ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവ്‌രാജ് സിങ് എന്ന ഇടംകൈയനെ അടയാളപ്പെടുത്താന്‍ നിരവധി മത്സരങ്ങളുണ്ട്. ഓസീസ് മണ്ണിലെ സെഞ്ചുറിയും നാറ്റ്‌വെസ്റ്റ് ട്രോഫി വിജയവും ട്വന്റി 20, ഏകദിന ലോകകപ്പ് പ്രകടനങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ യുവിയെന്ന പോരാളിയുടെ ചിത്രം കാണുമ്പോള്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ആദ്യ എത്തുക സ്റ്റുവര്‍ട്ട് ബ്രോഡിനെ പഞ്ഞിക്കിട്ട 2007-ലെ ട്വന്റി 20 ലോകകപ്പിലെ ആ ഓവറാണ്. യുവി ആറാടിയ ആ ആറു പന്തുകള്‍.
ദക്ഷിണാഫ്രിക്കയിലെ കിങ്‌സ്മീഡ് മൈതാനത്ത് യുവിയോട് കൊളുത്തിയത് ആന്‍ഡ്രു ഫ്‌ളിന്റോഫായിരുന്നെങ്കിലും അതിന് പണി കിട്ടിയത് പാവം ബ്രോഡിനായിരുന്നു. കിങ്‌സ്മീഡിലെ യുവിയുടെ ആറാട്ടത്തിന് ഇന്ന് 12 വയസ് തികയുകയാണ്. 2007 സെപ്റ്റംബര്‍ 19-നായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ ഇന്നിങ്‌സ് യുവി കെട്ടഴിച്ചത്. ലോകകപ്പിനു മുന്‍പ് നടന്ന ഏകദിന പരമ്പരയില്‍ തന്റെ ഒരു ഓവറില്‍ ഇംഗ്ലണ്ടിന്റെ മസ്‌കരാനസ് അഞ്ചു സിക്‌സറുകള്‍ നേടിയതിനുള്ള പ്രതികരവുമായിരുന്നു യുവിക്ക് ആ ഓവര്‍.
2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ സിക്‌സ് മത്സരമായിരുന്നു അത്. കിവീസിനോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇംഗ്ലണ്ടുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഗംഭീറും (58), സെവാഗും (68) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. റോബിന്‍ ഉത്തപ്പ പുറത്തായ ശേഷം 17-ാം ഓവറിലാണ് യുവി ക്രീസിലെത്തുന്നത്. അപ്പോള്‍ സ്‌കോര്‍ മൂന്നിന് 171.
18-ാം ഓവര്‍ ബൗള്‍ ചെയ്ത ഫ്‌ളിന്റോഫിനെതിരേ യുവി തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ നേടി. ഇതോടെ ഫ്‌ളിന്റോഫ് പ്രകോപനപരമായി എന്തോ പറഞ്ഞു. യുവിയും വിട്ടുകൊടുക്കാതിരുന്നതോടെ അതൊരു വാക്കേറ്റമായി. ഒടുവില്‍ അമ്പയര്‍മാര്‍ ഇടപെട്ടാണ് ഈ അടി അവസാനിപ്പിച്ചത്.
എന്നാല്‍ യുവിക്ക് പറഞ്ഞ് മതിയായിട്ടില്ലായിരുന്നു. 19-ാം ഓവര്‍ എറിയാനെത്തിയത് അന്നത്തെ കൗമാരക്കാരന്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഫ്‌ളിന്റോഫിന് കൊടുക്കാന്‍ വെച്ചത് യുവി ബ്രോഡിന് കൊടുത്തപ്പോള്‍ ആ ഓവറിലെ ആറു പന്തുകളും ഗാലറിയില്‍ പതിച്ചു. വെറും 12 പന്തില്‍ നിന്ന് യുവിക്ക് അര്‍ധ സെഞ്ചുറി, ഒപ്പം റെക്കോഡും. 16 പന്തില്‍ ഏഴു സിക്‌സും മൂന്ന് ബൗണ്ടറികളുമടക്കം 58 റണ്‍സുമായി യുവി അവസാന ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാലിന് 218 റണ്‍സിലെത്തിയിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ചെങ്കിലും 19-ാം ഓവറിലെ യുവിയുടെ ആ പ്രകടനം ആവര്‍ത്തിക്കാന്‍ ഇംഗ്ലീഷ് നിരയില്‍ ആളുണ്ടായില്ല. 20 ഓവര്‍ അവസാനിച്ചപ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലെത്താനേ അവര്‍ക്കായുള്ളൂ. 18 റണ്‍സിന്റെ തോല്‍വി. കളിയിലെ കേമന്‍ മറ്റാരുമായിരുന്നില്ല.
സെമിയില്‍ ഓസീസിനെതിരെയും യുവി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ ഫൈനലിലെത്തി. ഒടുവില്‍ പാകിസ്താനെയും തകര്‍ത്ത് കിരീടവുമായാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയത്.
Content Highlights: 19th September 2007 Yuvraj Singh Sets Kingsmead on Fire With Six Sixes