പുണെ: ഇരട്ട സെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പിന്നിലാക്കിയത് ഓസീസ് ബാറ്റിങ് ഇതിഹാസം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനെ.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കരിയറിലെ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോലി 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.
ബാറ്റിങ്ങിനിടെ 150 റണ്‍സ് പിന്നിട്ടതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് കോലി സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ഇത് ഒമ്പതാം തവണയാണ് കോലി 150 റണ്‍സ് പിന്നിടുന്നത്. എട്ടു തവണ ഈ നേട്ടം സ്വന്തമാക്കിയ ബ്രാഡ്മാന്റെ പേരിലായിരുന്നു റെക്കോഡ്. ഇതാണ് കോലി മറികടന്നത്.
ഏഴു വീതം 150 പ്ലസ് സ്‌കോറുകളുമായി മൈക്കല്‍ ക്ലാര്‍ക്ക്, മഹേള ജയവര്‍ധനെ, ബ്രയാന്‍ ലാറ, ഗ്രെയിം സ്മിത്ത് എന്നിവരാണ് ഈ പട്ടികയില്‍ കോലിക്കും ബ്രാഡ്മാനും പിന്നിലുള്ളത്.
അതേസമയം ക്യാപ്റ്റനായുള്ള 50-ാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്, അലസ്റ്റര്‍ കുക്ക്, സ്റ്റീവ് വോ എന്നിവര്‍ക്കൊപ്പം ഇടംപിടിക്കാനും കോലിക്കായി.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലി സ്വന്തമാക്കി. ആറു വീതം ഇരട്ട സെഞ്ചുറികളുമായി സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും കോലിക്ക് പിന്നിലായി. ടെസ്റ്റ് കരിയറില്‍ 7000 റണ്‍സ് തികയ്ക്കാനും കോലിക്കായി.
ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ 40-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് പുണെയില്‍ പിറന്നത്. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ 40 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലി സ്വന്തമാക്കി.
ടെസ്റ്റ് കരിയറിലെ കോലിയുടെ 26-ാം സെഞ്ചുറിയായിരുന്നു ഇത്. അതേസമയം ഒരു സെഞ്ചുറി കൂടി നേടിയാല്‍ കോലിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ക്യാപ്റ്റനെന്ന മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്താം. ക്യാപ്റ്റനെന്ന നിലയില്‍ 41 സെഞ്ചുറികളാണ് പോണ്ടിങ്ങിന്റെ അക്കൗണ്ടിലുള്ളത്.
Content Highlights: Virat Kohli surpasses Bradman for most 150 plus scores as captain