ആന്റിഗ്വ: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഐ.സി.സി പരിഷ്‌കരിച്ച ടെസ്റ്റ് ജേഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പരയാണിത്. ഈ ജേഴ്‌സിയില്‍ താരങ്ങളുടെ പേരും നമ്പറുമുണ്ട്.
വ്യാഴാഴ്ച്ച തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങളുടെ പുത്തന്‍ ജേഴ്‌സി ചിത്രം പുറത്തുവിട്ടു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരങ്ങള്‍ തന്നെയാണ് ചിത്രം ആരാധകരുമായി പങ്കുവെച്ചത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് പുതിയ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്.
ഏകദിന ക്രിക്കറ്റിലെ ജേഴ്‌സി നമ്പറായ 18 തന്നെയാണ് ടെസ്റ്റിലും കോലിയുടെ ജേഴ്‌സി നമ്പര്‍. ഋഷഭ് പന്തിന്റേത് 17-ഉം അജിങ്ക്യ രഹാനെയുടേത് മൂന്നുമാണ്. ചേതേശ്വര്‍ പൂജാരയുടെ ജേഴ്‌സി നമ്പര്‍ 25 ആണ്. കുല്‍ദീപ് യാദവിന്റേത് 23ഉം.
രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മത്സരം ആന്റിഗ്വയില്‍ നടക്കും. ട്വന്റി-20, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കോലിയും സംഘവും കളിക്കാനിറങ്ങുന്നത്.
Content Highlights: Virat Kohli Reveals No 18 Numbered New Test Jersey