ന്യൂഡല്‍ഹി: വാതുവെയ്പ്പ് വിവാദങ്ങള്‍ ഉയര്‍ത്തിയ കോലാഹലങ്ങളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് തിരിച്ചുവരവിന്റെ പാതയിലേക്കെത്തുന്നത് 2000-ന് ശേഷമാണ്. സൗരവ് ഗാംഗുലി എന്ന അതികായനില്‍ ഇന്ത്യന്‍ ടീമിന്റെ കടിഞ്ഞാണ്‍ എത്തിയ ശേഷം.
സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, കുംബ്ലെ തുടങ്ങിയ മഹാരഥന്മാര്‍ അരങ്ങുവാണകാലം, അവരില്‍ നിന്ന് വിഭിന്നനായ ഒരു പയ്യന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അവതരിച്ചു. വീരേന്ദര്‍ സെവാഗ്.
ബൗളര്‍മാരോട് യാതൊരു കരുണയും കാട്ടാത്ത താരം. ടെസ്റ്റ് എന്നോ ഏകദിനമെന്നോ നോട്ടമില്ലാതെ പന്തിനെ ബൗണ്ടറിയിലേക്കു പായിക്കുന്നതില്‍ മാത്രം ശ്രദ്ധ കണ്ടെത്തിയിരുന്നയാള്‍.
സെവാഗിന്റെ ആ വെടിക്കെട്ട് കണ്ട് തന്റെ ഓപ്പണിങ് സ്ഥാനം ഒഴിഞ്ഞ് നല്‍കിയ ദാദ, അന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചത് ഏക്കാലത്തെയും വിനാശകാരിയായ ഒരു ഓപ്പണറെയായിരുന്നു.
ടെസ്റ്റില്‍ 300 എന്ന മാന്ത്രിക സംഖ്യ തൊട്ട ആദ്യ ഇന്ത്യക്കാരന്‍. സാക്ഷാല്‍ ബ്രാഡ്മാന്‍, ബ്രയാന്‍ ലാറ എന്നിവര്‍ക്കു ശേഷം രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ സ്വന്തമാക്കുന്ന താരം എന്നീ നേട്ടങ്ങള്‍ വീരുവിന് മാത്രം അവകാശപ്പെടാനാകുന്നതാണ്.
ഇപ്പോഴിതാ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ വീണ്ടും ആ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. സെവാഗിന്റെ കരിയറിലെ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികളും പിറന്നത് മാര്‍ച്ച് 29-നാണ്. ആ ഓര്‍മ്മകള്‍ പങ്കുവെച്ച് സെവാഗ് ട്വീറ്റ് ചെയ്തിരുന്നു. അതിന് ദാദ മറുപടി നല്‍കുകയും ചെയ്തു. ഇന്ത്യയുടെ രണ്ട് അതുല്യരായ ഓപ്പണര്‍മാരില്‍ ഒരാള്‍ സെവാഗാണെന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്. അതുല്യരായ ക്യാപ്റ്റന്‍മാര്‍ കളിക്കാരെ മികച്ചവരാക്കുമെന്ന് സെവാഗ് ഇതിന് മറുപടിയായി പറയുകയും ചെയ്തു. വീരു ആദ്യമായി ആ നേട്ടത്തിലെത്തിയിട്ട് ഇന്ന് 15 വര്‍ഷം തികയുകയാണ്.
2004 മാര്‍ച്ച് 29-ന് ചിരവൈരികളായ പാകിസ്താനെതിരെയായിരുന്നു വീരുവിന്റെ ആദ്യ സെഞ്ചുറി. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ സഖ്ലയിന്‍ മുഷ്താഖിനെ സിക്‌സറിന് പറത്തിയാണ് ടെസ്റ്റില്‍ ട്രിപ്പിള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം വീരു സ്വന്തമാക്കിയത്. ഇന്ത്യ അന്നുവരെ കണ്ട ബാറ്റിങ് ഇതിഹാസങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയാതെ പോയ നേട്ടം.
531 മിനിറ്റ് ക്രീസില്‍ നിന്ന് 375 പന്തില്‍ 39 ബൗണ്ടറികളും ആറു സിക്‌സും ഉള്‍പ്പെടെ 309 റണ്‍സെടുത്താണ് വീരു അന്ന് മടങ്ങിയത്. സച്ചിന്റെ വ്യക്തിഗത സ്‌കോര്‍ 194-ല്‍ നില്‍ക്കെ ദ്രാവിഡ് ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് വിവാദമായ ടെസ്റ്റായിരുന്നു അത്. മത്സരത്തില്‍ ഇന്നിങ്‌സിനും 52 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം.
നാലു വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി സെവാഗ് ആ നേട്ടത്തിലെത്തി. 2008 മാര്‍ച്ച് 29-നായിരുന്നു ആ ട്രിപ്പിളും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചെന്നൈ ടെസ്റ്റില്‍ 530 മിനിറ്റ് ക്രീസില്‍ നിന്ന സെവാഗ് വെറും 304 പന്തുകളില്‍ നിന്നാണ് 319 റണ്‍സെടുത്തത്. 42 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു ആ ഇന്നിങ്‌സ്.
Content Highlights: virender sehwag recalls his triple hundreds sourav ganguly