ഫോര്‍മുല വണ്‍ കാര്‍ റാലിയില്‍ ഈ സീസണില്‍ ഇനി കിരീടപ്പോരാട്ടം ബാക്കിയില്ല. നവംബര്‍ മൂന്നിന് യു.എസ്. ഗ്രാന്‍പ്രീയില്‍ തന്നെ വിധിയെഴുത്ത് പൂര്‍ണമായി. ലൂയിസ് ഹാമിള്‍ട്ടന്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. മെഴ്‌സിഡസ് കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പും നേടി. പക്ഷേ, ഞായറാഴ്ച സാവോ പോളോയില്‍ നടക്കുന്ന ബ്രസീലിയന്‍ ഗ്രാന്‍പ്രീ വലിയൊരു ഓര്‍മ പുതുക്കലാണ്. അയര്‍ട്ടന്‍ സെന്ന എന്ന ഇതിഹാസം റേസ് ട്രാക്കില്‍ ജീവന്‍ വെടിഞ്ഞിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു.
1994ല്‍ സാന്‍ മരീനോ ഗ്രാന്‍ പ്രീയിലാണ് ബ്രസീലിന്റ സൂപ്പര്‍ താരം അപകടത്തില്‍ മരിച്ചത്. ഏഴാം ലാപ്പിലായിരുന്നു അപകടം. സെന്നയുടെ വില്യംസ് -റെനോ മുന്നിട്ടു നില്‍ക്കെയാണ് ട്രാക്കില്‍ നിന്നു തെന്നിമാറി കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചു തകര്‍ന്നത്. ഹെലികോപ്റ്റില്‍ ബോളോന്നയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേയ് ഒന്നിന് സെന്ന മരണത്തിന് കീഴടങ്ങി.
അപകടത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നേരിയ വിടവുകളിലൂടെ സെന്ന പറന്നു കയറുമായിരുന്നു എന്ന് ഫ്രഞ്ച് താരം അലെയ്ന്‍ പ്രാസ്റ്റ് പറഞ്ഞിട്ടുണ്ട്. താന്‍ ഒരിക്കലും സ്വയം മരണത്തിലേക്കു വീഴില്ല എന്നൊരു ചിന്ത അയര്‍ട്ടന്‍ സെന്നയ്ക്കുണ്ടായിരുന്നു. സെന്നയോടൊത്ത് മത്സരിച്ചപ്പോള്‍ ഭയം എതിരാളികള്‍ക്കായിരുന്നു. പക്ഷേ, 34 -ാം വയസില്‍ വിധി ആ ജീവന്‍ അപഹരിച്ചു.
കായികലോകം ഞെട്ടിവിറച്ച ദുരന്തം. പക്ഷേ, സെന്ന ഇന്നും മരിക്കാത്ത ഓര്‍മ, 41 ഗ്രാന്‍പ്രീ വിജയങ്ങളും മൂന്നു ലോക കിരീടങ്ങളും (1988,90,91) സ്വന്തമാക്കിയ സെന്നയുടെ 67 പോള്‍ പൊസിഷനുകള്‍ എന്ന റെക്കോര്‍ഡ് മറികടക്കാന്‍ മൈക്കല്‍ ഷുമാക്കര്‍ക്ക് 2006 വരെ കാത്തിരിക്കേണ്ടി വന്നു.
വിടവാങ്ങിയിട്ട് കാല്‍നൂറ്റാണ്ടായിട്ടും ആ പേരും മുഖവും ഇന്നും റേസിങ് ട്രാക്ക് ചരിത്രത്തില്‍, ബ്രസീലുകാരുടെ സാഹസിക ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കായിക പ്രേമികളില്‍ ആവേശത്തിന്റെ അഗ്‌നിച്ചിറകുകള്‍ തീര്‍ക്കുന്നു.
സെന്നയുടെ ഹെല്‍മെറ്റിന്റെ നിറമായ മഞ്ഞയും പച്ചയും പെയിന്റ് ചെയ്ത് ഒരു ബ്രസീലിയന്‍ ടിവി ഹെലികോപ്റ്റര്‍ ഏതാനും ദിവസമായി പറക്കുന്നു. സെന്ന കിരീട ജയം കൈവരിച്ച മക്‌ലാറന്‍ കാര്‍ പ്രദര്‍ശിപ്പിക്കപ്പെടും. അനന്തരവന്‍ ബ്രൂണോ സെന്നയാകും ഡ്രൈവിങ് സീറ്റില്‍. ജയിച്ചപ്പോഴൊക്കെ അമ്മാവന്‍ ചെയ്തിരുന്നതു പോലെ ബ്രൂണോയും ഇടയ്ക്ക് ബ്രസീലിയന്‍ പതാക സ്വീകരിക്കും. 60000 കാണികള്‍ സെന്നയുടെ മുഖം പെയ്ന്റ് ചെയ്ത ടീ ഷര്‍ട്ടും പതാകയുമായാണ് ഞായറാഴ്ച എത്തുക. ആറു തവണ ലോക ചാമ്പ്യനായ ഹാമിള്‍ട്ടന്‍ തന്റെ ബാല്യകാല ആരാധനാമൂര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന ഹെല്‍മെറ്റ് ധരിക്കും. സെബാസ്റ്റ്യന്‍ വെറ്റല്‍ മഞ്ഞയും പച്ചയും നിറമുള്ള റിസ്റ്റ് ബാന്‍ഡ് അണിയും. കുട്ടികള്‍ക്കായി സെന്നയുടെ പേരിലുള്ള സ്ഥാപനത്തിന്റെ ധനശേഖരണവും നടക്കുന്നു. സെന്നയുടെ ഓര്‍മകളില്‍, അദ്ദേഹത്തെ ഏറെ ആദരവോടെ കണ്ടിരുന്ന ഹാമിള്‍ട്ടനെയാകും ബ്രസീലുകാര്‍ പ്രോത്സാഹിപ്പിക്കുക.
Content Highlights: Ayrton Senna death anniversary 25 years Brazilian Grand Prix Formula 1