ആന്റിഗ്വ: പ്രതാപകാലം ഓര്‍മിപ്പിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് വസന്തം. ഐ.സി.സി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിന് തകര്‍ത്ത് വെസ്റ്റിന്‍ഡീസ് 2-0ത്തിന് പരമ്പര സ്വന്തമാക്കി.
പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനെതിരേ വെസ്റ്റന്‍ഡീസ് ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് റെക്കോഡോടെ വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് ശനിയാഴ്ച്ച തുടങ്ങും. സ്‌കോര്‍: ഇംഗ്ലണ്ട് 187, 132 വിന്‍ഡീസ് 306, 17/0
രണ്ടാമിന്നിങ്‌സില്‍ വെറും 14 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ വിക്കറ്റ് നഷ്ടം കൂടാതെ വിജയതീരത്തെത്തി. 13 പന്തുകള്‍ക്കുള്ളില്‍ മത്സരം അവസാനിച്ചു. ബ്രാത്‌വെയ്റ്റ് അഞ്ച് റണ്‍സുമായും കാംപെല്‍ 11 റണ്‍സോടേയും പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 187 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത കെമര്‍ റോഷും 45 റണ്‍സിന് മൂന്നുവിക്കറ്റെടുത്ത ഷാനണ്‍ ഗബ്രിയേലും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിലൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 306 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍മാരായ ബ്രാത്വെയ്റ്റ് (49), ജോണ്‍ കാമ്പെല്‍ (47), ഡാരന്‍ ബ്രാവോ (50), ഷായ് ഹോപ് (44) എന്നിവര്‍ തിളങ്ങിയതോടെ വിന്‍ഡീസ് 119 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടി. ഇംഗ്ലണ്ടിനുവേണ്ടി മോയിന്‍ അലിയും ബ്രോഡും മൂന്നുവിക്കറ്റ് വീതം നേടി.
ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ഇന്നിങ്‌സ് പോലെ തകര്‍ന്ന് 132 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീതമെടുത്ത കെമര്‍ റോഷും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറുമാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കുഴക്കിയത്. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സിലും നാല് വിക്കറ്റെടുത്തിരുന്ന കെമര്‍ റോഷിന്റെ അക്കൗണ്ടില്‍ ഇതോടെ എട്ടു വിക്കറ്റായി.
Content Highlights: Windies Win First Test Series Against England in 10 Years