ദുബായ്: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവിശ്വസനീയ പ്രകടനങ്ങളോടെ ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസകള്‍ ഏറ്റുവാങ്ങുകയാണ് ജേസന്‍ ഹോള്‍ഡറുടെ നേതൃത്വത്തിലുള്ള വിന്‍ഡീസ് ടീം. ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ അവര്‍ പുറത്തെടുത്ത പ്രകടനം വിന്‍ഡീസ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
അഞ്ചു മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പര 2-2 ന് സമനിലയിലെത്തിക്കാന്‍ വിന്‍ഡീസിനായി. ലോകകപ്പ് അടുത്തിരിക്കെ കരീബിയന്‍ പട പുറത്തെടുക്കുന്ന ഈ പോരാട്ടവീര്യം അവരുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഇപ്പോഴിതാ വിന്‍ഡീസ് ടീമിന്റെ ഇപ്പോഴത്തെ ഫോം ലോകകപ്പില്‍ മറ്റ് ടീമുകള്‍ക്ക് ഭീഷണിയാകുമെന്ന നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഡ്വെയ്ന്‍ ബ്രാവോ.
ഓരോ മത്സരങ്ങളിലും മെച്ചപ്പെട്ടുവരുന്ന യുവതാരങ്ങള്‍ വിന്‍ഡീസ് ടീമിലുണ്ട്. ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരായ അവരുടെ പ്രകടനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറോടും മറ്റുള്ളവരോടും സംസാരിച്ചിരുന്നു. ഈ വിന്‍ഡീസ് ടീം ലോകകപ്പില്‍ എല്ലാ ടീമുകള്‍ക്കും ഒരു വെല്ലുവിളിയാകുമെന്ന് വിശ്വസിക്കുന്നതായും ബ്രാവോ പറഞ്ഞു.
തന്റേതായ ദിവസം എത്രവലിയ ബൗളിങ് നിരയേയും തകര്‍ത്തെറിയാന്‍ കെല്‍പ്പുള്ള വെറ്ററന്‍ താരം ക്രിസ് ഗെയില്‍ ഫോമിലെത്തിയതാണ് വിന്‍ഡീസിനെ അപകടകാരികളാക്കുന്നത്. ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗെയില്‍ ദേശീയ ടീമില്‍ മടങ്ങിയത്തിയ ആദ്യ പരമ്പരായായിരുന്നു ഇംഗ്ലണ്ടിനെതിരായത്. പരമ്പരയിലെ താരവും ഗെയില്‍ തന്നെയായിരുന്നു. പരമ്പരയിലെ നാലു മത്സരങ്ങളില്‍ നിന്ന് 106.00 റണ്‍സ് ശരാശരിയില്‍ 424 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
Content Highlights: windies will be a threat to all teams in world cup bravo