ഗോളുകൾ വന്നത് രണ്ടു സെറ്റ്പീസുകളിൽനിന്ന്, കളിയിലെ താരമായത് ലിവർപൂൾ സെൻട്രൽ ബാക്ക് വിർജിൽ വാൻഡെയ്ക്ക്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിർണായകമായ ഈ രണ്ടു കാര്യങ്ങളിലുണ്ട് ചാമ്പ്യൻമാരായ ലിവർപൂളിന്റെ തന്ത്രം. ആക്രമണഫുട്‌ബോൾ പ്രതീക്ഷിച്ച ടീമിൽനിന്ന് പ്രതിരോധാത്മക കളിയുണ്ടാകുമ്പോൾ, ഗതിമാറ്റാൻ കഴിയുന്ന താരം ടോട്ടനം നിരയിൽ അവതരിച്ചതുമില്ല. ഫലം തീപ്പൊരിപ്പോരാട്ടം പ്രതീക്ഷിച്ച ഫൈനൽ ശരാശരിയിലൊതുങ്ങി.
പലപ്പോഴും ലിവർപൂൾ തോൽക്കാറുള്ളത് അമിത ആക്രമണവാസനകൊണ്ടാണ്. ഗീഗൻ പ്രസ്സിങ് കൊണ്ട് ഇംഗ്ലീഷ് ഫുട്‌ബോളിൽ മാറ്റംവരുത്തിയ യർഗൻ ക്ലോപ്പിന് ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടമടക്കം നഷ്ടപ്പെട്ടത് പ്രതിരോധം മറന്നുള്ള കളിമൂലമാണ്. എന്നാൽ, കിരീടപോരാട്ടത്തിൽ പദ്ധതി ഭംഗിയായി നടപ്പാക്കാൻ ക്ലോപ്പിനായി. ഫൈനലിൽ നെഗറ്റീവ് ഫുട്‌ബോളിനെ കൃത്യതയോടെ അവതരിപ്പിച്ചതിലാണ് പരിശീലകനും ടീമും കിരീടമർഹിച്ചത്.
ടോട്ടനത്തിന് പിഴവുകളൊന്നും സംഭവിച്ചിട്ടില്ല. അപ്രതീക്ഷിതമായാണ് രണ്ടുഗോളുകൾ അവരുടെ വലയിൽ കയറിയത്. രണ്ടാം പകുതിയിൽ അവർ നന്നായി സമ്മർദംചെലുത്തി. എന്നാൽ, കോട്ടകെട്ടി കളിക്കുന്ന ലിവർപൂളിനെ ഇടിച്ചുനിരത്താൻ അവർക്ക് ഒരു ട്രോജൻ കുതിര ഇല്ലാതെപോയി.
ഇരുപകുതിയിലെയും ലിവർപൂളിന്റെ കളി ശ്രദ്ധിച്ചാൽ അവർ പ്രതിരോധം പൊളിയാതെ കളിക്കാനാണ് ശ്രദ്ധിച്ചതെന്ന് വ്യക്തമാകും. തുടക്കത്തിൽ ഒരു ഗോൾ വീണുകിട്ടിയതോടെ അവർക്ക് പദ്ധതി നന്നായി നടപ്പാക്കാനുള്ള ആത്മവിശ്വാസം കിട്ടി. വിങ്ബാക്കുകളായ ട്രെന്റ് അർനോൾഡിനെയും റോബർട്ട്‌സനെയും ആക്രമണത്തിന് നിയോഗിച്ചുള്ളതാണ് ക്ലോപ്പിന്റെ ഗെയിംപ്ലാൻ. എന്നാൽ, ഫൈനലിൽ ഈ തന്ത്രം ഫലംകണ്ടില്ല.
സ്വന്തം പകുതി വിട്ടുപോകാൻ ഇരുവർക്കും നിയന്ത്രണമുണ്ടായിരുന്നു. ഇതിനൊപ്പം മധ്യനിരക്കാരായ ഫാബീന്യോ-ഹെൻഡേഴ്‌സൻ-വിനാൾഡം ത്രയത്തെ പ്രതിരോധത്തിനുമുന്നിലായി, മധ്യഭാഗത്തേക്ക് ചേർത്തുപിടിച്ചാണ് ക്ലോപ്പ് കളി മുന്നോട്ടുകൊണ്ടുപോയത്. ടോട്ടനം മുന്നേറ്റത്തിലെ ഹാരി കെയ്ൻ-ഹ്യൂങ് മിൻ സൺ-ഡെലി അലി എന്നിവർക്ക് മധ്യഭാഗത്ത് സ്പേസ് അനുവദിക്കാതിരിക്കുകയെന്ന തന്ത്രമായിരുന്നു ഇത്. ഇതിനൊപ്പം ലിവർപൂൾ മുന്നേറ്റനിരയും അവശ്യഘട്ടങ്ങളിൽ താഴോട്ടിറങ്ങി. രണ്ടാം പകുതിയിലാണ് ഈ തന്ത്രം ശക്തമായി നടപ്പാക്കിയത്. വാൻഡെയ്ക്കിനും മാട്ടിപ്പിനും ഇടയിൽ കേന്ദ്രീകരിച്ചാണ് ഫാബീന്യോ കളിച്ചത്. വിനാൾഡത്തിന് പകരം പ്രതിരോധത്തിന് ഉപകരിക്കുന്ന ജെയിംസ് മിൽനറെ പകരക്കാരനാക്കി ക്ലോപ്പ് നയം വ്യക്തമാക്കി.
ടോട്ടനം പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോ, ആദ്യപകുതിയിൽ വിങ്ബാക്കുകളായ ഡാനി റോസിനെയും കരൺ ട്രിപ്പിയറെയും കയറിക്കളിക്കാൻ അനുവദിച്ചു. വിങ്ക്‌സും സിസോക്കോയും വലതുവശം ചേർന്നും സണ്ണും അലിയും ഇടതുഭാഗം ചേർന്നുമാണ് കളിച്ചത്. പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്‌സന് മധ്യഭാഗത്ത് പരന്നുകളിക്കാൻകൂടിയായിരുന്നു ഇത്. എന്നാൽ, ലിവർപൂൾ മധ്യഭാഗം അടയ്ക്കുകയും അവരുടെ വിങ് ബാക്കുകൾ പൊസിഷൻ സംരക്ഷിച്ച് കളിക്കുകയും ചെയ്തതോടെ ഈ തന്ത്രം പാളി.
രണ്ടാം പകുതിയിൽ എറിക്‌സനെ ഡിഫൻസീവ് റോളിലേക്ക് മാറ്റി കൂടുതൽ ഡ്രിബ്ലിങ് മികവുള്ള ലൂക്കാസ് മൗറയെ ആ പൊസിഷനിലേക്ക് കൊണ്ടുവന്നു. മൗറയുടെ വരവ് ടോട്ടനത്തിന്റെ ആക്രമണങ്ങളുടെ മൂർച്ചകൂട്ടി. ഇവരെ പ്രതിരോധിക്കാൻ മിൽനർ-ഫാബീന്യോ-വാൻഡെയ്ക്ക്-റോബർട്ട്‌സൻ എന്നിവരെ ചേർത്ത് മതിൽകെട്ടുകയായിരുന്നു ക്ലോപ്പ്.
രണ്ടാം പകുതിയിൽ റോബർട്ട്‌സൻ സ്വന്തം സ്ഥാനം വിട്ടുപോകാതെ കളിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു. പരിക്കുമാറിയെത്തിയ ഫിർമിനോയെ ക്ലോപ്പ് കൃത്യമായി പിൻവലിച്ചപ്പോൾ ടോട്ടനം നായകൻ ഹാരി കെയ്‌നിൽ അവസാനംവരെ വിശ്വാസമർപ്പിക്കാൻ ടോട്ടനം പരിശീലകൻ തയ്യാറായി. അന്തിമഫലത്തിൽ ഇതും നിർണായകമായി.
Content Highlights: Champions League Football Final Liverpool Tactics