അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ ഓരോ മത്സരങ്ങള്‍ക്കു മുന്‍പും കോലിക്ക് ഏതെങ്കിലും റെക്കോഡ് തകര്‍ക്കാനുണ്ടോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ അന്വേഷിക്കാറുള്ളത്. ഓസീസിനെതിരായ നാല് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കാനിരിക്കെ ഈ പതിവിന് മാറ്റമില്ല. ഇനി കോലി പതിവ് തെറ്റിക്കുമോ എന്നു മാത്രമാണ് അറിയാനുള്ളത്.
റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്ന കോലിക്ക് ഓസീസ് മണ്ണിലും ഏതാനും റെക്കോഡുകള്‍ സ്വന്തമാക്കാനുണ്ട്. ഓസീസ് മണ്ണില്‍ ഇന്ത്യന്‍ ഇതാഹസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും സുനില്‍ ഗവാസ്‌കറും കുറിച്ച റെക്കോഡുകളാണ് കോലിക്ക് വഴിമാറാനൊരുങ്ങുന്നത്.
ടെസ്റ്റ് പരമ്പരയില്‍ ഒരു സെഞ്ചുറി നേടിയാല്‍ ഓസീസിനെതിരെ അവരുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന സച്ചിന്റെ റെക്കോഡിനൊപ്പമെത്താന്‍ കോലിക്കാകും. ഓസ്‌ട്രേലിയയില്‍ കളിച്ച 20 ടെസ്റ്റില്‍ നിന്ന് സച്ചിന്‍ ആറു സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. കോലി വെറും 11 ടെസ്റ്റില്‍ നിന്ന് അഞ്ചു സെഞ്ചുറികള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
നിലവില്‍ അഞ്ചു സെഞ്ചുറികളുമായി സുനില്‍ ഗവാസ്‌കറുടെ റെക്കോഡിനൊപ്പമാണ് കോലി. ഗാവസ്‌കറിനും ഓസീസിനെതിരേ അഞ്ചു സെഞ്ചുറികള്‍ നേടാനായി 11 ടെസ്റ്റുകളേ വേണ്ടിവന്നുള്ളൂ.
വിരാട് കോലിയെ സംബന്ധിച്ച് ഓസീസ് പരമ്പര ഏറെ നിര്‍ണായകമാണ്. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മാത്രമല്ല 2014-ല്‍ ഓസീസ് മണ്ണില്‍ പുറത്തെടുത്ത മികവ് കോലിക്ക് ആവര്‍ത്തിക്കുകയും വേണം.
ഈ വര്‍ഷം ഇതുവരെ 10 ടെസ്റ്റുകളില്‍ നിന്ന് 59.05 ബാറ്റിങ് ശരാശരിയില്‍ കോലി 1,063 റണ്‍സ് നേടിക്കഴിഞ്ഞു. അഡ്ലെയ്ഡില്‍ ഡിസംബര്‍ ആറാം തീയതിയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
Content Highlights: virat kohli looking to break records of sachin and gavaskar