ദുബായ്: മിഡില്‍ ഈസ്റ്റിലെ പൊടിപാറുന്ന പിച്ചുകളില്‍ എതിര്‍ ബാറ്റിങ് നിരയെ കറക്കി വീഴ്ത്താനുള്ള പാക് സ്പിന്നര്‍ യാസിര്‍ ഷായുടെ മികവ് പ്രസിദ്ധമാണ്. ഇതേ മികവ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഷാ കാഴ്ചവെച്ചപ്പോള്‍ അദ്ദേഹത്തിന് സ്വന്തമായത് അപൂര്‍വ നേട്ടമാണ്.
ടെസ്റ്റില്‍ ഒരു ദിവസം കൊണ്ട് 10 വിക്കറ്റുകളാണ് യാസിര്‍ ഷാ സ്വന്തമാക്കിയത്. ഇതോടെ 21-ാം നൂറ്റാണ്ടില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഷാ സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയാണ് ഇതിനു മുന്‍പ് ടെസ്റ്റില്‍ ഒരു ദിവസം കൊണ്ട് 10 വിക്കറ്റുകള്‍ നേടിയ താരം. കുംബ്ലെ ഈ നേട്ടം സ്വന്തമാക്കി 19 വര്‍ഷത്തിനും ഒന്‍പതു മാസത്തിനും 19 ദിവസങ്ങള്‍ക്കും ശേഷമാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
യാസിര്‍ ഷാ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 1999 ഫെബ്രുവരി ഏഴിന് പാകിസ്താനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഒറ്റ ഇന്നിങ്‌സിലെ പാക് വിക്കറ്റുകള്‍ മുഴുവന്‍ സ്വന്തമാക്കിയാണ് കുംബ്ലെ നേട്ടം കൊയ്തത്.
ഷായുടെ പന്തുകള്‍ തിരിയാന്‍ തുടങ്ങിയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സ് എന്ന നിലയില്‍ നിന്ന് കിവീസ് വെറും 90 റണ്‍സിന് ഓള്‍ഒട്ടായി. ആദ്യ ഇന്നിങ്‌സില്‍ 12.3 ഓവറില്‍ 41 റണ്‍സ് വഴങ്ങി 8 വിക്കറ്റ് വീഴ്ത്തിയ ഷാ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അബ്ദുല്‍ ഖാദിര്‍ (9/56), സര്‍ഫ്രാസ് നവാസ് (9/86) എന്നിവര്‍ക്കുശേഷം ടെസ്റ്റില്‍ ഒരു പാക് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.
ജീത് റാവല്‍(31), ടോം ലാഥം(22), റോസ് ടെയ്‌ലര്‍(0), ഹെന്റി നിക്കോളാസ്(0), ഇഷ് സോധി(0), നീല്‍ വാഗ്‌നര്‍(0), അജാസ് പട്ടേല്‍(4), ട്രെന്റ് ബോള്‍ട്ട്(0) എന്നിവരെയാണ് ഷാ ആദ്യ ഇന്നിങ്‌സില്‍ പുറത്താക്കിയത്.
ആദ്യ ഇന്നിങ്‌സിലെ പാക് സ്‌കോറായ 418 റണ്‍സിന് ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കിവീസിന്റെ രണ്ടു വിക്കറ്റുകളും ഷാ സ്വന്തമാക്കി.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളെന്ന് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ തന്നെ വിശേഷിപ്പിച്ച യാസിര്‍ ഷാ ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. വെറും 17 ടെസ്റ്റുകളില്‍ നിന്നാണ് ഷാ ഈ നേട്ടം സ്വന്തമാക്കിയത്.
യു.എ.ഇയില്‍ നടക്കുന്ന ടെസ്റ്റില്‍ ഒരു താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഇതാണ്. നേരത്തെ 49 റണ്‍സിന് എട്ടു വിക്കറ്റെടുത്ത വിന്‍ഡീസ് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവിനെയാണ് ഷാ മറികടന്നത്.
പാകിസ്താനെതിരെ ന്യൂസിലന്‍ഡ് പരാജയ ഭീതിയില്‍
ദുബായ്: യാസിര്‍ ഷാ ആഞ്ഞടിച്ചപ്പോള്‍ പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പരാജയ ഭീതിയിലാണ്. ആദ്യ ഇന്നിങ്സില്‍ വെറും 90 റണ്‍സിന് ഓള്‍ ഔട്ടായ കിവീസിനെ പാകിസ്താന്‍ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 131 എന്ന നിലയിലാണ്. പാസ് സ്‌കോറിനേക്കാള്‍ ഇപ്പോഴും 197 റണ്‍സ് പിറകിലാണ് കിവീസ്. ജീത് റാവല്‍ (2), കെയിന്‍ വില്യംസണ്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സില്‍ കിവീസിന് നഷ്ടമായത്. ടോം ലാഥം (44), റോസ് ടെയ്ലര്‍ (49) എന്നിവരാണ് ക്രീസീല്‍.
Content Highlights: yasir shah emulates anil kumble becomes first bowler to pick 10 wickets in a day after almost 20 years