മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി ആഷിഖ് കുരുണിയന്റെ ഇഷ്ട താരം ലയണല്‍ മെസ്സിയാണ്. ഇഷ്ട് ടീം അര്‍ജന്റഖീനയും. എന്നാല്‍ മെസ്സിയോടുള്ള പ്രണയം കുറച്ചുനേരത്തേക്ക് ആഷിഖ് മറന്നു, ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് മെസ്സിയെ മറികടക്കാനുള്ള ആ ഗോളിലേക്ക് വഴി കാണിച്ചപ്പോള്‍.
മത്സരത്തിന്റെ 27-ാം മിനിറ്റിലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിലെ സ്വപ്‌ന നിമിഷം. സുനില്‍ ഛേത്രിയെറിഞ്ഞ ത്രോബോള്‍ സ്വീകരിച്ച് ഇടത്തേ വിങ്ങിലൂടെ പെനാല്‍റ്റി ബോക്‌സിലേക്ക് കയറിയ ആഷിഖ് പോസ്റ്റ് ലക്ഷ്യമാക്കി ചിപ് ചെയ്തു. തായ് ഗോള്‍കീപ്പര്‍ ചചായി ബഡ്പ്രോമിന്റെ മേലില്‍ തട്ടി റീബൗണ്ട് ചെയ്ത പന്ത് നേരേ പ്രതിരോധതാരം തീരത്തോന്‍ ബുന്‍മദന്റെ കൈയില്‍ തട്ടി. അധികം കാത്തുനില്‍ക്കാതെ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുക്കാനെത്തിയത് സുനില്‍ ഛേത്രി. തായ് ഗോള്‍കീപ്പര്‍ക്ക് യാതൊരവസരവും നല്‍കാതെ ഛേത്രി പന്തിനെ പോസ്റ്റിലെത്തിച്ചു.
ഛേത്രിക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ 66-ാം ഗോള്‍. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമായി ഛേത്രി. അര്‍ജന്റീനക്കായി ലയണല്‍ മെസ്സി നേടിയ 65 ഗോളുകളെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പിന്നിലാക്കി. ആ ചരിത്ര പെനാല്‍റ്റിയിലേക്ക് നയിച്ചത് ആഷിഖിന്റെ ബൂട്ടുകളായിരുന്നു എന്നതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം.
അതു മാത്രമല്ല, 46-ാം മിനിറ്റിലെ ഛേത്രിയുടെ ഗോളിലും ആഷിഖിന്റെ കളിയുടെ സൗന്ദര്യം ആരാധകര്‍ കണ്ടു. വലതു വിങ്ങിലൂടെ മുന്നേറിയ ഉദാന്ത തായ് പെനാല്‍റ്റി ബോക്‌സ് ലക്ഷ്യമാക്കി ക്രോസ് ചെയ്തു. ആ പന്തിനെ ആഷിഖ് ഛേത്രിയിലേക്ക് വഴിതിരിച്ചുവിട്ടു. മനോഹരമായ ഷോട്ടിലൂടെ ചേത്രി പന്തിനെ പോസ്റ്റിന്റെ വലത്തേ മൂലയിലെത്തിച്ചു. ഇതോടെ മുന്നേറ്റത്തില്‍ ഛേത്രിക്കൊപ്പം ആഷിഖിനെ ഇറക്കിയ പരിശീലകന്‍ കോണ്‍സ്‌റ്റെന്റെയ്‌ന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല
2013-ല്‍ സുബ്രതോ കപ്പില്‍ എം.എസ്.പിക്കായി കളിച്ചുതുടങ്ങിയ ആഷിഖ് അണ്ടര്‍-19 ഇന്ത്യന്‍ ടീം വഴി പുണെ എഫ്.സിയിലും ഐ.എസ്.എല്ലിലുമെത്തി. അതിനിടയില്‍ ഈ ഇരുപത്തിയൊന്നുകാരന്‍ സ്‌പെയിനിലും പോയി പന്തുതട്ടി. ഈ സീസണ്‍ ഐ.എസ്.എല്ലില്‍ പുണെ സിറ്റി എഫ്.സിക്കായി മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയും തുറന്നു.
Content Highlights: Ashique Kuruniyan India vs Thailand AFC ASian Cup Football Sunil Chhetri Lionel Messi