 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ ഹിമ 15 ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത് നാലു സ്വര്‍ണമാണ്. 200 മീറ്ററിലും 400 മീറ്ററിലും മത്സരിക്കുന്ന ഹിമയുടെ അവസാന മീറ്ററുകളിലെ അപാരമായ സ്പ്രിന്റ് മികവാണ് ഇന്ത്യയുടെ ലോകചാമ്പ്യന്‍ഷിപ്പ് സ്വപ്നങ്ങള്‍ക്ക് നിറമേറ്റുന്നത്.
ഒമ്പത് റണ്‍സിന് കൈവിട്ട കിരീടം
വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കണ്ണീരണിഞ്ഞ വര്‍ഷമായിരുന്നു 2017. കൈയകലെ ഇന്ത്യ കിരീടം കൈവിട്ടു. ഒമ്പത് റണ്‍സിന് ഇംഗ്ലണ്ടിനോട് തോല്‍വി. ആറു വിക്കറ്റ് വീഴ്ത്തിയ അന്യ ഷ്രബ്‌സോളിന്റെ ബൗളിങ് മികവിനേക്കാള്‍ ഇന്ത്യയുടെ നിരുത്തവാദപരമായ ബാറ്റിങ്ങാണ് മത്സരഫലം നിര്‍ണയിച്ചത്. തോറ്റെങ്കിലും ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും മിതാലി രാജും ജുലന്‍ ഗോസ്വാമിയുമെല്ലാം പുതിയ താരോദയങ്ങളായി.
സിന്ധുവെന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തു പി.വി സിന്ധു. 130 കോടി ജനങ്ങളുടെ പ്രാര്‍ഥനയുമായി റിയോ ഒളിമ്പിക്‌സിനെത്തിയ സിന്ധുവിന് ഫൈനലില്‍ കാലിടറി. സ്പാനിഷ് താരം കരോളിന മാരിനോട് തോറ്റു. എങ്കിലും ഒളിമ്പിക്‌സില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരമായി സിന്ധു ചരിത്രമെഴുതി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം സിന്ധു വീണ്ടും താരമായി. ബാസെലില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ നവോമി ഒകുഹാരയെ തോല്‍പ്പിച്ച് സിന്ധു സ്വര്‍ണം നേടി. ഇതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന ചരിത്രം സിന്ധുവിന്റെ പേരിനൊപ്പമായി.
ഇന്ത്യന്‍ ഫുട്‌ബോളിന് ഉണര്‍വ്വ്, മെസ്സിയെ പിന്നിലാക്കി ഛേത്രി
ഒപ്പം നിലവില്‍ കളിക്കുന്ന താരങ്ങളില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി രണ്ടാമതെത്തി. സാക്ഷാല്‍ ലയണല്‍ മെസ്സിയെ മറികടന്നായിരുന്നു ഛേത്രിയുടെ ഈ നേട്ടം.
ഓസീസ് മണ്ണില്‍ ഇന്ത്യക്ക് ആദ്യ പരമ്പര
ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം രചിച്ചാണ് ഇന്ത്യന്‍ ടീം 2019 ആരംഭിച്ചത്. ഓസ്‌ട്രേലിയയില്‍ പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡും ഇന്ത്യ നേടി. ഇതോടെ 71 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. 2-1നായിരുന്നു ഇന്ത്യയുടെ നേട്ടം. പരമ്പരയിലുടനീളം ക്ഷമയോടെ ബാറ്റു ചെയ്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ചേതേശ്വര്‍ പൂജാര പരമ്പരയുടെ താരമായി. പേസ് കിങ് ജസ്പ്രീത് ബുംറ നാല് ടെസ്റ്റില്‍ നിന്ന് 21 വിക്കറ്റ് വീഴ്ത്തി.
ഇതിന് പിന്നാലെ ഏകദിന പരമ്പരയും കോലിപ്പട സ്വന്തമാക്കി. 2-1നായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയും ഓസീസും തമ്മിലുള്ള ഏകദിന പരമ്പര അവരുടെ മണ്ണില്‍ ആദ്യമായി നടക്കുന്നത് 2015-16 വര്‍ഷത്തിലാണ്. അന്ന് 4-1ന് ഓസീസ് വിജയിച്ചു. അതിന് മുമ്പ് ത്രിരാഷ്ട്ര ഏകദിനങ്ങള്‍ക്കായിരുന്നു ഓസീസ് വേദിയായിരുന്നത്.
ജിംനാസ്റ്റിക്‌സ് ഗേള്‍ ദിപ കര്‍മാകര്‍
2016 ദിപയുടെ വര്‍ഷമായിരുന്നു. ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരമായി ദിപ. 52 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സിന് യോഗ്യത നേടുന്നതെന്ന് കൂട്ടിവായിക്കണം. ത്രിപുരക്കാരിയായ ദിപ റിയോയിലും മികച്ച പ്രകടനം പുറത്തെടുത്തു. 0.15 പോയിന്റിന്റെ വ്യത്യാസത്തില്‍ ദിപയ്ക്ക് മെഡല്‍ നഷ്ടപ്പെട്ടു.
Content Highlights: Indian Sports in a decade 2010-2020 Sachin Tendulkar