ലോക ഇലവനെ മലര്‍ത്തിയടിച്ച് വെസ്റ്റിന്‍ഡീസ്


പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയാണ് ലോക ഇലവനെ നയിച്ചത്

ലണ്ടന്‍: ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധി സമാഹരിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തില്‍ ഐസിസി ലോക ഇലവെനിതിരെ വെസ്റ്റിന്‍ഡീസിന് 72 റണ്‍ ജയം. ലോര്‍ഡ്‌സില്‍ നടന്ന ടി-20 യില്‍ ആദ്യം ബാറ്റ് ചെയത വിന്‍ഡീസ് 199 റണ്ണെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ലോക ഇലവന്‍ 16.4 ഓവറില്‍ 127-ന് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയാണ് ലോക ഇലവനെ നയിച്ചത്. ദുരിതാശ്വാസ നിധിയിലേക്കായി ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന്‍ 20000 ഡോളര്‍ സംഭാവന നല്‍കി. കൂടാതെ മത്സരത്തില്‍ പങ്കെടുത്ത എല്ലാ താരങ്ങളും തങ്ങളുടെ മാച്ച് ഫീ സഹായധനമായി നല്‍കി.

ഇവിന്‍ ലെവിസ്, സാമുവല്‍സ്, ദിനേഷ് രാംദിന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് വിന്‍ഡീസ് 199 അടിച്ചെടുത്തത്. 26 പന്തില്‍ നിന്ന് ലെവിസ് 58 റണ്ണെടുത്തപ്പോള്‍ 22 പന്തില്‍ 43 അടിച്ച് സാമുവല്‍സും 25 പന്തില്‍ 45 നേടി രാംദിനും മികച്ച പിന്തുണ നല്‍കി. അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ മത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലോക ഇലവനായി ശ്രീലങ്കയുടെ തിഷാര പെരേ ഗംഭീര പ്രകടനം കാഴ്ച വെച്ചെങ്കിലും മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല. 37 പന്തില്‍ നിന്ന് പെരേര 61 റണ്ണടിച്ചു. മറ്റുള്ളവര്‍ക്കൊന്നും 15 റണ്ണിന് മുകളില്‍ കടക്കാനായില്ല. കളിയിലെ ഏക ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തി അഞ്ച് പന്ത് നേരിട്ട് പൂജ്യനായി മടങ്ങി. വിന്‍ഡീസിനായി വില്യംസ് മൂന്നും സാമുവല്‍ ബദ്രി, റസ്സല്‍, എന്നിവരും രണ്ടും വിക്കറ്റുകള്‍ നേടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram