കറാച്ചി: വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ഐ.സി.സി വിലക്കിയ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചുവിളിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നടപടിക്കെതിരേ മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രം.
ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയെ വംശീയമായ അധിക്ഷേപിച്ചതില്‍ സര്‍ഫറാസിനെ ഐ.സി.സി നാലു മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു.
താരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചു വിളിച്ച പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി തെറ്റായിപ്പോയെന്ന് അക്രം പറഞ്ഞു. ഫെബ്രുവരി ആറിന് നടക്കേണ്ട ട്വന്റി 20 മത്സരത്തില്‍ സര്‍ഫറാസിനു കളിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ഫറാസ് ചെയ്തത് തെറ്റു തന്നെയാണ്. എന്നാല്‍ മറ്റാരെക്കാളും ഈ വിഷയം ഇത്രയ്ക്ക് ഊതിപ്പെരുപ്പിച്ചത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാകിസ്താന്‍കാര്‍ തന്നെയാണെന്നും അക്രം ആരോപിച്ചു.
സര്‍ഫറാസിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റരുതെന്നും അക്രം പി.സി.ബിയോട് ആവശ്യപ്പെട്ടു. ദേശീയ ടീമിന്റെ ക്യാപ്റ്റനായി സര്‍ഫറാസ് തന്നെ തുടരണം. ലോകകപ്പ് മുന്നില്‍ നില്‍ക്കെ ക്യാപ്റ്റനെ മാറ്റാന്‍ പാടില്ല, നമുക്ക് ഒരു ലോങ് ടേം ക്യാപ്റ്റനെയാണ് വേണ്ടത്, അല്ലാതെ കുറഞ്ഞ കാലത്തേക്കുള്ള ഒരാളെയല്ല, അക്രം ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഡര്‍ബനില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് സര്‍ഫറാസ് ഫെലുക്വായോയെ അപമാനിച്ചത്. തുടര്‍ന്ന് സര്‍ഫറാസ് ഫെലുക്വായോടും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയോടും മാപ്പ് ചോദിച്ചിരുന്നു. പാക് ക്യാപ്റ്റന്റെ മാപ്പപേക്ഷ ഇരുവരും സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ ഐ.സി.സി നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഐ.സി.സിയുടെ വംശീയാധിക്ഷേപ വിരുദ്ധ നിയമം സര്‍ഫറാസ് തെറ്റിച്ചുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഐ.സി.സി വ്യക്തമാക്കി. ഷുഐബ് മാലിക്കാണ് പകരം പാകിസ്താനെ നയിക്കുന്നത്.
Content Highlights: wasim akram slams pcb for calling back sarfraz ahmed from south africa