പാട്ടുപാടി തോറ്റവര്‍


ആര്‍.ഗിരീഷ്‌കുമാര്‍

3 min read
Read later
Print
Share

I see a bad moon a-rising

ക്രീഡന്‍സ് ക്ലിയര്‍വാട്ടര്‍ റിവൈവല്‍ എന്ന അമേരിക്കന്‍ റോക്ക് ബാന്‍ഡ് 1969-ല്‍ ബാഡ് മൂണ്‍ റൈസിങ് എന്ന ഗാനം പുറത്തിറക്കുമ്പോള്‍, അതിന് ഫുട്‌ബോള്‍ചരിത്രത്തില്‍ അസാധാരണമായൊരു ഇടം ലഭിക്കുമെന്ന് പാട്ടെഴുതി പാടിയ ജോണ്‍ ഫോഗെര്‍റ്റി വിചാരിച്ചിരിക്കില്ല.
അമേരിക്കയിലും ബ്രിട്ടനിലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാംസ്ഥാനത്ത് നിന്ന പാട്ട്, പിന്നീട് പന്തുതട്ടിയെത്തിയത് ഫുട്‌ബോള്‍ മൈതാനത്തേക്കാണ്. ഒരിക്കല്‍ അഭിമാനത്തോടെ, അതേറ്റുപാടിയിരുന്നവര്‍ പലരും ഇന്നത് മറക്കാനാവും ശ്രമിക്കുന്നുണ്ടാവുക.
ക്രീഡന്‍സ് ക്ലിയര്‍വാട്ടര്‍ റിവൈവലിനോ ജോണ്‍ ഫോഗെര്‍റ്റിക്കോ ഫുട്‌ബോളുമായി നേരിട്ടൊരു ബന്ധവുമില്ല. ഈ പാട്ടിനും. എന്നാല്‍, വളച്ചൊടിച്ചുണ്ടാക്കിയ അതിന്റെ പാരഡി അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഗാനമായിമാറുന്ന ചരിത്രമാണ് പിന്നീടുണ്ടായത്.
വിജയാഘോഷത്തിന്റെ ഉന്മാദത്തില്‍, എതിരാളികള്‍ക്കുമേല്‍ ആക്ഷേപം ചൊരിയാനാണ് ആദ്യം ഈ വരികള്‍ ആരാധകര്‍ വളച്ചൊടിച്ചതെങ്കില്‍, ഇപ്പോഴത് അവരുടെതന്നെ ഫുട്‌ബോള്‍ തകര്‍ച്ചയുടെ പ്രതിരൂപമായി എതിരാളികള്‍ ഉയര്‍ത്തിക്കാട്ടുന്നു. അര്‍ജന്റൈന്‍ ഫുട്‌ബോളിനുമേല്‍ ഒരു ദുഷിച്ച ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു. കാണുന്നത് മുഴുവന്‍ ദുശ്ശകുനങ്ങളും.
ഡീഗോ മാറഡോണയെന്ന മാന്ത്രികന്റെ കാല്‍ക്കരുത്തിലും പ്രതിഭാവിലാസത്തിലും 1986-ല്‍ മെക്‌സിക്കോയില്‍ അര്‍ജന്റീന കിരീടം ചൂടുന്നതോടെയാണ് ലോകം നീലയും വെള്ളയും വരകളുള്ള ഇഷ്ടത്തിന്റെ ജേഴ്‌സിയണിഞ്ഞ് അവരോടൊപ്പം കൂടിയത്. മാറഡോണയാണ് ലോകത്തെ അര്‍ജന്റീനയിലേക്ക് ക്ഷണിച്ചത്. ഇന്നും ആ ഇഷ്ടം നിലനില്‍ക്കുന്നത്, അദ്ദേഹം കാല്‍കൊണ്ടും കൈകൊണ്ടും (ദൈവത്തിന്റെ) നേടിയ ഗോളുകളോടുള്ള ഓമനത്തംകൊണ്ടാണ്. വിതുമ്പിക്കരഞ്ഞുകൊണ്ട് അമേരിക്കയിലെ കളിക്കളത്തില്‍നിന്ന് എട്ടുവര്‍ഷത്തിനുശേഷം മാറഡോണ ഇറങ്ങിപ്പോയപ്പോള്‍, ലോകമൊന്നടങ്കം വിതുമ്പിക്കരഞ്ഞതും അതുകൊണ്ടുതന്നെ.
പാട്ടിലേക്ക് തിരിച്ചുവരാം. മെക്‌സിക്കോയിലേക്കും. മെക്‌സിക്കോയില്‍ ബെല്‍ജിയത്തിനെതിരേ മാറഡോണ നേടിയ രണ്ട് ഗോളുകളാണ് അര്‍ജന്റീനയെ ഫൈനലിലെത്തിച്ചത്. ചിരവൈരികളായ ബ്രസീലാകട്ടെ, ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോല്‍ക്കുകയും ചെയ്തിരുന്നു. അത് 'ആല്‍ബിസെലസ്റ്റു'കളെ കൂടുതല്‍ ആവേശഭരിതരാക്കി. 1978-നു ശേഷമുള്ള ഫൈനല്‍പ്രവേശത്തിന്റെ ആഘോഷത്തിനിടെ ഡ്രെസിങ് റൂമില്‍നിന്നാണ് ബാഡ് മൂണ്‍ റൈസിങ്ങിന്റെ പിറവി. ബ്രസീലിന്റെ ദുരവസ്ഥയായിരുന്നു അര്‍ജന്റീനയുടെ താരങ്ങളും ആരാധകരും സ്പാനിഷിലേക്ക് മൊഴിമാറ്റി പാടിത്തുടങ്ങിയത്.
പതുക്കെ, ബാഡ് മൂണ്‍ റൈസിങ് അര്‍ജന്റീനയുടെ പ്രിയപ്പെട്ട ആരാധക ഗാനമായിമാറി. സ്റ്റേഡിയങ്ങള്‍ ഒരേ ശബ്ദത്തില്‍, ഒറ്റത്തൊണ്ടയില്‍ ആ പാട്ട് പാടിത്തുടങ്ങി. 1990-ല്‍ ലോകകപ്പ് ഇറ്റലിയിലേക്ക് എത്തിയപ്പോള്‍, പാട്ടും അര്‍ജന്റീനക്കാര്‍ക്കൊപ്പം അവിടേക്ക് എത്തി.
ഓരോ മത്സരം പിന്നിടുന്തോറും വരികള്‍ക്ക് മാറ്റംവന്നുകൊണ്ടിരുന്നു. ടൂറിനിലെ ആല്‍പ്പി സ്റ്റേഡിയത്തില്‍ നടന്ന പ്രീക്വാര്‍ട്ടറില്‍ മാറഡോണയുടെ പാസില്‍ ക്ലോഡിയോ കനീജിയ നേടിയ ഗോളില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന മുന്നേറിയപ്പോള്‍, പാട്ട് കൂടുതല്‍ ഉച്ചസ്ഥായിയിലായി. തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം കുടിക്കാന്‍തന്നുവെന്ന് ബ്രസീല്‍താരം ബ്രാങ്കോ ആരോപിച്ച മത്സരമായിരുന്നു അത്. വിശുദ്ധ ജലമാണ് കുടിക്കാന്‍നല്‍കിയതെന്ന് പിന്നീട് മാറഡോണതന്നെ വെളിപ്പെടുത്തുകയും ചെയ്തു.
'ഹോളി വാട്ടര്‍' മത്സരത്തില്‍ സ്വന്തം ടീം വിജയിച്ചതോടെ, ബാഡ് മൂണ്‍ എറൈസിങ്ങില്‍ രണ്ട് വരികള്‍കൂടി ആരാധകര്‍ എഴുതിച്ചേര്‍ത്തു. പെലെയെക്കാള്‍ മികച്ച മാറഡോണ ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്നും കനീജിയ നിങ്ങളെ കരയിപ്പിച്ചെന്നുമായിരുന്നു ആ വരികള്‍. ആ പാട്ട് പിന്നീട് ഓരോ ലോകകപ്പിലും അര്‍ജന്റീനക്കാര്‍ ബ്രസീലിനെതിരേ മുഴക്കിക്കൊണ്ടിരുന്നു. അര്‍ജന്റീനയുടെ കയറ്റിറക്കങ്ങളില്‍ ബാഡ് മൂണ്‍ എറൈസിങ്ങിന്റെ പാരഡിയില്‍ എഡിറ്റിങ് തുടര്‍ന്നു. മാറഡോണയും കനീജിയയും പിന്നീട് റിക്വല്‍മിയും സാവിയോളയും മെസിയുമൊക്കെ പാട്ടിലേക്ക് പുതിയ പുതിയ കഥാപാത്രങ്ങളായി രംഗപ്രവേശം ചെയ്തു.
2014 ലോകകപ്പ് ബ്രസീലിലെത്തിയപ്പോള്‍ ബാഡ് മൂണ്‍ റൈസിങ് തുടക്കത്തില്‍ നിശ്ശബ്ദമായിരുന്നു. എന്നാല്‍, ബെലോ ഹൊറിസോണ്ടെയിലെ സെമി ഫൈനലില്‍ ജര്‍മനി ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്ക് ബ്രസീലിനെ തകര്‍ത്തെറിഞ്ഞതോടെ അര്‍ജന്റീനക്കാരുടെ തൊണ്ടയിലേക്ക് ആ പാട്ട് കൂടുതല്‍ ഉച്ചത്തില്‍ തിരിച്ചെത്തി. സാവോ പോളോയില്‍ ഹോളണ്ടിനെ കീഴടക്കി അര്‍ജന്റീന ഫൈനലിലേക്ക് കുതിക്കുകകൂടി ചെയ്തതോടെ, റിയോയിലെ തെരുവായ തെരുവുകളിലെല്ലാം 'ബ്രസീല്‍, ഡെസിമെ ഷെ സെ സിയേന്തെ' എന്ന ആരവം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. കോപ്പ കബാനയിലും ഇപ്പനേമയിലും തിരകള്‍ക്കും ബിയറിനുമൊപ്പം ആ വരികള്‍ നുരഞ്ഞുപതഞ്ഞു. അത്രമേല്‍ ആ വരികള്‍ അവരെ ഉന്മാദികളാക്കിമാറ്റിയിരുന്നു.
ബ്രസീലിന്റെ മുറിവിലേക്കാണ് ആ വരികള്‍ ചെന്നുതറച്ചത്. 'ബ്രസീല്‍, എങ്ങനെയുണ്ടെന്ന് ഇപ്പോള്‍ പറയൂ. സ്വന്തം നാട്ടില്‍ നിലംപരിശായപ്പോള്‍. ഞാന്‍ ആണയിട്ട് പറയുന്നു, വര്‍ഷങ്ങളെത്ര കടന്നാലും ഞങ്ങളത് മറക്കില്ല. ഡീഗോ (മാറഡോണ) നിങ്ങളെ തകര്‍ത്തത്, കാനി (ക്ലോഡിയോ കനീജിയ) നിങ്ങളെ വിസ്മയിപ്പിച്ചത്. നിങ്ങള്‍ ഇറ്റലി മുതല്‍ക്കിങ്ങോട്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങളിനി മെസ്സിയെ കാണാന്‍പോകുന്നു. ലോകകപ്പ് ഞങ്ങളുടെതായിരിക്കും. മാറഡോണ പെലെയെക്കാള്‍ മികച്ചവനാണ്' എന്ന് അവര്‍ ബാഡ് മൂണ്‍ റൈസിങ്ങിനെ തിരുത്തി. ഒരു ബ്രസീലുകാരനും ഒരിക്കലും മറക്കരുതെന്ന വാശിയോടെ, ചെന്നിടത്തെല്ലാം കൂട്ടംകൂടിനിന്ന് അവര്‍ ഇത് പാടി.
മാരക്കാന സ്റ്റേഡിയത്തില്‍ ജര്‍മനിയുമായുള്ള ഫൈനല്‍ ദിവസം രാവിലെ മുതല്‍ക്ക് ഈയൊരറ്റ ശബ്ദമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. ദേശീയഗാനത്തിന് ഇരുടീമുകളും നിരന്നുനിന്നപ്പോഴും ദേശീയഗാനത്തെക്കാളും ഉച്ചത്തില്‍ അര്‍ജന്റീനക്കാര്‍ ഈ പാട്ട് പാടി. ദേശീയഗാനത്തിനൊപ്പം ചുണ്ടനക്കിയെങ്കിലും, താരങ്ങളുടെ മനസ്സിലും അലയടിച്ചത് ഈ പാട്ടുതന്നെയാവണം.
ഒടുവില്‍, 118-ാം മിനിറ്റില്‍ ജര്‍മനിക്കാരന്‍ മരിയോ ഗോട്‌സെയുടെ ഗോള്‍ വലയില്‍ക്കയറിയ നിമിഷം ഒറ്റയടിക്ക് നിലയ്ക്കുന്നതുവരെ ഡെസിമെ ഷെ സെ സിയേന്തെ മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. പിന്നീട്, ആ വരികള്‍ അര്‍ജന്റീനയെ തിരിഞ്ഞുകൊത്തിക്കൊണ്ടേയിരുന്നു. ദൗര്‍ഭാഗ്യത്തിന്റെ ചന്ദ്രോദയം കണ്ടുവെന്ന് ജോണ്‍ ഫോഗെര്‍റ്റിയെഴുതിയത് അര്‍ജന്റീനാ ഫുട്‌ബോളില്‍ അറംപറ്റിയതുപോലെയായി.
1986-ലെ ലോകകപ്പിനുശേഷം, ഓരോതവണയും കണ്ണീര്‍ വീഴ്ത്താതെ അര്‍ജന്റീന മടങ്ങാതായി. എല്ലായിടത്തും ദുര്‍ഘടങ്ങള്‍. തോല്‍വിയുടെ ഭൂകമ്പങ്ങളും ഇടിമിന്നലുകളും. ഓരോ ദിനവും അശുഭവാര്‍ത്തകള്‍... ബാഡ് മൂണ്‍ റൈസിങ്ങിന്റെ പാരഡി ഒരുകാലത്ത് അര്‍ജന്റീനക്കാരെ ആവേശംകൊള്ളിച്ചെങ്കില്‍, അതിന്റെ യഥാര്‍ഥ വരികള്‍ അവരെ അശനിപാതംപോലെ പൊള്ളിക്കുന്നു.
Content Highlights: How Argentinians made 'Bad Moon Rising' their soccer anthem

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram