ഭാജിയുടെ ആ ഷോട്ടില്‍ ചെപ്പോക്ക് പൊട്ടിത്തെറിച്ചു, ഓസീസ് അപ്രമാദിത്വം അവസാനിച്ചിരിക്കുന്നു


അഭിനാഥ് തിരുവലത്ത്‌

9 min read
Read later
Print
Share

ഹര്‍ഭജന്‍ ബാറ്റുമെടുത്ത് സൗരവിന്റെ അടുത്തെത്തി ചോദിച്ചു, ഇനി എത്ര റണ്‍സ് വേണം? സ്‌കോര്‍ബോര്‍ഡിലേക്ക് നോക്കൂ എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. അങ്ങനെ നിശബ്ദമായ കാണികള്‍ക്കു മുന്നിലൂടെ പന്തുകൊണ്ട് ഇന്ത്യയ്ക്കായി അദ്ഭുതങ്ങള്‍ കാണിച്ച ഹര്‍ഭജന്‍ ക്രീസിലേക്ക്.

'കടുവകള്‍ ഗര്‍ജിക്കുന്നു, കംഗാരുക്കളേ നിങ്ങള്‍ സൂക്ഷിച്ചോളൂ'. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റിയെഴുതിയ 2001 മാര്‍ച്ച് 11-ലെ കൊല്‍ക്കത്ത ടെസ്റ്റിനു ശേഷം ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന അവസാന ടെസ്റ്റില്‍ ഉയര്‍ന്നുകണ്ട ഒരു ബാനറിലെ വാക്യമാണിത്. വാതുവെയ്പ്പ് വിവാദത്തിന്റെ ഇരുണ്ട കാലത്ത് നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഉയര്‍ത്തെഴുന്നേറ്റത് 2001-ലെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ പരമ്പരയിലായിരുന്നു. രാജ്യം തന്നെ ലോകത്തിനു മുന്നില്‍ തലതാഴ്ത്തി നിന്ന ആ കാലത്ത് നിന്ന് അക്ഷരാര്‍ഥത്തില്‍ ക്രിക്കറ്റ് ലോകത്തിനു മുന്നിലേക്ക് ഇന്ത്യ ഗര്‍ജനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചത് ആ പരമ്പര വിജയത്തിലൂടെയായിരുന്നു. ഇന്നേക്ക് പതിനെട്ടു വര്‍ഷം മുന്‍പായിരുന്നു ക്രിക്കറ്റ് ലോകം ഇന്ത്യയുടെ പോരാട്ടവീര്യത്തിന് സാക്ഷിയായത്.

ക്രിക്കറ്റ് ലോകത്തെ തന്നെ തങ്ങളുടെ ഉള്ളംകൈയിലിട്ട് അമ്മാനമാടുകയാണെന്ന തരത്തിലായിരുന്നു ആ കാലഘട്ടത്തിലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ശരീരഭാഷ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ 15 ടെസ്റ്റ് വിജയങ്ങള്‍. തുടര്‍ വിജയങ്ങളിലെ റെക്കോഡിലേക്ക് വേണ്ടത് രണ്ടേ രണ്ടു വിജയങ്ങള്‍. വാതുവെയ്പ്പ് വിവാദങ്ങളില്‍പ്പെട്ട് തകര്‍ന്നു കിടന്ന ഇന്ത്യ തങ്ങള്‍ക്ക് ഒരു ഇരയേ അല്ലെന്ന മട്ടിലാണ് സാക്ഷാല്‍ സ്റ്റീഫന്‍ റോഡ്ജര്‍ വോ എന്ന സ്റ്റീവ് വോയും സംഘവും ഇന്ത്യയിലെത്തിയത്. ഓസീസിന്റെ തുടര്‍ച്ചയായ 15 ടെസ്റ്റ് വിജയങ്ങളില്‍ പതിനാലിലും അവരെ നയിച്ചത് വോ ആയിരുന്നു. അതിന്റെ ആത്മവിശ്വാസം അദ്ദേഹത്തിന് ആവോളമുണ്ടായിരുന്നുതാനും. മാത്രമല്ല ഓസീസ് ടീമിന് എന്നും ബാലികേറാമലയായിരുന്ന ഇന്ത്യന്‍ മണ്ണില്‍ ഒരു പരമ്പര വിജയമെന്ന മോഹവും വോയുടെ ഉള്ളിലുണ്ടായിരുന്നു.

ആദ്യപോരാട്ടം മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സച്ചിനൊഴികെ മറ്റാര്‍ക്കും ഗ്ലെന്‍ മഗ്രാത്തും ഷെയ്ന്‍ വോണും ജേസണ്‍ ഗില്ലെസ്പിയും അടങ്ങിയ ബൗളിങ് നിരയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ 10 വിക്കറ്റിനായിരുന്നു ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ തോല്‍വി. അതോടെ ടെസ്റ്റില്‍ 16 തുടര്‍ജയങ്ങളെന്ന നേട്ടവും ഓസീസിന് സ്വന്തം.

എന്നാല്‍ ഇന്ത്യയുടെ പോരാട്ടവീര്യം എന്താണെന്ന് ഓസീസ് അറിഞ്ഞത് 2001 മാര്‍ച്ച് 11 മുതല്‍ 15 വരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 445 റണ്‍സെടുത്ത ഓസീസ് പന്തെടുത്തപ്പോള്‍ സച്ചിനും ഗാംഗുലിയും ദ്രാവിഡും ലക്ഷ്മണും അടങ്ങുന്ന ബാറ്റിങ് നിരയെ വെറും 171 റണ്‍സിന് എറിഞ്ഞിട്ടു. ടെസ്റ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ഹാട്രിക്ക് എന്ന നേട്ടം അന്ന് ഇരുപതുകാരനായിരുന്ന ഹര്‍ഭജന്‍ സിങ് സ്വന്തമാക്കിയതു മാത്രമായിരുന്നു ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് സന്തോഷിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യയെ ഫോളോഓണിനയച്ച വോ പോലും പിന്നീട് തലയില്‍ കൈവെച്ചിരുന്നുപോയ പ്രകടനമായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ (പ്രത്യേകിച്ചും ലക്ഷ്മണും ദ്രാവിഡും) പുറത്തെടുത്തത്. ആദ്യ ഇന്നിങ്‌സിലെ കേടുതീര്‍ത്ത് അവര്‍ കളംനിറഞ്ഞപ്പോള്‍ ഇന്ത്യയ്ക്ക് സ്വന്തമായത് 171 റണ്‍സിന്റെ ചരിത്ര ജയം. ഫോളോഓണ്‍ ചെയ്ത ശേഷം വിജയം നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ടീം എന്ന ഖ്യാതിയും കൊല്‍ക്കത്തയുടെ രാജകുമാരന്റെ പട അങ്ങനെ സ്വന്തമാക്കി. വി.വി.എസ് ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും 376 റണ്‍സിന്റെ കൂട്ടുകെട്ടും അന്നത്തെ വിജയവും ഇന്ത്യന്‍ ആരാധകര്‍ തങ്ങളുടെ ഓര്‍മ്മത്താളുകളില്‍ ഇന്നും സൂക്ഷിക്കുന്നു.

ഈഡനിലെ ചരിത്ര വിജയത്തോടെ പരമ്പര 1-1 ന് സമനിലയിലായി. അതോടെ പരമ്പര വിജയികളാരെന്ന് അറിയാന്‍ എല്ലാ കണ്ണുകളും 2001 മാര്‍ച്ച് 18-ന് ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലേക്കായി. രണ്ടാം ടെസ്റ്റിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു ടീം ഇന്ത്യ. ജയിച്ചെന്ന് കരുതിയ മത്സരം കൈക്കുമ്പിളില്‍ നിന്ന് അവിശ്വസനീയമായി ഊര്‍ന്നു പോകുന്നത് കണ്ട ഞെട്ടലിലായിരുന്നു ഓസീസ്. നാട്ടില്‍ ഇന്ത്യയെ വിലകുറച്ച് കണ്ടത് തിരിച്ചടിച്ചെന്ന് സ്റ്റീവ് വോയ്ക്ക് ബോധ്യം വന്നു. സ്പിന്നിനെ അകമഴിഞ്ഞ് തുണയ്ക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ ഷെയ്ന്‍ വോണിനൊപ്പം അങ്ങനെ 37-കാരനായ വലംകൈയന്‍ ഓഫ് സ്പിന്നര്‍ കോളിന്‍ മില്ലര്‍ ടീമിലെത്തി.

ഓസീസിനായി 18 ടെസ്റ്റുകള്‍ മാത്രം കളിച്ച മില്ലറുടെ അവസാന ടെസ്റ്റായിരുന്നു ഇത്. ഈ ഒരു മാറ്റം ഒഴിച്ചു നിര്‍ത്തിയാല്‍ കൊല്‍ക്കത്തയില്‍ ഇറങ്ങിയ അതേ ടീമിനെ തന്നെ വോ നിലനിര്‍ത്തി. ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഹര്‍ഭജന്റെ പന്ത് മൂക്കില്‍ കൊണ്ട് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ നയന്‍ മോംഗിയക്കു പകരം മുംബൈയില്‍ നിന്നുള്ള 32-കാരന്‍ സമീര്‍ ഡിഗെ ഇന്ത്യയ്ക്കായി അരങ്ങേറി. വലംകൈയന്‍ ലെഗ് ബ്രേക്ക് ബൗളറായ സായ്​രാജ് ബഹുതുലെയുടെയും അരങ്ങേറ്റ മത്സരമായിരുന്നു ഇത്. വെങ്കടേഷ് പ്രസാദിനു പകരം ഇടംകൈയന്‍ സ്പിന്നര്‍ നിലേഷ് കുല്‍ക്കര്‍ണിയും ടീമിലെത്തി. പ്രധാന ബൗളര്‍മാരുടെ പരിക്ക് ആ പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. അതിനാല്‍ തന്നെ ജവഗല്‍ ശ്രീനാഥ്, അജിത് അഗാര്‍ക്കര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാണ് ഇന്ത്യ അവസാന ടെസ്റ്റിനും ഇറങ്ങിയത്.

ടോസിന്റെ ഭാഗ്യം തുടര്‍ച്ചയായ മൂന്നാം വട്ടവും സ്റ്റീവിനെ തുണച്ചു. പച്ചപ്പിന്റെ ലാഞ്ചന പോലുമില്ലാത്ത പിച്ചില്‍ ആദ്യം ബാറ്റു ചെയ്യാന്‍ സ്റ്റീവിലെ തന്ത്രശാലിയായ ക്യാപ്റ്റന് അധികം ആലോചിക്കേണ്ടി വന്നില്ല. സ്പിന്നര്‍മാരുടെ പറുദീസയില്‍ നാലാം ഇന്നിങ്‌സിലെ ബാറ്റിങ് എത്രത്തോളം ദുഷ്‌കരമായിരിക്കുമെന്ന് അദ്ദേഹത്തിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയത് ഹര്‍ഭജന്‍ സിങ്ങെന്ന ഇരുപതുകാരന്റെ കാര്യത്തിലായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 17 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഭാജി, ചെപ്പോക്കില്‍ എത്രത്തോളം അപകടകാരിയാകുമെന്ന് അദ്ദേഹം ഓര്‍ത്തില്ല. ഷാര്‍ജാ കപ്പിനിടെ തോളിന് വേദന അലട്ടിയ അനില്‍ കുംബ്ലെയ്ക്ക് പകരം ലഭിച്ച അവസരം ഭാജി ശരിക്കും മുതലെടുക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ മൂന്നാം പന്തില്‍ തന്നെ സഹീര്‍ ഖാന്‍ ഞെട്ടിച്ചു. നാലു റണ്‍സുമായി മൈക്കല്‍ സ്ലേറ്റര്‍ പുറത്ത്. എന്നാല്‍ പരമ്പരയില്‍ മികച്ച ഫോം തുടര്‍ന്ന മാത്യു ഹെയ്ഡന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മേല്‍ കടന്നാക്രമണം നടത്താനാരംഭിച്ചു. രണ്ടാമതെത്തിയ ലാംഗര്‍ പുറത്തായ ശേഷം വോ സഹോദരങ്ങളുമൊത്ത് ഹെയ്ഡന്‍ സ്‌കോര്‍ മുന്നോട്ടു നയിച്ചു. ഇന്ത്യന്‍ സ്പിന്നര്‍മാരെ യാതൊരു പേടിയും കൂടാതെയാണ് അദ്ദേഹം നേരിട്ടത്. ഹെയ്ഡന്റെ ഇന്നിങ്‌സിലെ സ്വീപ് ഷോട്ടുകളുടെ എണ്ണം തന്നെ അതിന്റെ നേര്‍സാക്ഷ്യമായി. മൂന്നാം വിക്കറ്റില്‍ ഹെയ്ഡനൊപ്പം 150 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മാര്‍ക്ക് വോ (70) മടങ്ങിയത്.

എന്നാല്‍ ഹെയ്ഡനൊപ്പം സ്റ്റീവ് വോ ചേര്‍ന്നതോടെ ഓസീസ് സ്‌കോര്‍ ഉയര്‍ന്നു. ഇതിനിടെ ഭാജിയെ ഒരു സ്വീപ് ഷോട്ടിലൂടെ ബൗണ്ടറിയിലെത്തിച്ച് ഹെയ്ഡന്‍ തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയും സ്വന്തമാക്കി. പരമ്പരയിലെ ഹെയ്ഡന്റെ രണ്ടാം സെഞ്ചുറിയായിരുന്നു ഇത്.

മത്സരത്തിനിടെ ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചിനെ മറികടന്ന് ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടം സ്റ്റീവ് വോ സ്വന്തമാക്കുന്നതിനും ചെപ്പോക്ക് സാക്ഷിയായി. അലന്‍ ബോര്‍ഡറും സുനില്‍ ഗവാസ്‌കറും മാത്രമായിരുന്നു അന്ന് സ്റ്റീവിന് മുന്നിലുണ്ടായിരുന്നത്. ആദ്യ ദിനം ഹെയ്ഡന്റെ ഇന്നിങ്‌സിലൂടെ ഓസീസ് സ്വന്തമാക്കിയപ്പോള്‍. രണ്ടാം ദിനത്തിലേക്ക് ഇന്ത്യ ചില സര്‍പ്രൈസുകള്‍ ഒളിപ്പിച്ചു വെച്ചിരുന്നു.

രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ പാഡില്‍ തട്ടി വിക്കറ്റിലേക്കു വന്ന ഹര്‍ഭജന്റെ പന്ത് കൈകൊണ്ട് തട്ടിയതിന് സ്റ്റീവ് വോ (ഹാന്‍ഡിലിങ് ദ ബോള്‍) പുറത്തായി. ടെസ്റ്റ് ചരിത്രത്തില്‍ ഇത്തരത്തില്‍ പുറത്താകുന്ന ചുരുക്കം താരങ്ങളിലൊരാളായിരുന്നു വോ. തൊട്ടടുത്ത പന്തില്‍ തന്നെ റിക്കി പോണ്ടിങ് പുറത്ത്. നാലു റണ്‍സ് ചേര്‍ക്കുന്നതിനിടെ ആദം ഗില്‍ക്രിസ്റ്റിനെയും ഭാജി വിക്കറ്റിനു മുന്നില്‍ കുടുക്കി.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഹെയ്ഡന് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. വമ്പനടികളിലൂടെ അദ്ദേഹം സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ തുറന്നുകിട്ടിയ വഴിയിലൂടെ ഹര്‍ഭജന്‍ ഓസീസ് താരങ്ങളെ പവലിയനിലേക്ക് അയച്ചുകൊണ്ടിരുന്നു. നാലിന് 340 എന്ന നിലയില്‍ നിന്ന് 51 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന്റെ അവസാന ആറു വിക്കറ്റുകള്‍ ഭാജി വീഴ്ത്തി. 391 റണ്‍സിന് ഓസീസ് ഇന്നിങ്‌സിന് അവസാനമായി. ഇതിനിടെ ഹെയ്ഡന്‍ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേട്ടവും സ്വന്തമാക്കി. 320 പന്തുകള്‍ നേരിട്ട് ആറു സിക്‌സും 15 ബൗണ്ടറികളുമടക്കം 203 റണ്‍സെടുത്ത ഹെയ്ഡന്‍, ഭാജിയുടെ പന്തില്‍ ഏറ്റവും അവസാനമാണ് പുറത്തായത്. ഏഴ് ഓസീസ് വിക്കറ്റുകളാണ് ഹര്‍ഭജന്‍ ആദ്യ ഇന്നിങ്‌സില്‍ വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങില്‍ പരമ്പരയില്‍ ആദ്യമായി ഓപ്പണര്‍മാര്‍ ഫോമിലേക്കുയര്‍ന്നതോടെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സദഗോപന്‍ രമേശും ശിവസുന്ദര്‍ ദാസും മികച്ച സ്‌ട്രോക്ക് പ്ലേയുമായി കളം നിറഞ്ഞപ്പോള്‍ സ്റ്റീവ് വോയ്ക്ക് റിക്കി പോണ്ടിങ്ങിനെ വരെ പന്തേല്‍പ്പിക്കേണ്ടി വന്നു. മഗ്രാത്തിന്റെ ലൈനും ലെങ്ത്തും കൃത്യമായ പന്തുകള്‍ പോലും തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മുന്നേറി. വോണിന്റെ മാന്ത്രികതയെ ക്ഷമയോടെ നേരിട്ട ഇരുവരും ബൗളര്‍മാര്‍ക്ക് യാതൊരു പഴുതും നല്‍കിയില്ല. സ്റ്റീവിന്റെ ഫീല്‍ഡ് പ്ലേസിങ്ങിലെ തന്ത്രങ്ങളൊന്നും ഇരുവരെയും ഒട്ടും ബാധിച്ചില്ല. തന്റെ റൗണ്ട് ദ വിക്കറ്റ് നിന്ന് ഓഫ് സ്റ്റമ്പില്‍ പിച്ച് ചെയ്യുന്ന പന്തുകളെ രമേശ് കൂളായി ബൗണ്ടറി കടത്തുമ്പോള്‍ കാല്‍മുട്ടില്‍ കൈ താങ്ങി നില്‍ക്കുന്ന വോണിനെ ചെപ്പോക്കിലെ കാണികള്‍ പല ആവര്‍ത്തി കണ്ടു. വോ ഫീല്‍ഡര്‍മാരെ അറ്റാക്കിങ് പൊസിഷനില്‍ നിര്‍ത്തി സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചപ്പോള്‍ യഥേഷ്ടം ബൗണ്ടറികള്‍ കണ്ടെത്തിക്കൊണ്ടിരുന്ന ഇരുവരും ഡിഫന്‍സീവ് ഫീല്‍ഡ് ഒരുക്കുമ്പോള്‍ സിംഗിളുകളും ഡബിളുകളും കണ്ടെത്തി സ്‌കോര്‍ ഉയര്‍ത്തി.

ഒടുവില്‍ രമേശിനെ പുറത്താക്കി ഷെയ്ന്‍ വോണ്‍ തന്നെയാണ് ഓസീസിന് ആഗ്രഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ തന്റെ ഇഷ്ട ബാറ്റിങ് പൊസിഷന്‍ ഒരിക്കല്‍കൂടി ലഭിച്ച വി.വി.എസ് ലക്ഷ്മണ്‍ ക്രിസീലേക്ക്. ഈഡനിലെ ഹീറോയെ നിറഞ്ഞ കയ്യടികളോടെയാണ് ചെപ്പോക്ക് വരവേറ്റത്. എന്നാല്‍ ഈഡനില്‍ തന്നെ അടിച്ചുപരത്തിയ വി.വി.എസിനെ വോണ്‍ സ്വീകരിച്ചത് മറ്റൊരു തരത്തിലായിരുന്നു. തനിക്കു നേരെ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവ് കളിച്ച ലക്ഷ്മണു നേരെ വോണ്‍ പന്തെറിയുകയായിരുന്നു. എന്നാല്‍ അതൊന്നും ലക്ഷ്മണിന്റെ ഏകാഗ്രതയെ ഒട്ടും ബാധിച്ചില്ല. മറിച്ച് സ്‌കോറിങ് കുറച്ചുകൂടി വേഗത്തിലായെന്നു മാത്രം. കോളിന്‍ മില്ലറുടെ ഒരു ഓവറില്‍ മൂന്ന് ബൗണ്ടറികളോടെ വെറും 52 പന്തുകളില്‍ നിന്ന് അദ്ദേഹം അര്‍ധ സെഞ്ചുറി തികച്ചു. കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിക്കാനും ഇന്ത്യയ്ക്കായി.

എന്നാല്‍ മൂന്നാം ദിനത്തില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ദാസിനെ (84) പുറത്താക്കി മഗ്രാത്ത് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ വിക്കറ്റ് വീണതോടെ മൂകമാകേണ്ട ഗാലറി അലറിവിളിക്കുകയായിരുന്നു. കാരണം പിന്നീട് മൈതാനത്തേക്ക് കാലെടുത്ത് വെച്ചത് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു. വന്നപാടെ ഗില്ലെസ്പിക്കെതിരേ കവര്‍ഡ്രൈവിലൂടെ ബൗണ്ടറി നേടിയാണ് സച്ചിന്‍ തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 237-ല്‍ എത്തിയപ്പോള്‍ ലക്ഷ്മണിനെ (65) മഗ്രാത്ത്, മാര്‍ക്ക് വോയുടെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന് 22 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ ദ്രാവിഡ് ക്രീസിലെത്തിയതോടെ വോയും കൂട്ടരും വെള്ളം കുടിക്കാന്‍ തുടങ്ങി. സുന്ദരന്‍ സ്‌ട്രെയ്റ്റ് ഡ്രൈവുകളും കവര്‍ ഡ്രൈവുകളുമായി ലിറ്റില്‍ മാസ്റ്റര്‍ കളം പിടിച്ചു. വോണിന്റെ 'റൗണ്ട് ദ വിക്കറ്റ്' പന്തുകള്‍ക്കായി ലെഗ് സ്റ്റമ്പില്‍ ഗാര്‍ഡ് എടുത്തു നില്‍ക്കുന്ന സച്ചിന്‍ അക്കാലത്തെ സ്ഥിരം കാഴ്ചയായിരുന്നു. വോണിന്റെ പന്തുകളെ ബാക്ക് ഫൂട്ടില്‍ കവര്‍ ബൗണ്ടറിയിലേക്ക് സച്ചിന്‍ പറപ്പിച്ചുകൊണ്ടിരുന്നു. ഒരു രക്ഷയുമില്ലാതെ ഹെയ്ഡനെ കൊണ്ടുവരെ വോ പന്തെറിയിച്ചു. എന്നിട്ടും എന്ത് ഫലം. ഇതിനിടെ മില്ലറുടെ പന്തില്‍ സ്ലേറ്റര്‍ സച്ചിനെ വിട്ടുകളയുക കൂടി ചെയ്തതോടെ അത് ഓസീസിന്റെ ദിവസമല്ലെന്ന് വ്യക്തമായി. സച്ചിന്‍-ദ്രാവിഡ് സഖ്യം ക്രീസില്‍ ഉറച്ചതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് കണ്ടെത്തുകയും ചെയ്തു.

ഒടുവില്‍ മില്ലറെ സ്‌ട്രെയ്റ്റ് ബൗണ്ടറിക്ക് മുകളിലൂടെ സിക്‌സറിന് പറത്തി ആ കുറിയ മനുഷ്യന്‍ തന്റെ ടെസ്റ്റ് കരിയറിലെ 25-ാം സെഞ്ചുറിയും സ്വന്തമാക്കി. ക്രിക്കറ്റിലെ കോപ്പിബുക്ക് ഷോട്ടുകളെല്ലാം തന്നെ നിറം ചാര്‍ത്തിയ ഇന്നിങ്‌സായിരുന്നു അത്. ഒടുവില്‍ ദ്രാവിഡിനെയും സച്ചിനെയും പുറത്താക്കി ഗില്ലെസ്പി ഇന്ത്യയുടെ അംഗീകൃത ബാറ്റിങ് നിരയെ പവലിയനിലെത്തിച്ചു. 145-ാം ഓവറില്‍ സച്ചിന്‍ പുറത്താകുമ്പോള്‍ 468-ന് ആറ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ഓസീസ് 501-ന് പുറത്താക്കി. സ്പിന്നര്‍മാരായ വോണിന്റെയും മില്ലറുടെയും 88 ഓവറുകളില്‍ നിന്നു മാത്രം 300 റണ്‍സാണ് ഇന്ത്യ അന്ന് അടിച്ചുകൂട്ടിയത്. 110 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ മത്സരത്തിന്റെ കടിഞ്ഞാണും കൈക്കലാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ഹെയ്ഡനെ ഒരു ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കിയ സഹീര്‍ ഖാനാണ് ഇന്ത്യയ്ക്ക് ആശിച്ച തുടക്കം സമ്മാനിച്ചത്. എട്ടു വിക്കറ്റുമായി ഹര്‍ഭജന്‍ തിളങ്ങിയതോടെ ഓസീസ് ഇന്നിങ്‌സ് 264 റണ്‍സില്‍ അവസാനിച്ചു. 57 റണ്‍സെടുത്ത മാര്‍ക്ക് വോയ്ക്കും 47 റണ്‍സെടുത്ത സ്റ്റീവ് വോയ്ക്കും 48 റണ്‍സെടുത്ത സ്ലേറ്റര്‍ക്കും മാത്രമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

പരമ്പര ജയിക്കാന്‍ അവസാന ദിനം ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 155 റണ്‍സ്. 18-ന് റണ്‍സില്‍ ദാസിനെ മഗ്രാത്ത് മടക്കി. ലക്ഷ്മണും രമേശും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ ലക്ഷ്മണുമായുള്ള ധാരണപ്പിശകില്‍ രമേശ് റണ്ണൗട്ടായി. നിലയുറപ്പിച്ച ശേഷം പുറത്തായതിന്റെ മുഴുവന്‍ അമര്‍ഷവും ലക്ഷ്മണിനോട് പ്രകടിപ്പിച്ചാണ് രമേശ് അന്ന് മടങ്ങിയത്.

അപ്പോഴും ഇന്ത്യ വിജയ പ്രതീക്ഷയില്‍ തന്നെയായിരുന്നു. എന്നാല്‍ തോല്‍ക്കുന്ന ആ നിമിഷം വരെ പൊരുതുന്ന ഓസ്‌ട്രേലിയന്‍ വീര്യം ഇന്ത്യ കാണാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. 17 റണ്‍സെടുത്ത സച്ചിനെ ഉഗ്രനൊരു ബൗണ്‍സറിലൂടെ ഗില്ലെസ്പി സ്ലിപ്പില്‍ മാര്‍ക്ക് വോയുടെ കൈകളിലെത്തിച്ചപ്പോള്‍ ചെപ്പോക്ക് നിശബ്ദായി. അപ്പോഴും ലക്ഷ്മണ്‍ ക്രീസിലുള്ളത് ആരാധകര്‍ക്ക് പ്രതീക്ഷയായിരുന്നു. എന്നാല്‍ ഗാംഗുലിയും ദ്രാവിഡും പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 122 എന്ന നിലയിലേക്ക് വീണ്ടു. ചെപ്പോക്കിലെ ഗാലറിയിലും രാജ്യത്തെ ടിവി സെറ്റുകള്‍ക്ക് മുന്നിലും നിരാശ നിറഞ്ഞ മുഖങ്ങള്‍ മാത്രമായി. മൈതാനത്ത് ഓസീസ് താരങ്ങളുടെ ശരീര ഭാഷയിലും മാറ്റം വന്നു തുടങ്ങി. സ്‌കോര്‍ 135-ല്‍ നില്‍ക്കെ ബൗണ്ടറിയെന്നുറപ്പിച്ച തന്റെ ഷോട്ട് അവിശ്വസനീയമാം വിധം മാര്‍ക്ക് വോ പറന്നുപിടിച്ചതു കണ്ട് ലക്ഷ്മണ്‍ പോലും ഒരു നിമിഷം അത് വിശ്വസിക്കാനാകാതെ നിന്നു. 66 റണ്‍സോടെ ലക്ഷ്മണ്‍ മടങ്ങുമ്പോള്‍ ചെപ്പോക്കിലെ ഗാലറിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. ആ മത്സരത്തിലാകെ ആറു ക്യാച്ചുകളാണ് മാര്‍ക്ക് വോ സ്വന്തമാക്കിയത്.

അതേ സ്‌കോറില്‍ തന്നെ ഇന്ത്യയ്ക്ക് ബഹുതുലയേയും നഷ്ടമായി. ക്ലോസ് ഫീല്‍ഡിങ് ഒരുക്കി വോ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ തുടങ്ങി. എന്നാല്‍ അരങ്ങേറ്റക്കാരന്‍ സമീര്‍ ഡിഗെ ഒരറ്റത്ത് നിന്ന് ഇന്ത്യയെ വിജയത്തോടടുപ്പിക്കാന്‍ തുടങ്ങിയിരുന്നു. ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ മഗ്രാത്ത്, സഹീറിനെ സ്ലിപ്പില്‍ മാര്‍ക്ക് വോയുടെ കൈയിലെത്തിച്ചതോടെ ടെലിവിഷന്‍ സ്‌ക്രീനില്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ സമ്മര്‍ദം നിറഞ്ഞ മുഖം തെളിഞ്ഞുതുടങ്ങി.

ഹര്‍ഭജന്‍ ബാറ്റുമെടുത്ത് സൗരവിന്റെ അടുത്തെത്തി ചോദിച്ചു, ഇനി എത്ര റണ്‍സ് വേണം? സ്‌കോര്‍ബോര്‍ഡിലേക്ക് നോക്കൂ എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. അങ്ങനെ നിശബ്ദമായ കാണികള്‍ക്കു മുന്നിലൂടെ പന്തുകൊണ്ട് ഇന്ത്യയ്ക്കായി അദ്ഭുതങ്ങള്‍ കാണിച്ച ഹര്‍ഭജന്‍ ക്രീസിലേക്ക്. അപ്പോഴും വിജയത്തിലേക്ക് ഇന്ത്യയ്ക്ക് നാലു റണ്‍സ് വേണമായിരുന്നു. ഗില്ലെസ്പിയുടെ ഓവറില്‍ ഡിഗെയും ഭാജിയും ഓരോ റണ്‍ വീതം നേടി. അടുത്ത ഓവര്‍ എറിയാനെത്തിയത് പന്തില്‍ കൃത്യത കൊണ്ട് വിസ്മയം തീര്‍ക്കുന്ന മഗ്രാത്ത്. ക്രീസില്‍ ഹര്‍ഭജന്‍. ഫീല്‍ഡര്‍മാരെയെല്ലാം സര്‍ക്കിളിനുള്ളില്‍ നിര്‍ത്തി വോ ഫീല്‍ഡ് ഒരുക്കി. മഗ്രാത്തിന്റെ ഫുള്‍ ലെങ്ത് ആയി വന്ന പന്ത് പോയിന്റിലേക്കു കളിച്ച ഹര്‍ഭജന്‍ രണ്ടു റണ്‍സ് ഓടിയെടുക്കുന്നതിനൊപ്പം ചെപ്പോക്കിലെ ഗാലറി അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാമ്പില്‍ ഗാംഗുലി ദ്രാവിഡിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. അതെ രണ്ടു വിക്കറ്റ് ജയത്തോടെ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. അതും ആദ്യ ടെസ്റ്റില്‍ ദയനീയമായി തോറ്റ ശേഷം രണ്ടു ടെസ്റ്റുകളില്‍ കാഴ്ച വെച്ച പോരാട്ട മികവോടെ.

അങ്ങനെ ലോകക്രിക്കറ്റിലെ ഓസീസിന്റെ അപ്രമാദിത്വത്തിന് ഒരു 29-കാരന്‍ നേതൃത്വം നല്‍കിയ ടീം അന്ത്യം കുറിച്ചു. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്കു നയിച്ച ഒരുപിടി താരങ്ങളുടെ കണ്ടെത്തല്‍ കൂടിയായിരുന്നു ആ പരമ്പര. ഇരട്ട സെഞ്ചുറി നേടിയ ഹെയ്ഡനും 15 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജനും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം പങ്കുവെച്ചു. പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഭജനായിരുന്നു പരമ്പരയിലെ താരം. 'ടര്‍ബനേറ്റര്‍' എന്ന പേര് ഹര്‍ഭജന്‍ നേടുന്നതും ഈ പരമ്പരയോടെയായിരുന്നു. ഓസീസ് മാധ്യമങ്ങള്‍ തന്നെയാണ് താരത്തിന് ആ പേര് ചാര്‍ത്തിക്കൊടുത്തത്. പില്‍ക്കാലത്ത് 2011-ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തേക്കാളും വലിയ നേട്ടം 2001-ലെ ആ ടെസ്റ്റ് പരമ്പര ജയമായിരുന്നുവെന്ന് ഹര്‍ഭജന്‍ തുറന്നു പറയുകയും ചെയ്തു.

സൗരവ് ഗാംഗുലി എന്ന നായകനില്‍ ഇന്ത്യന്‍ ആരാധകര്‍ വിശ്വാസമര്‍പ്പിക്കുന്നതും ഈ പരമ്പരയോടെയായിരുന്നു. വാതുവെയ്പ്പ് വിവാദത്തിന്റെ കറുത്ത ഓര്‍മ്മകള്‍ മായ്ച്ചുകളയാനും ഒരു പരിധിവരെ ഈ വിജയത്തിനായി. ഈ പരമ്പരയ്ക്ക് മുന്‍പ് രണ്ടു വര്‍ഷത്തിനിടെ നടന്ന 14 ടെസ്റ്റുകളില്‍ ഏഴെണ്ണത്തില്‍ ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ജയിക്കാനായത് സിംബാബ്‌വെയ്ക്കും ന്യൂസീലന്‍ഡിനും എതിരേ നാട്ടിലും ബംഗ്ലാദേശിനെതിരേ ധാക്കയിലും മാത്രം. വാതുവെയ്പ്പ് വിവാദത്തില്‍ നിന്ന് ടീമിനെ കരകയറ്റാനായി തന്നില്‍ അടിച്ചേല്‍പ്പിച്ച ക്യാപ്റ്റന്‍ സ്ഥാനം 2000-ല്‍ സച്ചിന്‍ രാജിവെയ്ക്കുകയും ചെയ്തു. അവിടെ നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ 'ദാദ' യുഗത്തിന്റെ തുടക്കം. പരമ്പരയ്ക്കു മുന്‍പ് ഇന്ത്യയുടെ കഴിവു കുറച്ചു കണ്ട സാക്ഷാല്‍ സ്റ്റീവ് വോ വരെ ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയാണ് മടങ്ങിയത്. അതെ, അവര്‍ക്കറിയില്ലായിരുന്നു ഗാംഗുലി എന്താണെന്നും അയാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്തെല്ലാമായിരുന്നെന്നും.

Courtesy: Cricketopinions.com, news18.com, cricket.com.au

Content Highlights: australia india harbhajan singh 2001 series chennai border gavaskar tests

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram