ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുമ്പോള്‍ വിരാട് കോലിക്ക് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഇംഗ്ലീഷ് മണ്ണില്‍ ഒരു മികച്ച ഇന്നിങ്‌സ് പോലുമില്ലെന്ന നാണക്കേട് മാറ്റണം. ഒടുവില്‍ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കോലി ആ നാണക്കേട് മായ്ച്ചുകളഞ്ഞു. അതും മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം കളി മറന്നിടത്ത് ഒന്നാന്തരമൊരു സെഞ്ചുറിയിലൂടെ.
ഇങ്ങിനെയൊരു അഭിമാന നിമിഷത്തില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്ന ആളുകളെയാകും നമ്മള്‍ ഓര്‍ക്കുക. കോലിയും അതുതന്നെ ചെയ്തു. പ്രണയത്തിനൊടുവില്‍ ജീവിതസഖിയാക്കിയ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കായിരുന്നു കോലി ആ സെഞ്ചുറി സമര്‍പ്പിച്ചത്. അതും മനോഹരമായ ആഘോഷത്തിലൂടെ.
മാലയില്‍ കൊരുത്തിട്ടിരുന്ന വിവാഹ മോതിരത്തില്‍ ചുംബിച്ചാണ് കോലി അനുഷ്‌കയ്ക്ക് സെഞ്ചുറി സമര്‍പ്പിച്ചത്. ഇതുകണ്ട് വിഐപി ബോക്‌സിലിരുന്ന് പുഞ്ചിരിയോടെ അനുഷ്‌ക കൈയടിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വിവാഹതിരായത്.
ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 150 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴും കോലി ഇതുപോലെ വിവാഹ മോതിരത്തില്‍ ചുംബിച്ചിരുന്നു.എഡ്ജ്ബാസ്റ്റണില്‍ 149 റണ്‍സാണ് കോലി അടിച്ചെടുത്തത്.
Content Highlights: Virat Kohli kisses wedding ring and dedicates century to wife Anushka Sharma