വെന്റിലേറ്ററില്‍ നിന്ന് ദുഖഭാരത്തോടെ ഡാര്‍ളി ഇറങ്ങി വരുമ്പോഴാണ് ആദ്യമായി ഞാന്‍ അവളെ കാണുന്നത്. അകത്തു കിടന്നത് അവളുടെ പ്രാണനായിരുന്നന്നു, ഒരേ ഒരു സന്താനം. മൂന്നാഴ്ച മുമ്പാണത്, കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ ഒമ്പതിന്. കോട്ടയം മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവിന്റെ വാര്‍ഡിന്റെ സങ്കടം മൂടിനില്ക്കുന്ന ഇടനാഴിയില്‍ ബന്ധുക്കളും നാട്ടുകാരില്‍ ചിലരും അവളെ പൊതിഞ്ഞു. ഡോക്ടര്‍ എന്തു പറഞ്ഞെന്നാണ് എല്ലാവര്ക്കും അറിയേണ്ടത്.
''അവനെ തൊട്ടപ്പോള്‍ ഞെട്ടിയതുപോലെ, പേരു വിളിച്ചപ്പോള്‍ അനങ്ങി. അവന് എല്ലാം ഉള്ളില്‍ അറിയുന്നുണ്ടാവും''ഡാര്‍ളി പറഞ്ഞതുകേട്ട് എല്ലാവര്ക്കും ആശ്വാസം.
തിരക്കൊഴിഞ്ഞപ്പോള്‍ ഞാനവള്‍ക്കരികിലേക്കു ചെന്നു. സംസാരിച്ചു. കുറേനേരം ഒരുമിച്ചിരുന്നു, പ്രാര്‍ത്ഥനയോടെ... ഭര്‍ത്താവ് ബിനുവിനോടും സംസാരിച്ചു. മനോഭാരത്തിനിടയിലും അവള് സമചിത്തതയോടെ പറഞ്ഞു, 'ദൈവഹിതം ചോദ്യം ചെയ്യാന്‍ നമ്മള്ക്കവകാശമില്ലല്ലോ, ദൈവത്തിന് അവനെ ആരോഗ്യത്തോടെ തിരിച്ചുതരാന്‍ ഇഷ്ടമുണ്ടെങ്കില്‍ തരട്ടെ, അത്ഭുതം കാട്ടാന്‍ ദൈവത്തിനു കഴിയും...'
മോന് ജീവിതത്തിലേക്ക് തിരിച്ചു വരും..ഞാനവളെ ആശ്വസിപ്പിച്ചു.. ദിവസങ്ങള്‍ നീങ്ങി. ഡാര്‍ളിയും ഭര്‍ത്താവും വെന്റിലേറ്ററിന്റെ പുറത്തായി കാത്തിരുന്നു. മോന് കണ്ണൊന്നു തുറന്നാലോ,അമ്മേയെന്നു വിളിച്ചാലോ,ഓടിചെല്ലേണ്ടേ.. വാര്‍ത്ത അറിഞ്ഞവരെല്ലാം അവനു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. പിന്നീട് പലപ്പോഴും ഡാര്‍ളിയെ വിളിച്ചു. മോന് അതേ അവസ്ഥയില്‍ തന്നെയാണ് ചേച്ചി.. മറുപടി ഒറ്റവാക്കിലൊതുങ്ങി. ഒക്ടോബര്‍ 22-ന് ഡാര്‍ളിയുടെയും ബിനുവിന്റെയും സൂര്യന് അസ്തമിച്ചു. അഫീല്‍ പോയി.
ഇന്നലെ ഞാന്‍ ഡാര്‍ളിയെ വീണ്ടും വിളിച്ചു. മറുതലയ്ക്കല്‍ അവളുടെ സങ്കടത്തില്‍ പൊതിഞ്ഞ ഹലോ, പിന്നെ നിശബ്ദത...ചോദിക്കാനും പറയാനും ഞങ്ങള്‍ക്കിടയില്‍ ഒന്നുമുണ്ടായില്ല. ചിലപ്പോള്‍ നമ്മള് അത്തരം നിമിഷങ്ങളില്‍ പെട്ടുപോകുമല്ലോ. പിന്നെ വെറുതേ ഞാന്‍ ചോദിച്ചു, വീട്ടില്‍ ആരെങ്കിലും ഉണ്ടോ. ബന്ധുക്കള്‍ എല്ലാവരും ഉണ്ടെന്നു മറുപടി.
അഫീലിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഞാനവള്‍ക്ക് അയച്ചുകൊടുത്തിരുന്നു. അതവനാണോ? ഞാന്‍ ചോദിച്ചു. 'അല്ല,അത് അവനല്ല ചേച്ചി, ഫെയ്ക്ക് ആണത്.' ഡാര്‍ളി പറഞ്ഞു. കഷ്ടം, ആരുടെയോ കുബുദ്ധിയില്‍ തോന്നിയ ഒരു സൃഷ്ടി. ജീവിച്ചിരിക്കുന്ന ഒരു കുട്ടിയുടെ പാട്ടിന്റെ വീഡിയോ ആണ് അഫീലിന്റേതായി പ്രചരിപ്പിക്കുന്നത്. രണ്ടു അച്ഛനമ്മമാരാണ് ഇതു കണ്ട്് വേദനിക്കുന്നതെന്നു നമ്മള് മറക്കുന്നു.
പിറ്റേന്ന് ഡാര്‍ലി വാട്സാപ്പില്‍ എനിക്കൊരു വീഡിയോ അയച്ചുതന്നു. പള്ളിയിലെ ഗായകസംഘത്തിനൊപ്പം സംഗീതം പരിശീലിക്കുന്ന അഫീലിന്റെ വീഡിയോ. അവന്റെയൊപ്പം പാടാന്‍ അച്ഛനും അമ്മയുമുണ്ട്. പിന്നിലായി നീല ഷര്‍ട്ടിട്ട് അവന്..ആരോ മോബൈല്‍ഫോണില്‍ വെറുമൊരു രസത്തിനുവേണ്ടി എപ്പോഴോ റെക്കോര്‍ഡു ചെയ്ത പാട്ട്. അഫീല്‍ ലയിച്ചു പാടിയ ആ പ്രശസ്തമായ പാട്ടിന്റെ വരികള്‍ കേട്ട് എന്റെ ഹൃദയം തേങ്ങിപ്പോയി. അതിന്റെ വരികള്‍ ഇങ്ങനെയായിരുന്നു..'വേഗം നാം ചേര്‍ന്നിടും, ഭംഗിയേറിയ ആ തീരത്ത്..'
ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ കാത്ത് ശോഭയേറിയ ഒരു നാടുണ്ടെന്നും ആ ഭംഗിയേറിയ സ്ഥലത്ത് എത്രയും വേഗം നമ്മള് ചെന്നു ചേരുമെന്നുമായിരുന്നു അവന് 16-ാം വയസ്സില്‍ പാടി അവസാനിപ്പിച്ചത്. അവിടെത്തന്നെ അവന് എത്തിച്ചേര്‍ന്നു എന്ന് ആശ്വസിച്ച് ബിനുവും ഡാര്‍ളിയും സങ്കടവും പ്രയാസവും ഒരുമിച്ച് നേരിടുകയാണ്, സധൈര്യം.
Content Highlights: Abheel Johnson hammer accident death school sports meet