ബാക്ക്‌ലിഫ്റ്റു കൊണ്ട് ക്രീസില്‍ വിസ്മയം തീര്‍ത്ത 'ക്രിക്കറ്റ് മാസ്റ്റര്‍'


അഭിനാഥ് തിരുവലത്ത്‌

4 min read
Read later
Print
Share

എ.ബിയുടെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടില്‍ ആരാധകര്‍ സ്വയം മറന്നപ്പോള്‍ പല മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ കരകയറ്റിയിരുന്ന അംലയെ അവര്‍ സൗകര്യപൂര്‍വം മറന്നുകളഞ്ഞു

ഹാഷിം മുഹമ്മദ് അംല, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. ക്രിക്കറ്റ് ബുക്കുകളില്‍ വിരാട് കോലി സ്വന്തമാക്കിയ റെക്കോഡുകള്‍ പലതും പിന്തുടര്‍ന്ന് തിരുത്തിയിരുന്നു അയാള്‍.

ക്രീസിലെ ആ നിശബ്ദ കൊലയാളിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിലെ ബാറ്റിങ് റെക്കോഡുകള്‍ പലതും ഇനിയും സ്വന്തമാക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുമ്പോഴാണ് അപ്രതീക്ഷിതമായുള്ള അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം.

എന്നും മനോഹരങ്ങളായ ഷോട്ടുകളുതിര്‍ത്തിരുന്ന ആ ബാക്ക്‌ലിഫ്റ്റിന്റെ താളം രാജ്യാന്തര ക്രിക്കറ്റില്‍ ഇനി കാണാന്‍ സാധിക്കില്ല. ക്രിക്കറ്റിലെ കണക്കെടുക്കുമ്പോള്‍ റെക്കോഡുകള്‍ പലതും സ്വന്തമായുള്ള അംല, പക്ഷേ വിരാട് കോലിയെ പോലെയോ എ.ബി ഡിവില്ലിയേഴ്‌സിനെ പോലെയോ അത്രകണ്ട് ആഘോഷിക്കപ്പെട്ടിരുന്നില്ല. അതിന്റെ കാരണം ചികയാന്‍ മറ്റെങ്ങും പോകേണ്ടതില്ല, ഉത്തരം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തന്നെയുണ്ട്. പണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറെന്ന മഹാമേരുവിന്റെ നിഴലിലായിപ്പോയ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായിരുന്നു അംല. അന്ന് അവിടെ സച്ചിനായിരുന്നെങ്കില്‍ ഇവിടെ എ.ബി ഡിവില്ലിയേഴ്‌സായിരുന്നു.

എ.ബിയുടെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടില്‍ ആരാധകര്‍ സ്വയം മറന്നപ്പോള്‍ പല മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയെ കരകയറ്റിയിരുന്ന അംലയെ അവര്‍ സൗകര്യപൂര്‍വം മറന്നുകളഞ്ഞു. അല്ലെങ്കില്‍ ടെസ്റ്റില്‍ 28 ഉം, ഏകദിനത്തില്‍ 27 ഉം സെഞ്ചുറികളുള്ള ഒരു താരത്തെ അവര്‍ അവഗണിക്കുന്നതെങ്ങിനെ?

349 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 18000-ലേറെ റണ്‍സ്, 55 സെഞ്ചുറികള്‍, 88 അര്‍ധ സെഞ്ചുറികള്‍ അങ്ങനെ ആരാലും അത്രകണ്ട് ആഘോഷിക്കപ്പെടാതെ അയാള്‍ ഓരോ റണ്ണും സ്വരുക്കൂട്ടിക്കൊണ്ടിരുന്നു.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000 (40 ഇന്നിങ്‌സ്), 3000 (59 ഇന്നിങ്‌സ്), 4000 (81 ഇന്നിങ്‌സ്), 5000 (101 ഇന്നിങ്‌സ്), 6000 (123 ഇന്നിങ്‌സ്), 7000 റണ്‍സ് ക്ലബ്ബുകളിലെത്തിയ താരമെന്ന റെക്കോഡ് അംലയുടെ പേരിലാണ്. ഒടുവില്‍ ഇക്കഴിഞ്ഞ ലോകകപ്പില്‍ 8000 റണ്‍സ് പിന്നിട്ടപ്പോള്‍ അയാള്‍ റെക്കോഡ് നേട്ടത്തില്‍ കോലിക്ക് പിന്നിലായിപ്പോയി. ഒരൊറ്റ ഇന്നിങ്‌സ് മാത്രം പിറകില്‍. കോലി 175 ഇന്നിങ്‌സുകളില്‍ നിന്ന് 8000 ഏകദിന റണ്‍സ് തികച്ചപ്പോള്‍ അംല 176-ാം ഇന്നിങ്‌സിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഗുജറാത്തില്‍ കുടുംബ വേരുകളുള്ള അംലയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം ഇന്ത്യയ്‌ക്കെതിരേ തന്നെയായിരുന്നു. 2004 നവംബറില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍. തുടക്കകാലത്ത് ഒരു ടെസ്റ്റ് ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെട്ട അംലയ്ക്ക് ആദ്യ ഏകദിന മത്സരം ലഭിക്കുന്നത് വീണ്ടും നാലു വര്‍ഷം കഴിഞ്ഞാണ്. 2008-ല്‍ ബംഗ്ലാദേശിനെതിരേ.

2010 അംലയെ സംബന്ധിച്ച് മറക്കാനാകാത്ത വര്‍ഷമാണ്. ഫെബ്രുവരിയില്‍ ഇന്ത്യ ഇന്നിങ്‌സിനും ആറു റണ്‍സിനും തോറ്റ ടെസ്റ്റ് മാച്ചിലെ താരം ഹാഷ് എന്ന് കൂട്ടുകാര്‍ വിളിക്കുന്ന അംലയായിരുന്നു. ആദ്യ ടെസ്റ്റില്‍ 253 റണ്‍സുമായി പുറത്താകാതെ നിന്ന ഹാഷിന്റെ മികവില്‍ പ്രോട്ടീസ് 558 റണ്‍സെടുത്തു. എന്നാല്‍ സ്‌റ്റെയ്ന്‍ ആഞ്ഞടിച്ചപ്പോള്‍ ഇന്നിങ്‌സ തോല്‍വിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. അടുത്ത ടെസ്റ്റില്‍ ടീമിലെ സഹതാരങ്ങളെല്ലാം ബാറ്റിങ്ങില്‍ പരാജയമായപ്പോള്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറിയുമായി അംല തിളങ്ങി. അതേ വര്‍ഷം തന്നെ ടെസ്റ്റിലും ഏകദിനത്തിലും 1000 റണ്‍സെന്ന നേട്ടവും അംല പിന്നിട്ടു.

2012-ല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ അംല, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടവും ടെസ്റ്റില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡും സ്വന്തമാക്കി. ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 311 റണ്‍സാണ് അംല സ്‌കോര്‍ ചെയ്തത്.

എന്നും തന്റെ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന നിര്‍ബന്ധമുള്ളയാളായിരുന്നു അംല. എന്നും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അംല കാണിക്കുന്ന താത്പര്യത്തെ കുറിച്ച് ഗാരി കേസ്റ്റണ്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. നെറ്റ്‌സില്‍ മണിക്കൂറുകളോളം ചിലവഴിക്കാന്‍ യാതൊരു മടിയുമില്ലാത്ത താരം. ''അംലയെ പോലെ ഇത്ര കഠിനമായി പരിശീലിക്കുന്ന മറ്റൊരു താരത്തെ ഞാന്‍ കണ്ടത് സച്ചിന്‍ തെണ്ടുല്‍ക്കറിലാണ്'', കേസ്റ്റന്റെ ഈ വാക്കുകളിലുണ്ട് അംലയ്ക്ക് ക്രിക്കറ്റ് എത്രയേറെ പ്രിയപ്പെട്ടതാണെന്ന്.

ഒരു വിക്കറ്റ് കൊണ്ട് ഗോള്‍ഫ് ബോളുകള്‍ കളിച്ച് പരിശീലിക്കുന്നത് അംലയുടെ പതിവായിരുന്നു. പന്തിനെ കൃത്യമായി ഫോക്കസ് ചെയ്യുന്നതിനായാണ് അദ്ദേഹം ഇത്തരത്തില്‍ പരിശീലിച്ചിരുന്നത്.

നെറ്റ്‌സില്‍ താന്‍ ഒരിക്കലും പന്തെറിയാന്‍ ആഗ്രഹിക്കാത്ത രണ്ടു താരങ്ങളില്‍ ഒരാള്‍ അംലയാണെന്ന് പറഞ്ഞത് ഡെയ്ല്‍ സ്റ്റെയ്‌നാണ്. എ.ബി തന്റെ പന്തുകള്‍ അത്രയും അനായാസമായാണ് കളിക്കുക, എന്നാല്‍ അധികം ഷോട്ടുകളുതിര്‍ക്കാന്‍ അദ്ദേഹം മിനക്കെടാറില്ല. എന്നാല്‍ നെറ്റ്‌സിലായാലും അംല വളരെ അഗ്രസീവാണ്. ഒരു പന്തുപോലും അയാള്‍ ഒഴിവാക്കില്ല. എല്ലാം പന്തിലും ഷോട്ടുകള്‍ കളിക്കും. ഒരിക്കലും അംലയെ ബീറ്റണാക്കാന്‍ തനിക്ക് സാധിക്കാറില്ല. അംലയ്‌ക്കെതിരേ പന്തെറിഞ്ഞ ശേഷം ഒരിക്കല്‍ പോലും താന്‍ ആത്മവിശ്വാസത്തോടെ നെറ്റ്‌സില്‍ നിന്ന് തിരികെ പോയിട്ടില്ലെന്നും സ്‌റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

തികഞ്ഞ ഇസ്ലാം മതവിശ്വാസിയായ അംല ഒരിക്കല്‍ പോലും തന്റെ പ്രാര്‍ഥനകള്‍ മുടക്കാറില്ല. ഒരിക്കല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കുന്ന സമയത്ത് മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാങ്ങാന്‍ അംല എത്തിയില്ല. പകരം പുരസ്‌കാരം വാങ്ങാനെത്തിയത് അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു. അംല എവിടെയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രാര്‍ഥിക്കുകയാണെന്നായിരുന്നു മാക്‌സിയുടെ മറുപടി. മാത്രമല്ല വിശ്വാസത്തിന്റെ പേരില്‍ മദ്യ കമ്പനിയുടെ ലോഗോ ജേഴ്‌സിയില്‍ ധരിക്കാന്‍ അദ്ദേഹം കരിയറില്‍ ഒരിക്കല്‍പോലും തയ്യാറായിട്ടില്ല.

വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല അതനുസരിച്ചുള്ള പെരുമാറ്റത്തിലും അംല വേറിട്ടു നില്‍ക്കുന്നു. 2013-ല്‍ ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ നടന്ന ടെസ്റ്റിനിടെ മുന്‍ ഓസീസ് താരമായിരുന്ന ഡീന്‍ ജോണ്‍സ് കമന്ററി ബോക്‌സിലെ മൈക്ക് ഓണാണെന്ന് ഓര്‍ക്കാതെ അംലയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചു. അംല, കുമാര്‍ സംഗക്കാരയുടെ ക്യാച്ചെടുത്തപ്പോള്‍ ''ആ തീവ്രവാദിക്ക് ഒരു വിക്കറ്റ് കൂടി കിട്ടിയിരിക്കുന്നു'' എന്നായിരുന്നു ജോണ്‍സിന്റെ വാക്കുകള്‍. ഇത് വലിയ വിവാദമാകുകയും ജോണ്‍സ് മാപ്പുപറയുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു പ്രതികരണവും അംലയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.

അങ്ങനെ ജീവിതത്തില്‍ മാത്രമല്ല ക്രീസിലും സൗമ്യനായ ആ 36-കാരന്‍ പ്രോട്ടീസ് കുപ്പായത്തോട് വിടപറയുകയാണ്. കളിയാരംഭിച്ച ഇന്ത്യയില്‍ തന്നെ മാന്യമായ ഒരു വിരമിക്കല്‍ അദ്ദേഹത്തിന് തിരഞ്ഞെടുക്കാമായിരുന്നു. പക്ഷേ ലോകകപ്പിലെ പ്രോട്ടീസിന്റെ മോശം പ്രകടനം അദ്ദേഹത്തെ അത്രയേറെ വിഷമിപ്പിച്ചിട്ടുണ്ടാകണം.

Content Highlights: Hashim Amla - a Test Great, an ODI Legend

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram