കിങ്‌സ്റ്റണ്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകന്‍ ഫില്‍ സിമ്മണ്‍സിനെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിന്റെ തിരഞ്ഞെടുപ്പില്‍ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.
ലണ്ടനില്‍ ടീമിനൊപ്പം ചേരാനുള്ള ഒരുക്കത്തിലായിരുന്ന
സിമ്മണ്‍സ്. ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് മൈക്കല്‍ മ്യുര്‍ഹെഡ് ഇ-മെയില്‍ വഴിയാണ് സസ്‌പെന്‍ഷന്‍ വിവരം സിമ്മണ്‍സിനെ അറിയിച്ചത്. ദേശീയ ടീം സെലക്ടര്‍ എല്‍ഡിന്‍ ബാപ്റ്റിസ്റ്റിനാണ് പരിശീലകന്റെ പകരം ചുമതല. ഒക്‌ടോബര്‍ പതിനാല് മുതലാണ് പരമ്പര. ജേസണ്‍ ഹോള്‍ഡറാണ് പുതിയ നായകന്‍.
പരമ്പരയ്ക്കുള്ള അന്തിമ ടീമിനെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ഡ്വെയ്ന്‍ ബ്രാവോ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവരെ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടാണ് സിമ്മണ്‍സിനെ ചൊടിപ്പിച്ചത്. ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തണമന്ന് സിമ്മണ്‍സും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ക്ലൈവ് ലോയ്ഡും ആവശ്യപ്പെട്ടെങ്കിലും മറ്റ് മൂന്ന് സെലക്ടര്‍മാരെ ഇതിനോട് യോജിച്ചില്ല. ഇക്കഴിഞ്ഞ ജനവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയിലും ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നില്ല.