നിരവധി നല്ല ബാറ്റ്സ്മാന്‍മാര്‍ ഉണ്ടാവുക എന്നതല്ല ടീം ഒരുക്കുമ്പോള്‍ ഓരോ പൊസിഷനിലും ഏറ്റവും അനുയോജ്യരായവരെ എത്തിക്കുക എന്നതാണ് ഒരു ക്യാപ്റ്റന്റെ ഏറ്റവും വലിയ വെല്ലുവിളി. മികച്ച ബാറ്റ്സ്മാന്‍മാര്‍ ഏറെ ഉണ്ടായിരുന്നിട്ടും ഏറെക്കാലമായി ഇന്ത്യയുടെ തലവേദനയാണ് നാലാം നമ്പര്‍ പൊസിഷന്‍. മധ്യനിരയിലേക്കുള്ള കവാടമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പൊസിഷനില്‍ ധോനി മുതല്‍ പാണ്ഡ്യ വരെയുള്ളവരെ കളിപ്പിച്ചിട്ടും കൃത്യമായൊരു പരിഹാരം കണ്ടെത്താന്‍ ഇന്ത്യക്കായിരുന്നില്ല.
രോഹിതും ധവാനും ഓപ്പണ്‍ ചെയ്യുന്ന കോലി മൂന്നാമനായെത്തുന്ന ഇന്ത്യന്‍ മുന്‍നിര പ്രതീക്ഷിക്കാവുന്നതിലും ശക്തമാണ്. ധോനി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിരയിലും ആശങ്കയ്ക്ക് വകയില്ല. എന്നാല്‍, സുപ്രധാന നാലാം നമ്പറില്‍ ആര് എന്ന ചോദ്യം ദക്ഷിണാഫ്രിക്കയുമായുളള ഏകദിന പരമ്പരയിലും ക്യാപ്റ്റന്‍ കോലിയ്ക്ക് മുന്നിലുണ്ടായിരുന്നു. ആദ്യ ഏകദിനത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോലി നാലാം നമ്പറില്‍ അസ്ഥിരതയെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ഒരിടവേളയ്ക്ക് ശേഷം നാലാമനായി പരീക്ഷിക്കപ്പെട്ട അജിങ്ക്യ രഹാനെ എന്ന മുംബൈക്കാരന്‍ ആദ്യ മത്സരത്തില്‍ തന്നെ കോലിയ്ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്നിങ്സ് രഹാനെയുടെ കരിയറിലെ മികച്ച ഇന്നിങ്സുകളില്‍ ഒന്നെന്നല്ല അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായ ഇന്നിങ്സ് എന്നാകാം കാലം വിലയിരുത്താന്‍ പോകുന്നത്. കാരണം, ഒരുപക്ഷേ ടീം ഇന്ത്യയില്‍ തന്റെ സ്ഥാനം രഹാനെ അരക്കിട്ടുറപ്പിക്കാന്‍ പോകുന്നത് ഈയൊരു ഇന്നിങ്സ് കൊണ്ടാകാം.
Records shatter when you take a stand for what matters. #ViratKohli and #AjinkyaRahane thank you for your #ContinuousProtection during the match. #INDvSApic.twitter.com/AJ3jlVXeRF
— Castrol Cricket (@castrolcricket) February 2, 2018
രഹാനെയുടെ സാങ്കേതികത്തികവിലും വിദേശ പിച്ചുകളിലെ ഉള്‍പ്പെടെയുള്ള പ്രകടനമികവിലും ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. പക്ഷേ, ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സാന്നിധ്യമുറപ്പിക്കാന്‍ രഹാനെയ്ക്കായിരുന്നില്ല. പലപ്പോഴും തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സൈഡ് ബെഞ്ചിലിരിക്കേണ്ടിവന്നു. ചിലപ്പോള്‍, അവസരം ലഭിച്ചിട്ടും മുതലാക്കാനാകാതെപോയി.
ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ട് ആറു വര്‍ഷം കഴിഞ്ഞിട്ടും രഹാനെ ആകെ കളിച്ചിട്ടുള്ളത് 85 ഏകദിനങ്ങള്‍. കരിയര്‍ റെക്കോഡും അദ്ദേഹത്തിന്റെ പ്രതിഭയോട് നീതി പുലര്‍ത്തുന്നതല്ല. 35.81 ശരാശരിയില്‍ 2901 റണ്‍സ്. സെഞ്ചുറികള്‍ മൂന്നെണ്ണം മാത്രം. അതേസമയം 24 തവണ താരം അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്.
ബാറ്റിങ് പ്രതിഭകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇന്ത്യയില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥിരമായ സ്ഥാനമുറപ്പിക്കാനാകാതെ പോയതാണ് രഹാനെയ്ക്ക് തിരിച്ചടിയായത്. തന്റെ 83 ഇന്നിങ്സുകളില്‍ 54 തവണയും രഹാനെ ഇറങ്ങിയത് ഓപ്പണറായിട്ടായിരുന്നു. 36.54 ശരാശരിയില്‍ 1937 റണ്‍സാണ് ഓപ്പണറായി രഹാനെ നേടിയിട്ടുള്ളത്. സ്ട്രൈക്ക് റേറ്റ് 77.23.
ഓപ്പണിങ് കഴിഞ്ഞാല്‍ മുംബൈ താരം ഏറ്റവും കൂടുതല്‍ തവണ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ളത് നാലാമനായാണ്. 21 ഇന്നിങ്സുകളില്‍ 39.10 ശരാശരിയില്‍ 782 റണ്‍സ് രഹാനെ നാലാമനായി നേടിയിട്ടുണ്ട്. 85.83 സ്ട്രൈക്ക് റേറ്റുമുണ്ട്. മൂന്നാമനായി അഞ്ചു തവണയും ആറും ഏഴും പൊസിഷനുകളില്‍ രണ്ടു പ്രാവശ്യം വീതവും കളിച്ചിട്ടുണ്ടെങ്കിലും നാലാമനായി തന്നെയാണ് രഹാനെയുടെ മികച്ച റെക്കോഡ്.
മധ്യനിരയില്‍ സാങ്കേതികത്തികവുള്ള ബാറ്റ്സ്മാനായി പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളപ്പോഴും പകരക്കാരന്‍ ഓപ്പണറായാണ് രഹാനെ ടീമിലെത്തിയിരുന്നത്. അതുകൊണ്ടുതന്നെ അവസാന ഇലവനില്‍ നിന്ന് തഴയപ്പെടാനായിരുന്നു പലപ്പോഴും താരത്തിന്റെ നിയോഗം. മധ്യനിരയില്‍ അവസരം ലഭിച്ചപ്പോഴെല്ലാം രഹാനെ തന്റെ മൂല്യം തെളിയിക്കുകയും ചെയ്തു. 2015 ലോകകപ്പിലെ പ്രകടനം തന്നെ ഉദാഹരണം. 79, 33*, 19, 19, 44 എന്നിങ്ങനെയാണ് ലോകകപ്പില്‍ നാലാമനായി ഇറങ്ങിയ ഇന്നിങ്സുകളില്‍ രഹാനെ സ്‌കോര്‍ ചെയ്തത്. എന്നാല്‍, ലോകകപ്പിന് ശേഷവും മധ്യനിരയില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ രഹാനെയ്ക്കായില്ല.
അടുത്ത വര്‍ഷത്തെ ലോകകപ്പ് മുന്നില്‍ കണ്ട് നാലാം സ്ഥാനത്തേക്ക് മികച്ചൊരു താരത്തിനായുള്ള അന്വേഷണം വീണ്ടും രഹാനെയില്‍ എത്തിനില്‍ക്കുകയാണെന്നാണ് ദക്ഷിണാഫ്രിയ്ക്കക്ക് എതിരായ ആദ്യ ഏകദിനം സൂചിപ്പിക്കുന്നത്. ധോനിയെയും ദിനേശ് കാര്‍ത്തിക്കിനെയും ഹാര്‍ദിക് പാണ്ഡ്യയെയും വരെ പരീക്ഷിച്ച ശേഷമാണ് കോലി ഇപ്പോള്‍ രഹാനെയില്‍ എത്തിയിരിക്കുന്നത്. മുന്‍നിരയും ലോവര്‍ മിഡില്‍ ഓര്‍ഡറും ശക്തമായ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ദുര്‍ബലമായ കണ്ണി തന്നെയാണ് നിലവില്‍ നാലാം നമ്പര്‍. തനിക്ക് ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ നാലാം നമ്പറില്‍ കോലിയുടെ വിശ്വാസം കാക്കാന്‍ രഹാനെയ്ക്കായി.
മധ്യ ഓവറുകളില്‍ വലിയ റിസ്‌കുകളെടുക്കാതെ ഇന്നിങ്സ് നയിക്കാനുള്ള കഴിവും വിക്കറ്റുകള്‍ക്കിടയിലെ മികച്ച ഓട്ടവും രഹാനെയെ നിര്‍ണായകമായ നാലാം നമ്പറിലേക്കുള്ള ഏറ്റവും ശക്തനായ പോരാളിയാക്കുന്നു. വിദേശ പിച്ചുകളിലെ മികച്ച റെക്കോഡും ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഉള്‍പ്പെടെ രഹാനെയെ കൂടുതല്‍ അനുയോജ്യനാക്കുന്നു. അതേസമയം, സ്‌കോറിങ് വേഗം കൂട്ടേണ്ടിവരുമ്പോള്‍ വിക്കറ്റ് നഷ്ടമാകുന്നതാണ് രഹാനെയുടെ ദൗര്‍ബല്യം. ബോളിന്റെ കാഠിന്യം നഷ്ടപ്പെടുമ്പോള്‍ താരത്തിന്റെ സ്‌കോറിങ് വേഗവും കുറയുന്നു എന്ന വിമര്‍ശനവുമുണ്ട്.
എന്നാല്‍, ദക്ഷിണാഫ്രിക്കക്ക് എതിരായ അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും ആദ്യ ഏകദിനത്തിലും രഹാനെ പുറത്തെടുത്ത പോസിറ്റീവ് ബാറ്റിങ് ഏറെ ശ്രദ്ധേയമാണ്. അപ്പര്‍കട്ടും ഇന്‍സൈഡ് ഔട്ടും ലോഫ്റ്റഡ് ഷോട്ടുകളുമായി രഹാനെ തന്റെ ആക്രമണോത്സുകത തേച്ചുമിനുക്കുകയും ചെയ്തിട്ടുണ്ട്. കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ തുടങ്ങി ഒരുപിടി താരങ്ങള്‍ ടീമിനകത്ത് തന്നെയുള്ളപ്പോള്‍ മധ്യനിരയില്‍ സ്ഥാനമുറപ്പിക്കുക എന്നത് രഹാനെയെ സംബന്ധിച്ച് എളുപ്പമാകില്ല. എന്നാല്‍, ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മികച്ച ഫോം നിലനിര്‍ത്താനായാല്‍ അത് രഹാനെയ്ക്ക് മാത്രമാകില്ല ടീം ഇന്ത്യക്ക് തന്നെ ഏറെ ഗുണകരമാകും.
Content Highlights: Ajinkya Rahane and Indias conundrum of the number four position