മിസ്ബായുടെ ഷോട്ട് ശ്രീയുടെ കൈകളില്‍ വിശ്രമിച്ച ദിനം; ഇന്ത്യയുടെ ട്വന്റി20 കിരീടവിജയത്തിന് 12 വയസ്സ്


2 min read
Read later
Print
Share

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനില്‍ നിന്ന് ഇന്ത്യ കിരീടം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോനി യുഗത്തിന്റെ തുടക്കവും ആ കിരീട വിജയത്തില്‍ നിന്നായിരുന്നു

2007-ലെ ഏകദിന ലോകകപ്പിലെ ടീമിന്റെ നിരാശാജനകമായ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിൽ തന്നെ വലിയൊരു മാറ്റത്തിനാണ് വഴിമരുന്നിട്ടത്. തുടര്‍ന്ന് നടന്ന പ്രഥമ ട്വന്റി 20 ലോകകപ്പില്‍ പുതിയ മുഖങ്ങള്‍ നിറഞ്ഞ ടീമിനെ അയക്കാന്‍ അത് മാനേജ്‌മെന്റിനെ നിര്‍ബന്ധിതരാക്കി.

സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, കുംബ്ലെ എന്നിവരില്ലാതിരുന്ന ആ ടീമില്‍ നിന്ന് ആരാധകര്‍ കാര്യമായൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നുള്ളതായിരുന്നു സത്യം. എന്നാല്‍ എം.എസ്. ധോനിയെന്ന നീളന്‍മുടിക്കാരന്റെ ടീം കിരീടവുമായാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയത്. ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച പോരാട്ടവീര്യത്തിലൂടെ ഇന്ത്യന്‍ യുവനിര പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടമുയര്‍ത്തിയിട്ട് സെപ്റ്റംബർ 24ന് പന്ത്രണ്ടാണ്ട് തികയുകയാണ്.

യുവ്‌രാജ് സിങ്ങിന്റെ സിക്‌സര്‍ മഴയും ഓസീസിനെ സെമിയില്‍ കെട്ടുകെട്ടിച്ച പ്രകടനവുമെല്ലാം പിന്നിട്ട് 2007 സെപ്റ്റംബര്‍ 24-ന് ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനില്‍ നിന്ന് ഇന്ത്യ കിരീടം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോനി യുഗത്തിന്റെ തുടക്കവും ആ കിരീടവിജയത്തില്‍ നിന്നായിരുന്നു.

ഫൈനലില്‍ ടോസ് നേടിയ ധോനി ബാറ്റിങ് തിരഞ്ഞെടുത്തു. മധ്യനിര തിളങ്ങാതിരുന്ന മത്സരത്തില്‍ 54 പന്തില്‍ നിന്ന് 75 റണ്‍സെടുത്ത ഗൗതം ഗംഭീറിന്റെയും 16 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും മികവില്‍ ഇന്ത്യ നേടിയത് അഞ്ചിന് 157 റണ്‍സ്.

മറുപടി ബാറ്റിങ്ങില്‍ ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് ഹഫീസിനെ നഷ്ടപ്പെട്ട പാകിസ്താന്‍ 16 ഓവറില്‍ ഏഴിന് 107 റണ്‍സെന്ന നിലയിലേക്ക് വീണു. എന്നാല്‍ അവിടെ നിന്നും മിസ്ബാഹ് ഉള്‍ ഹഖ് അവിശ്വസനീയമായി പാകിസ്താനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഹര്‍ഭജന്റെ അടുത്ത ഓവറില്‍ മിസ്ബായുടെ വക മൂന്നു സിക്‌സറുകള്‍. വാലറ്റക്കാരന്‍ സൊഹൈല്‍ തന്‍വീര്‍ അടുത്ത ഓവറില്‍ ശ്രീശാന്തിനെ രണ്ടു തവണയും അതിര്‍ത്തി കടത്തി.

അവസാന ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ 13 റണ്‍സായിരുന്നു പാകിസ്താന് വേണ്ടിയിരുന്നത്. ഭാജിക്ക് വീണ്ടുമൊരു ഓവര്‍ കൂടി നല്‍കാന്‍ മടിച്ച ധോനി ജൊഗീന്ദര്‍ ശര്‍മയെ പന്തേല്‍പ്പിച്ചു. രണ്ടാം പന്ത് മിസ്ബാഹ് സിക്‌സറിന് പറത്തിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങി. എന്നാല്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കെ മിസ്ബാഹ് കാണിച്ച ആവേശം അവര്‍ക്ക് വിനയായി. ശ്രീശാന്ത് ഷോര്‍ട്ട് ഫൈന്‍ലെഗില്‍ നില്‍ക്കുന്നതു കണ്ട് ശര്‍മയുടെ മൂന്നാം പന്ത് സ്‌കൂപ്പ് ചെയ്ത മിസ്ബായ്ക്ക് പിഴച്ചു. ഉയര്‍ന്നു പൊങ്ങിയ പന്ത് ശ്രീയുടെ കൈകളില്‍ ഭദ്രം. ധോനിയുടെ കൈകളില്‍ കിരീടവും.

Content Highlights: India Win Maiden ICC World Twenty20 After Beating Pakistan On this day, 12 years ago

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram