വനിതാ ലോകകപ്പ്: തകര്‍പ്പന്‍ ജയത്തോടെ ഓസ്‌ട്രേലിയ തുടങ്ങി


കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ വെസ്റ്റിന്‍ഡീസിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്.

ടൗണ്‍ടണ്‍: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ തകര്‍പ്പന്‍ ജയത്തോടെ തന്നെ തുടങ്ങി. ആദ്യ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ വെസ്റ്റിന്‍ഡീസിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 204 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിയായി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 38.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ഓപ്പണര്‍ നിക്കോള്‍ ബോള്‍ട്ടന്റെ സെഞ്ച്വറിയുടെ മികവിലാണ് ഓസ്‌ട്രേലിയ അനായാസ ജയം സ്വന്തമാക്കിയത്. ബോള്‍ട്ടന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. 114 പന്തില്‍ നിന്ന് 107 റണ്‍സെടുത്ത ബോള്‍ട്ടണ്‍ പുറത്താകാതെ നിന്നു. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ബോള്‍ട്ടന്റെ സെഞ്ചുറി.

ഓപ്പണര്‍ ബെത്ത് മൂണിയുടെയും ലാന്നിങ്ങിന്റെയും വിക്കറ്റുകള്‍ മാത്രമാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. 85 പന്തില്‍ നിന്ന് 70 റണ്‍സാണ് മൂണി നേടിയത്. ഒന്നാം വിക്കറ്റില്‍ ബോള്‍ട്ടണും മൂണിയും ചേര്‍ന്ന് 30.1 ഓവറില്‍ 171 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടെയ്‌ലറാണ് മൂണിയെ മടക്കി ഈ കൂട്ടുകെട്ട് തകര്‍ത്തത്. ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം വേണ്ടിയിരുന്ന സമയത്താണ് ലാന്നിങ്ങിനെയും ടെയ്‌ലര്‍ മടക്കിയത്. 15 പന്തില്‍ നിന്ന് 12 റണ്‍സാണ് ലാന്നിങ് നേടിയത്.

ഓസ്‌ട്രേലിയയുടെ കരുത്തുറ്റ ബൗളിങ്ങിനെതിരെ ദയനീയമായിരുന്നു വിന്‍ഡീസിന്റെ ബാറ്റിങ്. ഒരാള്‍ക്ക് പോലും അര്‍ധസെഞ്ചുറി നേടാനായില്ല. 63 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ ഓപ്പണര്‍ ഹെയ്‌ലി മാത്യൂസാണ് ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ സ്‌റ്റെഫാനി ടെയ്‌ലര്‍ 57 പന്തില്‍ നിന്ന് 45 ഉം ചെഡ്യന്‍ നേഷന്‍ 73 പന്തില്‍ നിന്ന് 39 ഉം ഡ്യാന്‍ട്ര ഡോട്ടിന്‍ 20 പന്തില്‍ നിന്ന് 29 ഉം റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാനായില്ല.

ഓസ്‌ട്രേലിയക്കുവേണ്ടി എല്ലിസ് പെറി മൂന്നും ജെസ് ജോനാസ്സെന്‍, കേഴ്‌സ്റ്റന്‍ ബീംസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മേഘന്‍ ഷട്ട് ഒരു വിക്കറ്റ് വീഴ്ത്തി. രണ്ടുപേര്‍ റണ്ണൗട്ടായി.

ഏഴാം ലോകകപ്പ് തേടിയാണ് ഇക്കുറി ഓസ്‌ട്രേലിയ ഇംഗ്ലണ്ടിലെത്തിയത്. കഴിഞ്ഞ തവണ വെസ്റ്റിന്‍ഡീസിനെതിരെ 114 റണ്‍സിനായിരുന്നു അവരുടെ കിരീടവിജയം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram