ലണ്ടന്‍: ക്രിക്കറ്റിന്റെ ബൈബിള്‍ എന്ന വിശേഷണമുള്ള വിസ്ഡന്‍ മാസികയുടെ ദശാബ്ദത്തിലെ ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് വിരാട് കോലിയും പേസര്‍ ജസ്പ്രീത് ബുംറയും ഇടംനേടിയപ്പോള്‍ രോഹിത് ശര്‍മയ്ക്കും എം.എസ് ധോനിക്കും ടീമില്‍ ഇടംകിട്ടിയില്ല.
കോലിയല്ല വിസ്ഡന്റെ ദശാബ്ദത്തിലെ ട്വന്റി 20 ടീമിനെ നയിക്കുന്നത്, മറിച്ച് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്. രാജ്യാന്തര ട്വന്റി 20-യില്‍ 53 റണ്‍സ് ശരാശരിയുള്ള താരമാണ് കോലി. സ്‌ട്രൈക്ക് റേറ്റില്‍ പലപ്പോഴും വിട്ടുവീഴ്ച ചെയ്യാറുണ്ടെങ്കിലും അവശ്യഘട്ടങ്ങളില്‍ ഉയര്‍ന്ന റേറ്റില്‍ തന്നെ കോലിക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാറുണ്ടെന്ന് വിസ്ഡന്‍ വ്യക്തമാക്കി. പേസും സ്പിന്നും നന്നായി കളിക്കാനാകുന്നതും വിക്കറ്റിനിടയിലെ ഓട്ടവും കോലിയെ മൂന്നാം നമ്പറിന് യോജിച്ച ബാറ്റ്‌സ്മാനാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഈ അടുത്ത കാലത്തുള്ള ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ബുംറയെന്ന് വിസ്ഡന്‍ ചൂണ്ടിക്കാട്ടി. ഡെയ്ല്‍ സ്റ്റെയ്‌നു ശേഷം രാജ്യാന്തര ട്വന്റി 20-യില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റും (6.71) ബുംറയ്ക്കാണ്. ഡെത്ത് ഓവറുകളിലെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട്.
അതേസമയം ട്വന്റി 20-യില്‍ നാലു സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുള്ള രോഹിത് ശര്‍മയും ഇന്ത്യയെ ട്വന്റി 20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം.എസ് ധോനിയും ടീമില്‍ ഇടംനേടാതിരുന്നത് അപ്രതീക്ഷിതമായി. പാകിസ്താന്‍, വെസ്റ്റിന്‍ഡീസ് ടീമുകളില്‍ നിന്ന് ആരും തന്നെ വിസ്ഡന്റെ ടീമിലില്ല. വിന്‍ഡീസ് നിലവിലെ ട്വന്റി 20 ജേതാക്കള്‍ കൂടിയാണ്.
വിസ്ഡന്റെ ദശാബ്ദത്തിലെ ട്വന്റി20 ടീം - ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കോളിന്‍ മണ്‍റോ, വിരാട് കോലി, ഷെയ്ന്‍ വാട്ടസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോസ് ബട്ട്‌ലര്‍, മുഹമ്മദ് നബി, ഡേവിഡ് വില്ലി, റാഷിദ് ഖാന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ.
Content Highlights: Wisden’s T20I team of the decade No place for MS Dhoni and Rohit Sharma