പോര്‍ട്ട് എലിസബത്ത്: കളിച്ച 123 ടെസ്റ്റുകളില്‍ സംഭവിക്കാത്ത ആ കാര്യം ഒടുവില്‍ 124-ാം ടെസ്റ്റില്‍ സംഭവിച്ചു. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല, ടെസ്റ്റ് ഇന്നിങ്‌സിലെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് അംല ഗോള്‍ഡന്‍ ഡെക്കാവുന്നത്.
ശ്രീലങ്കന്‍ പേസര്‍ വിശ്വ ഫെര്‍ണാണ്ടോയാണ് ആ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അംലയുടെ 124-ാം ടെസ്റ്റായിരുന്നു ഇത്. പോര്‍ട്ട് എലിസബത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിലാണ് വണ്‍ഡൗണായിറങ്ങിയ അംലയുടെ കുറ്റി ആദ്യ പന്തില്‍ തന്നെ ഫെര്‍ണാണ്ടോ തെറിപ്പിച്ചത്.
2004 നവംബര്‍ 28-ന് ഈഡനില്‍ ഇന്ത്യയ്‌ക്കെതിരേ അരങ്ങേറിയ അംല ടെസ്റ്റ് കരിയറില്‍ ഇതുവരെ പൂജ്യത്തിന് പുറത്തായിട്ടില്ല. മത്സരത്തിന്റെ ആറാം ഓവറിലാണ് ഫെര്‍ണാണ്ടോ, അംലയെ ബൗള്‍ഡാക്കിയത്. ഡിന്‍ എല്‍ഗറിനെ പുറത്താക്കി തൊട്ടടുത്ത പന്തിലായിരുന്നു അംലയുടെ വിക്കറ്റും ഫെര്‍ണാണ്ടോ വീഴ്ത്തിയത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഡെക്കായതിന്റെ റെക്കോഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ് -14. രണ്ടാം സ്ഥാനവും ശ്രീലങ്കക്കാരനു തന്നെ, രെംഗണ ഹെറാത്തിന്റെ 11 ഗോള്‍ഡന്‍ ഡെക്കുകള്‍. വിന്‍ഡീസ് താരം കോര്‍ട്നി വാല്‍ഷ് 10 വട്ടം ആദ്യ പന്തില്‍ പുറത്തായിട്ടുണ്ട്.
Content Highlights: vishwa fernando castles hashim amla scripts history