സ്വപ്‌നതുല്യമായ തുടക്കമാണ് യോര്‍ഗെ സാംപോളിയുടേത്. അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്ത ശേഷം ആദ്യ മത്സരത്തില്‍ ചിരവൈരികളായ ബ്രസീലിനെ തോല്‍പിച്ച് സൂപ്പര്‍ ക്ലാസിക്കോ കിരീടം. രണ്ടാം മത്സരത്തില്‍ സിംഗപ്പൂരിനെതിരെ വമ്പന്‍ ജയം. ലാറ്റിനമേരിക്കന്‍ ശക്തികളുടെ ഹോട്ട് സീറ്റില്‍ ഏതൊരു പരിശീലകനും മോഹിക്കുന്ന തുടക്കം.
വിജയങ്ങളേക്കാള്‍ സാംപോളിയുടെ പരീക്ഷണങ്ങളാണ് ശ്രദ്ധേയം. രണ്ട് മത്സരങ്ങളെ കഴിഞ്ഞിട്ടുള്ളുവെങ്കിലും തന്റെ കാലഘട്ടം ധീരമായ പരീക്ഷണങ്ങളുടേതാകുമെന്ന വ്യക്തമായ സൂചനയാണ് സിംഗപ്പൂരിനെതിരായ മത്സരം നല്‍കുന്നത്.
സാംപോളിയുടെ ക്രിസ്മസ് ട്രീ
ഫുട്‌ബോളില്‍ 3-6-1 ഫോര്‍മേഷനെ വിശേഷിപ്പിക്കുന്നത് ക്രിസ്മസ് ട്രീയെന്നാണ്. ഫോര്‍മേഷന്റെ ഷേപ്പാണ് ഇത്തരമൊരു വിശേഷത്തിലേക്ക് ടീമിനെ എത്തിക്കുന്നത്. അര്‍ജന്റീന ടീമില്‍ സാംപോളി ക്രിസ്മസ് ട്രീ നിര്‍മിക്കാനുള്ള ശ്രമമാണ് ആദ്യ രണ്ട് മത്സരങ്ങളിലും കണ്ടത്. 3-6-1 എന്ന അടിസ്ഥാന ഫോര്‍മേഷനിലാണ് രണ്ട് മത്സരങ്ങളിലും ടീം കളിച്ചത്. ബ്രസീലിനെതിരെ കളി പുരോഗമിച്ചപ്പോഴിത് 3-4-2-1/ 3-4-3 ശൈലിയിലേക്കും സിംഗപ്പൂരിനെതിരെ 2-4-3-1/ 3-3-3-1 ശൈലിയിലേക്കും മറിയെന്ന് വിലയിരുത്തലുകളുണ്ട്.
3-6-1 ഫോര്‍മേഷന്‍ ഫുട്‌ബോളില്‍ അപൂര്‍വമാണ്. അത്ര എളുപ്പത്തില്‍ വിജയിപ്പിക്കാന്‍ കഴിയുന്ന രീതിയില്ല ഈ ശൈലിയുടേത്. എന്നാല്‍ ആക്രമണത്തിനും പ്രതിരോധത്തിനും വൈവിധ്യം വരുത്താന്‍ ഏറെ കഴിയുന്നതുമാണിത്. എന്തായാലും സാംപോളി അര്‍ജന്റീനയിലെത്തിയപ്പോള്‍ ആറ് മധ്യനിരക്കാരെന്ന ഗണിതമാണ് കളത്തിലുപയോഗിക്കുന്നത്. മധ്യനിരക്കാരാല്‍ സമ്പന്നമായ ടീമിനെ സാംപോളിയെന്ന പരിശീലകന്‍ ഇതേ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ ആര് ഉപയോഗിക്കും.
ബ്രസീലിനെതിരെ 1-0ത്തിന് ജയിച്ച കളിയിലേക്ക് വരാം. നിക്കോളസ് ഒട്ടാമെന്‍ഡി-മെയ്ദാന-മെര്‍ക്കാഡോ ത്രയമാണ് പ്രതിരോധത്തില്‍ കളിച്ചത്. ഗോമസ്- ബിഗ്ലിയ- എവര്‍ ബനേഗ-എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ മധ്യനിരയില്‍-അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ മെസ്സിയും ഡിബാലയും സ്‌ട്രൈക്കര്‍ റോളില്‍ ഗോണ്‍സാലോ ഹിഗ്വയ്‌നും. 3-6-1 ശൈലിയുടെ അറ്റാക്കിങ് ശൈലിയാണിത്. സ്‌ട്രൈക്കര്‍ക്ക് പിന്നില്‍ രണ്ട് പേരെ നിയോഗിക്കുന്നത് എതിര്‍ പ്രതിരോധത്തില്‍ പഴുതുകള്‍ സൃഷ്ടിക്കാനും പാസ്സിങ്ങിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുമാണ്. മെസ്സി-ഡിബാല എന്നിവര്‍ക്ക് ഇക്കാര്യത്തിലുള്ള കഴിവ് അറിഞ്ഞുള്ള നീക്കമായി ഇതിനെ വിലയിരുത്താം. യുവന്റസിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ സുവാരസിന് പിന്നില്‍ മെസ്സിയെ കളിപ്പിച്ചത് ഇത്തരമൊരു തന്ത്രത്തിന്റെ ഭാഗമായിരുന്നു. ശക്തമായ യുവന്റസ് പ്രതിരോധത്തിന് മുന്നിലും മെസ്സിത്ത് തന്റെ ഭംഗിയാക്കാന്‍ കഴിഞ്ഞിരുന്നു.
അറ്റാക്കിങ് തേര്‍ഡില്‍ (കളിക്കളത്തെ മൂന്നാക്കി തിരിക്കുമ്പോള്‍ എതിര്‍ ടീമിന്റെ ഡിഫന്‍സീവ്് ഏരിയ) ടീമിന്റെ ആക്രമണത്തെ ഏകോപിക്കാന്‍ മെസ്സി-ഡിബാല സഖ്യത്തിന് കഴിയുമെന്ന തിരിച്ചറിവാണ് ഈ ഗെയിം പ്ലാനിലേക്ക് സാംപോളിയെ ആദ്യ മത്സരത്തില്‍ തന്നെ കൊണ്ടുപോയത്. ബ്രസീല്‍ ഡിഫന്‍സിന്റെ പരിചയസമ്പന്നതയും പുതിയ ഗെയിംപ്ലാനില്‍ അര്‍ജന്റീനതയുടെ പരിചയകുറവും മത്സരത്തില്‍ പ്രതിഫലിച്ചു. 3-6-1 ശൈലിയില്‍ കളിച്ചപ്പോള്‍ തന്നെ തന്നെ 3-4-3 എന്ന രീതിയിലേക്ക് പലപ്പോഴും ടീം മാറികൊണ്ടിരുന്നു. മെസ്സിയും മരിയയും ആക്രമണത്തിലേക്കും ഡിബാല മധ്യനിരയിലേക്കും ഇറങ്ങി മാറികൊണ്ടിരുന്നു.
സിംഗപ്പൂരിനെതിരായ കളി ഇതിലും രസകരമാണ്. താരതമ്യേന ദുര്‍ബലരായ ടീമിനെതിരെ പരീക്ഷണത്തിന് നല്ലൊരു അവസരമാണ് സാംപോളിക്ക് ലഭിച്ചത്. ഇത്തവണയും 3-6-1 ശൈലിയില്‍ ടീമിനെ ഇറക്കിയെങ്കിലും ബ്രസീലിനെതിരായ കളിയിലേ പോലെയുള്ള വിന്യാസമായിരുന്നില്ല. മമ്മാനയും ഫാസിയോയും മാത്രമാണ് ടീമിലെ പ്രതിരോധനിരക്കാര്‍. സ്വാഭാവികമായും നായകന്‍ ലൂക്കാസ് ബിഗ്ലിയോയെ പ്രതിരോധത്തിലേക്ക് ഇറക്കി 3-3-3-1 രീതിയിലായിരുന്നു ടീമിന്റെ ഘടന. സാല്‍വിയോ-ലാന്‍സിനി-അക്യുന എന്നിവര്‍ പ്രതിരോധത്തിലേക്ക് ഇറങ്ങിയും മരിയ-ഡിബാല-ഗോമസ് എന്നിവര്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡിലും ജോക്കിന്‍ കൊറേയ മുന്നേറ്റത്തിലും വന്നു. ഈ ശൈലിയെ 2-4-3-1 ആയും വിലയിരുത്തുന്നുണ്ട്. ബിഗ്ലിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലേക്ക് മാറുന്നതാണ് ഇതിലെ പ്രത്യേകത.
ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ ഉപകരിക്കുന്ന രീതിയാണിത്. വിങ്ങുകളിലൂടെയുള്ള ആക്രമണമാണ് ഇതില്‍ പ്രധാനം. മരിയയേയും ഗോമസിനേയും വൈഡായിട്ടാണ് കളിപ്പിച്ചത്. ഡിബാലയെ പ്ലേമേക്കര്‍ റോളിലേക്ക് കൊണ്ടുവന്നു. ആറ് ഗോളുകളും വ്യത്യസ്ത കളിക്കാരാണ് നേടിയതെന്ന് ഇതോടൊപ്പം ഓര്‍ക്കണം.
രണ്ടാമത്തെ മത്സരത്തില്‍ സാംപോളിയുടെ ചില ധീരമായ തീരുമാനങ്ങളെ ഓര്‍ക്കണം. കേവലം രണ്ട് പ്രതിരോധനിരക്കാരെ മാത്രം ടീമിലുള്‍പ്പെടുത്തിയതാണ് ഇതില്‍ പ്രധാനം. ഇതിന് പുറമെ കൊറേയ, ലാന്‍സിനി, ഡിബാല എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കി.
3-6-1 ശൈലിയിലേക്ക് തിരികെ വന്നാല്‍ ഇത് കളിക്കളത്തിലെ സമ്മര്‍ദ്ദ തന്ത്രമാണ്. എതിര്‍ ടീമിനെതിരെ മധ്യഭാഗത്ത് ശക്തമായ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ഈ ശൈലിക്ക് കഴിയും. രണ്ട് മികച്ച വിങ്ങര്‍മാരും സ്വീപ്പര്‍ റോളിലേക്ക് മാറാന്‍ കഴിയുന്ന ഗോള്‍കീപ്പറും ഇതിന് ആവശ്യമാണ്. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സുയുടെ പാസ്സിങ് ഗെയിമിനെ തടയാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പലവട്ടം ഈ ഫോര്‍മേഷനില്‍ കളിച്ചിട്ടുണ്ട്. മധ്യനിരയില്‍ നിരന്ന് നില്‍ക്കുന്ന ആറ് പേരില്‍ മൂന്ന് പേര്‍ക്ക് താഴോട്ടും മൂന്ന് പേര്‍ക്ക് മുകളിലേക്കും കളിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയുള്ള ഗെയിംപ്ലാനാണ് സാധാരണ രീതിയില്‍ ഉപയോഗിക്കാറ്. അടിസ്ഥാനപരമായ പ്രതിരോധത്തില്‍ ശ്രദ്ധിച്ച് ആക്രമണം മെനയുന്നതാണ് ശൈലിയുടെ പ്രത്യകത.
അര്‍ജന്റീനയുടെ സഹജമായ പ്രതിരോധദൗര്‍ബല്യം മറികടക്കാനും കൈയിലുള്ള വിഭവങ്ങളെ (മികച്ച മധ്യനിരക്കാര്‍) നന്നായി ഉപയോഗിക്കാനുമുള്ള സാംപോളിയുടെ തീരുമാനമാണ് രണ്ട് കളിയിലും പ്രതിഫലിച്ചത്. ശക്തമായ പ്രത്യാക്രമണം നടത്തുന്ന ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ മാത്രമാണ് 3-6-1 ശൈലിയില്‍ വിന്യസിക്കപ്പെടുന്ന ടീം ബുദ്ധിമുട്ടാറുള്ളത്.
കളിക്കളത്തില്‍ കടുപ്പക്കാരനാണ് സാംപോളി. അര്‍ജന്റീനയെ പരിശീലിപ്പിക്കുന്നത് ജീവിത ലക്ഷ്യമായി കണ്ടയാളും. നിര്‍ണായകഘട്ടത്തില്‍ ടീമിന്റെ ചുമതല ലഭിക്കുമ്പോള്‍ സാംപോളിക്ക് മുന്നില്‍ അവസരങ്ങളും മികച്ച കളിക്കാരമുണ്ട്. ക്രിസ്മസ് ട്രീ പരീക്ഷണം ഒരു തുടക്കമാണ്. ഭംഗിയുള്ള കളിയും വിജയങ്ങളും കൊണ്ടുവരാനുള്ള ആദ്യചുവടുവെപ്പ്.