ടിറ്റയെ പിന്തുടരുന്ന അര്‍ജന്റീന


അനീഷ് പി നായര്‍

3 min read
Read later
Print
Share

ജിദ്ദയിൽ നടന്ന സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മിറാന്‍ഡയുടെ ഇഞ്ചുറി ടൈം ഗോളില്‍ ബ്രസീലിനോട് തോറ്റെങ്കിലും പ്രതീക്ഷ ബാക്കിവെച്ചാണ് അര്‍ജന്റീനയുടെ ഭാവി ടീം കരക്ക് കയറിയത്.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലെ കനത്ത തോല്‍വിയും കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മോശം പ്രകടനവും ബ്രസീല്‍ ഫുട്‌ബോളിനെ മാറിചിന്തിക്കലിനു പ്രേരിപ്പിച്ചു. ദുംഗയുടെ പ്രതിരോധത്തിലൂന്നിയുള്ള കളിയില്‍ നിന്ന് പൊസഷനും ഹൈപ്രസ്സിങ്ങുമുള്ള ടിറ്റെയുള്ള കളിയിലേക്കുള്ള മാറ്റം അവിടെയാണ് തുടങ്ങിയത്.

ആഭ്യന്തര ഫുട്‌ബോളില്‍ മികച്ച റെക്കോഡുള്ള, അടിമുടി മാന്യനായ അഡെനോര്‍ ലിയനാര്‍ഡോ ബാഷിയെന്ന ടിറ്റെ ബ്രസീല്‍ ഫുട്‌ബോളില്‍ വരുത്തിയ മാറ്റങ്ങള്‍ ഒരു പാഠപുസ്തകം പോലെ സൂക്ഷിക്കാവുന്നതാണ്. റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തോടേറ്റ തോല്‍വി പോലും ടിറ്റെക്ക് നേരെ വിമര്‍ശനത്തിന്റെ അമ്പുകളെത്തിച്ചില്ല. കാരണം ബ്രസീല്‍ കളിക്കുന്നത് മികച്ച ഫുട്‌ബോളാണ്.

യൂറോപ്യന്‍ ഫുട്‌ബോളിന്റെയും ലാറ്റിനമേരിക്കന്‍ പരമ്പരാഗത ഫുട്‌ബോളിന്റെ മിശ്രിതം നന്നായി അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. യൂറോപ്യന്‍ പവര്‍ /ടാക്റ്റിക്‌സ് തന്ത്രങ്ങളേയും തെക്കേയമേരിക്കന്‍ കളിയഴകിനേയും ഒരേ തരത്തില്‍ നേരിടാന്‍ നാല് വര്‍ഷം കൊണ്ട് ടിറ്റെക്ക് കഴിഞ്ഞു. പറഞ്ഞു വരുന്നത് ടിറ്റെയുടെ ബ്രസീലിനെ കുറിച്ചല്ല, മറിച്ച് ടിറ്റെ തെളിയിച്ച വഴിയിലൂടെ കടന്നുവരാന്‍ ശ്രമിക്കുന്ന ലയണല്‍ സ്‌കാലോനിയേയും അര്‍ജന്റീന ടീമിനേയും കുറിച്ചാണ്.

ജിദ്ദയിൽ നടന്ന സൂപ്പര്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മിറാന്‍ഡയുടെ ഇഞ്ചുറി ടൈം ഗോളില്‍ ബ്രസീലിനോട് തോറ്റെങ്കിലും പ്രതീക്ഷ ബാക്കിവെച്ചാണ് അര്‍ജന്റീനയുടെ ഭാവി ടീം കരക്ക് കയറിയത്. നെയ്മറും കുടീഞ്ഞ്യോയും അടക്കമുള്ള ബ്രസീലിന്റെ ഏറെകുറേ സമ്പൂര്‍ണ ടീമിനോട് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിടത്താണ് അര്‍ജന്റീനയും താല്‍ക്കാലിക പരിശീലകന്‍ സ്‌കാലോനിയും ജയം നേടുന്നത്.

ബ്രസീലിനെതിരേ ഗംഭീര പ്രകടനമോ, കളിയിലോ, ആക്രമണത്തിലോ ടീമിന് ആധിപത്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ടീമിന്റെ ശരീര ഭാഷ വ്യത്യാസപ്പെട്ടിരിക്കുന്നു. റഷ്യന്‍ ലോകകപ്പില്‍ പരാജിതരെപോലെ കളിച്ച ടീമിനെയല്ല അറേബ്യന്‍ മൈതാനത്ത് കണ്ടത്. പൊരുതാന്‍ തയ്യാറായ ഒരു ടീമിന്റെ ബാല്യം അവര്‍ കാണിച്ചുതന്നു.

കളിക്കുന്ന കാലത്ത് വലതുവിങ് ബാക്കായും മധ്യനിരക്കാരനായും ഇറങ്ങിയിട്ടുണ്ട് സ്‌കാലോനി. ഏറെ കാലം കളിച്ചത് സ്‌പെയിനിലും പിന്നെ ഇറ്റലിയിലും. റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സാംപോളി രാജിവെച്ചതോടെയാണ് ജൂനിയര്‍ ടീം പരിശീലകനായ സ്‌കാലോനിയെ താല്‍ക്കാലിക ചുമതലയേല്‍പ്പിക്കുന്നത്. രണ്ട് ജയവും ഒന്ന് വീതം തോല്‍വിയും സമനിലയുമാണ് പരിശീലകന്റെ ക്രെഡിറ്റിലുള്ളത്. എന്നാല്‍ കൊളംബിയക്കെതിരേ നേടിയ സമനിലയും ബ്രസീലിനെതിരായ തോല്‍വിയുമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. കാരണം ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ, ഹിഗ്വെയ്ന്‍, ഹാവിയര്‍ മഷെറാനോ, ഏയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ വമ്പന്‍താരങ്ങളില്ലാതെയാണ് അര്‍ജന്റീന കളിക്കുന്നത്.

പരിശീലക ചുമതലയേറ്റെടുത്ത ശേഷം ബ്രസീലിനെ ടീമായി കളിക്കാനാണ് ടിറ്റെ പഠിപ്പിച്ചത്. സൂപ്പര്‍ താരം നെയ്മര്‍ പോലും ടിറ്റെക്ക് ഒരു കളിക്കാരന്‍ മാത്രമാണ്. അതും പകരക്കാരനുള്ള താരം. ആ രീതിയിലാണ് ബ്രസീല്‍ ടീമിനെ പുതുക്കിപ്പണിതത്. അതിന് വ്യക്തമായ കാരണവുമുണ്ട് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ നെയ്മര്‍ക്കേറ്റ പരിക്ക് ടീമിനേല്‍പ്പിച്ച ആഘാതം ടിറ്റെയുടെ മനസിലുണ്ടായിരുന്നു. യുവകളിക്കാരെ ആവോളം പരീക്ഷിച്ചും, എല്ലാ പൊസിഷനിലും മികച്ച പകരക്കാരെ കണ്ടെത്തിയുമാണ് ബ്രസീലിനെ ആര്‍ക്കെതിരേയും പൊരുതാവുന്ന ടീമാക്കി മാറ്റിയത്.

എതിരാളിയുടെ ഹാഫില്‍ കളിക്കുകയെന്നതാണ് ടിറ്റെയുടെ നയം. ബ്രസീലിന്റെ പരമ്പരാഗത നയങ്ങളിലൊന്നായ ഭാവനാത്മകത തിരികെകൊണ്ടുവന്നു. മധ്യനിരയുടെ കളി അത്തരത്തിലേക്ക് മാറ്റി. പ്രതിരോധം ശക്തമാക്കി. കയറികളിക്കുന്ന വിങ്ബാക്കുകള്‍ക്ക് കൃത്യമായ ലക്ഷമണരേഖയിട്ടു. ഒപ്പം നഷ്ടപ്പെട്ട അത്മവിശ്വാസം തിരികെ പിടിച്ചു. ഒഴുക്കോടെ, തലയുയര്‍ത്തി ബ്രസീല്‍ കളിക്കുന്നത് ഇതൊക്കെ കൊണ്ടാണ്.

ടിറ്റെയുടെ നയങ്ങളെ ചില്ലറ മാറ്റങ്ങളോടെ അവതരിപ്പിക്കാനാണ് സ്‌കാലോനി ശ്രമിക്കുന്നത്. ലയണല്‍ മെസ്സിയെന്ന സൂപ്പര്‍താരത്തെ മുന്‍നിര്‍ത്തി ടീമിനെ നിര്‍മ്മിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എഡ്വാര്‍ഡ് ബൗസയും സാംപോളിയുമൊക്കെ. മെസ്സിയെ മാറ്റി നിര്‍ത്തി പുതിയ ടീമിനെ സൃഷ്ടിച്ച ശേഷം സൂപ്പര്‍ താരത്തെ ചേര്‍ത്തുവെക്കാനാണ് ഇപ്പോഴത്തെ ശ്രമം.

ബ്രസീല്‍ ടീമില്‍ താരാധിപത്യത്തെ ടിറ്റെ മറികടന്നത് പരിചയസമ്പത്ത് കൊണ്ടാണെങ്കില്‍ അര്‍ജന്റീനയില്‍ മെസ്സിയുടേയും ഫെഡറേഷന്റെയും പിന്തുണയോടെ ഇത്തരത്തിലൊരു നീക്കമാണ് സ്‌കാലോനി നടത്തുന്നത്. ബ്രസീലിനെതിരേ കളിച്ച ടീമില്‍ ഗോളി റൊമേറോ, പ്രതിരോധത്തില്‍ നിക്കോളസ് ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ, പൗളോ ഡിബാല എന്നിവരാണ് പരിചയസമ്പന്നരുടെ കൂട്ടത്തില്‍പ്പെടുത്താവുന്നവരുള്ളത്.

4-3-3 ശൈലിയില്‍ കളിച്ച ടീമില്‍ ഡിബാല-മൗറോ ഇക്കാര്‍ഡി- ഏയ്ഞ്ചല്‍ കൊറേയ ത്രയം മുന്നേറ്റത്തില്‍ വന്നു. ഇതില്‍ ഇക്കാര്‍ഡിക്കായിരുന്ന ഫൈനല്‍ തേര്‍ഡിലെ ആക്രമണത്തിന്റെ മുഖ്യചുമതല. ജിയോവാനി ലോ സെല്‍സോ- റോഡ്രിഗോ ബാറ്റഗ്ലിയ-ലിയാന്‍ഡ്രോ പാരഡെസ് എന്നിവര്‍ മധ്യനിരയിലും റെന്‍സോ സാരാവിയ- ജെര്‍മന്‍ പെസെല്ല, നിക്കോളസ് ഓട്ടമെന്‍ഡി, നിക്കോളസ് ടിഗ്ലിയാഫിക്കോ എന്നിവര്‍ പ്രതിരോധത്തിലും കളിച്ചു. നെയ്മറെ നിഴല്‍ പോലെ പിന്തുടര്‍ന്ന സാരാവിയയും ബാറ്റഗ്ലിയോയും ശ്രദ്ധിക്കപ്പെട്ടു.

ഇറാഖിനെതിരെ 4-0ത്തിന് ജയിച്ച കളിയില്‍ മുന്നേറ്റത്തില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്, മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍, ഫ്രാങ്കോ വാസ്‌ക്വസ്, മാക്‌സിമിലിയാനോ മെസ്സ, പ്രതിരോധത്തില്‍ മാര്‍ക്കോസ് അക്യൂന, ഫ്യൂനസ് മോറി, ഫ്രബ്രിക്കോ ബുസ്‌തോസ് എന്നിവരേയും ആദ്യ ഇലവനില്‍ പരീക്ഷിച്ചിരുന്നു.

നിലവിലെ സ്‌ക്വാഡ് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അതില്‍ പഴയമുഖങ്ങള്‍ വളരെ കുറവാണ്. അറിയപ്പെടാത്ത മുഖങ്ങള്‍ ഏറെയുമുണ്ട്. ഇക്കാര്യത്തിലുമുണ്ട് ടിറ്റെയുമായി സാമ്യം. നിരവധി താരങ്ങളെ പരീക്ഷിച്ചാണ് ടിറ്റെ തന്റെ ടീമിനെ തയ്യാറാക്കിയെടുത്തത്.

ഡിബാല, ഇക്കാര്‍ഡി, ലോ സെല്‍സോ എന്നിവര്‍ക്ക് പുറമെ ലൗട്ടാറോ മാര്‍ട്ടിനെസ്, ജിയോവാനി സിമിയോണി, ഏയ്ഞ്ചല്‍ കൊറേയ, സാന്റിയാഗോ അസ്‌കാക്കിബാര്‍, ലിയാന്‍ഡ്രോ പാരഡെസ്, സാരാവിയ എന്നീ യുവതാരങ്ങള്‍ക്ക് നല്ലഭാവിയുണ്ട്.
എക്കാലത്തും പ്രതിരോധം അര്‍ജന്റീനക്ക് തലവേദനയായിരുന്നു. സ്‌കാലോനി പ്രതിരോധത്തിന് ഊന്നല്‍ നല്‍കി ഭാവനസമ്പന്നതയുള്ള ഗെയിംപ്ലാനാണ് ഉപയോഗിക്കുന്നത്. മെസ്സി ടീമിലേക്ക് തിരിച്ചെത്തുമ്പോഴേക്കും മൂര്‍ച്ചയുള്ള ആക്രമണ നിരയേയും ചലനക്ഷമതയുള്ള മധ്യനിരയേയും വാര്‍ത്തെടുക്കാനാണ് പരിശീലകന്റെ ശ്രമം. മെസ്സിക്കും ടീമിനും സമ്മര്‍ദമില്ലാതെ കളിക്കാന്‍ ഇതുമൂലം കഴിയും.

അടുത്ത നവംബര്‍ വരെയാണ് സ്‌കാലോനിയുടെ കാലാവധി. ടീമിന്റെ പ്രകടനം മോശമല്ലാത്തിനാല്‍ സ്ഥിരം ചുമതല ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റാകും മാറ്റുരക്കാനുള്ള ആദ്യ വേദി. കഴിഞ്ഞ ദിവസം ബ്രസീലിനെതിരെ കളിച്ചുനിര്‍ത്തിയേടത്തുനിന്ന് പടിപടിയായി ഉയര്‍ത്തികൊണ്ടുവന്ന് ടീമിനെ വിന്യസിക്കാന്‍ പരിശീലകന് കഴിയണം. തുല്യശക്തികളായി ബ്രസീലും അര്‍ജന്റീനയും കളിക്കുമ്പോഴാണ് ഫുട്‌ബോളിന് അതിന്റെ സൗന്ദര്യം തിരികെ ലഭിക്കുന്നത്.

Content Highlights: Argentina that following Brazil's Tite

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram