സെന്റ് കിറ്റ്സ്: കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികള്‍ എന്ന പേര് സമ്പാദിച്ചവരാണ് വെസ്റ്റിന്‍ഡീസ്. പറഞ്ഞിട്ടെന്ത് കാര്യം മുന്‍പ് രണ്ട് തവണ ട്വന്റി 20 കിരീടം നേടിയ നിലവിലെ ചാമ്പ്യന്‍ ടീമിനെ ഇംഗ്ലണ്ട് വെറും 45 റണ്‍സിന് എറിഞ്ഞിട്ടു. ക്രിസ് ഗെയില്‍ അടക്കമുള്ള വമ്പന്‍മാര്‍ അടങ്ങിയ ടീമിനാണ് ഈ നാണക്കേട്.
ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറിനാണ് വിന്‍ഡീസ് പുറത്തായത്. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിന്റെ ഏറ്റവും ചെറിയ ട്വന്റി 20 സ്‌കോറും ഇതാണ്. 137 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ട്വന്റി 20-യില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയമാണിത്.
2014-ല്‍ നെതര്‍ലാന്‍ഡ്സ് ശ്രീലങ്കയ്ക്കെതിരെ 39 റണ്‍സിന് പുറത്തായതായിരുന്നു ട്വന്റി 20-യിലെ ഏറ്റവും ചെറിയ സ്‌കോര്‍.
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു സംഭവം. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ട് (55), സാം ബില്ലിങ്‌സ് (87) എന്നിവരുടെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ അറു വിക്കറ്റിന് 182 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് അവിശ്വസനീയമായ വിധത്തില്‍ തകര്‍ന്നടിയുകയായിരുന്നു. വെറും രണ്ട് ഓവര്‍ എറിഞ്ഞ് ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനാണ് വിന്‍ഡീസിനെ തകര്‍ത്തത്. ജോര്‍ദാന് പുറമെ ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
10 റണ്‍സ് വീതം നേടിയ ഷിംറോണ്‍ ഹെറ്റ്മയര്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് എന്നിവരാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍മാര്‍. എട്ട് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
Content Highlights: west indies bundled out for 45 against england