വികൃതിയുടെ അങ്ങേയറ്റമെങ്കിലും പഠനത്തില്‍ മികവു പുലർത്തുന്ന ഒരു വിദ്യാര്‍ഥിയെങ്കിലുമുണ്ടാകും എല്ലാ സ്കൂളിലും. അവനെ നേരെയക്കാന്‍ ചൂരല്‍ പിടിച്ചു നടക്കുന്ന ഒരു അധ്യാപകനും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആ വികൃതിപ്പയ്യന്‍ കോലിയും ചൂരല്‍ പിടിച്ച് നടക്കുന്ന അധ്യാപകന്‍ കുംബ്ലെയുമായിരുന്നു. ഒരിക്കലും ആ അധ്യാപകന്‍ നിര്‍ദേശിക്കുന്ന പോലെ മുന്നോട്ടുപോകാന്‍ ആ വിദ്യാര്‍ഥിക്ക് കഴിയണമെന്നില്ല. അവന്റെ തോളില്‍ കൈയിട്ട് ഒരു സുഹൃത്തിനെപ്പോലെ പെരുമാറിയാല്‍ ആ അധ്യാപകനും വിദ്യാര്‍ഥിക്കുമിടയിലെ പ്രശ്‌നങ്ങള്‍ ഒലിച്ചു പോകുമായിരുന്നിരിക്കാം. എന്നാല്‍ ഒരതിര്‍ത്തി വര വരച്ച് അപ്പുറവും ഇപ്പുറവും നില്‍ക്കുമ്പോള്‍ ആ ദൂരം കൂടുകയല്ലാതെ ഒരിക്കലും കുറയില്ല. അങ്ങനൈയങ്കില്‍ ആ സ്‌കൂളിന്റെ വിജയത്തിന് വിദ്യാര്‍ഥി മറ്റൊരു അധ്യാപകന് കീഴില്‍ പഠിക്കുന്നതും അധ്യാപകന്‍ മറ്റു വിദ്യാര്‍ഥികളെ പഠിപ്പിക്കുകയോ അതല്ലെങ്കില്‍ രാജിവെച്ച് പോവുകയോ ചെയ്യുന്നതാണ് നല്ലത്. ഇന്ത്യന്‍ ടീമിലും കുംബ്ലെയുടെ രാജിയോടെ അങ്ങനെയൊരു ക്ലൈമാക്‌സില്‍ തന്നെയാണ് എത്തിയത്.
ആ ആന്റി ക്ലൈമാക്‌സില്‍ പക്ഷേ കോലി വില്ലനായും കുംബ്ലെ നായകനുമായി മാറി. കോലിക്ക് പകരം ധോനിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന മുറവിളി വരെയുണ്ടായി. ഗ്രൗണ്ടിനുള്ളില്‍ എപ്പോഴും അക്രമണോത്സുകതയോടെ മാത്രം കണ്ടിരുന്ന കോലിയുടെ മുഖത്തിന് ഒരു വില്ലന്‍ കഥാപാത്രം തന്നെയാണ് യോജിക്കുകയെന്നത് നമ്മള്‍ തന്നെ അങ്ങ് തീരുമാനിക്കുകയായിരുന്നു. ഒരു യുവതാരമാണ് കോലി എന്നതും പരിചയസമ്പത്തിന്റെ കാര്യത്തിലും കളിച്ച മത്സരങ്ങളുടെ എണ്ണത്തിലും കുംബ്ലെക്ക് താഴെയാണ് കോലിയെന്നതും അതിന്റെ ആക്കംകൂട്ടി. മാത്രമല്ല, തന്നേക്കാള്‍ 18 വയസ്സ് കൂടുതലുള്ള കുംബ്ലെയ്ക്ക് നല്‍കേണ്ട ബഹുമാനം കോലി നല്‍കാത്തതെന്താണെന്ന ചോദ്യവും നമ്മള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടിരുന്നു. ഇതിന്റെയൊക്കെ ആകെത്തുകയാണ് കോലിയോടുള്ള ഈ വിരോധം.
ഇനി കുംബ്ലെയുടെ നായകത്വത്തിനും കാരണങ്ങളേറെയാണ്. കളിക്കളത്തില്‍ എതിര്‍താരങ്ങളോട് ബഹുമാനത്തോടെ പെരുമാറുന്ന കുംബ്ലെയെ മാന്യന്‍ എന്ന വാക്കിനപ്പുറത്തേക്ക് നിര്‍വചിക്കാന്‍ നമുക്ക് കഴിയില്ല. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിങ്ങനെ ഇന്ത്യയുടെ സുവര്‍ണ കാലഘട്ടത്തില്‍ കളിച്ചിരുന്നതിന്റെ ആനുകൂല്യവും കുംബ്ലെക്ക് ആരാധകര്‍ നല്‍കുന്നുണ്ട്. അതിനുമപ്പുറം ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി റെക്കോഡിട്ട താരവും താടിയെല്ല് ഒടിഞ്ഞിട്ടും അത് വെച്ചുകെട്ടി കളിച്ച താരവുമായാണ് നമ്മള്‍ കുംബ്ലെയെ കണക്കാക്കുന്നത്. ഈ വിഷയത്തില്‍ ഗവാസ്‌ക്കറിന്റെ പ്രതികരണത്തിലും അത് പരാമര്‍ശിക്കുന്നുണ്ട്. കുംബ്ലെയെ ഒരു നല്ല കുട്ടിയായി നമ്മുടെ മനസ്സില്‍ കുടിയിരുത്താന്‍ അതൊക്കെ തന്നെ ധാരാളം.
ഇങ്ങനെയൊരു ഇതിഹാസ താരമായതിനാല്‍ കുംബ്ലെയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് നമ്മുടെ മനസ്സ് പറയുന്നത് എങ്ങനെ ന്യായീകരിക്കാനാകും. കപില്‍ ദേവും ഗ്രെഗ് ചാപ്പലും ബിഷന്‍ സിങ്ങ് ബേദിയും മദന്‍ ലാലുമെല്ലാം മികച്ച താരങ്ങളായിരുന്നു. ടീമിനുള്ളില്‍ പുകഞ്ഞ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇവരെയെല്ലാം പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. 1990ല്‍ ഇംഗ്ലണ്ട് പര്യടനത്തിലും ന്യൂസീലന്‍ഡ് പര്യടനത്തിലും ടീമിന്റെ പരിശീലകന്‍ ബേദിയായിരുന്നു. അന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 187 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 18 റണ്‍സിന് പരാജയപ്പെട്ടു. വിജയിക്കാമായിരുന്ന മത്സരം തോറ്റതിനെ തുടര്‍ന്ന് ബേദിക്ക് സഹിച്ചില്ല. ഇതിലും നല്ലത് ഇന്ത്യന്‍ ടീമിന് പെസഫിക്കില്‍ മുക്കുകയാണെന്നതായിരുന്നു ബേദിയുടെ പ്രതികരണം. ആ ഒരൊറ്റ പ്രസ്താവനയിലൂടെ ബേദി പുറത്തായി.
1996-97 വര്‍ഷങ്ങളില്‍ പരിശീലകനായിരുന്ന മദന്‍ലാല്‍ പുറത്തായത് അസറുദ്ദീനുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കളിയുടെ രണ്ടാം ദിനം ബ്രയാന്‍ മക്മില്ലന്റെ ബൗണ്‍സറേറ്റ് പരിക്കു പറ്റിയ അസര്‍ ക്രീസ് വിട്ടു. എന്നാല്‍ ഇത് മദന്‍ലാലിന് രസിച്ചില്ല. പെയ്‌സ് ബൗളിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള അസറിന്റൈ തന്ത്രമായിരുന്നു അതെന്ന് മദന്‍ലാല്‍ ആരോപിച്ചു.തുടര്‍ന്ന് മൂന്നാം ദിവസം ബാറ്റിങ്ങിനിറങ്ങിയ അസര്‍ 77 പന്തില്‍ 109 റണ്‍സടിക്കുകയും ഡ്രസ്സിങ് റൂമിന് നേരെ ആംഗ്യം കാണിക്കുകയും ചെയ്തു. പിന്നീട് വിന്‍ഡീസ് പര്യടനവും ഏഷ്യ കപ്പും ശ്രീലങ്കക്കെതിരായ പരമ്പരയും മദന്‍ലാലിന് കീഴില്‍ ഇന്ത്യ കളിച്ചു. സഹാറക്കപ്പില്‍ പാകിസ്താനെ 4-1ന് കീഴടക്കുകയും ചെയ്തു. ഇതിനിടയില്‍ മദന്‍ലാലുമായുള്ള പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരുന്നു. ഒടുവില്‍ ബി.സി.സി.ഐയോട് കളിക്കാര്‍ തങ്ങളുടെ നയം വ്യക്തമാക്കി. ജീവന്‍ നല്‍കി കളിക്കാന്‍ പറയുന്ന, ഹൃദയം കൊണ്ട് കളിക്കാന്‍ പറയുന്നതു കേട്ട് മടുത്തുവെന്നും ടെക്‌നിക്കലായി കാര്യങ്ങള്‍ പറഞ്ഞു തരുന്ന പരിശീലകനെ മതിയെന്നുമായിരുന്നു കളിക്കാരുടെ ആവശ്യം. അതോടെ മദന്‍ ലാലിന്റെ തൊപ്പി തെറിച്ചു. അന്ന് ക്യാപ്റ്റനായിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കറും ബി.സി.സി.ഐയുടെ തീരുമാനത്തിനൊപ്പമാണ് നിന്നത്.
ഇനി കപില്‍ ദേവും സച്ചിന്‍ തെണ്ടുല്‍ക്കറും തമ്മിലുള്ള ക്യാപ്റ്റന്‍-കോച്ച് ബന്ധത്തിലും കാര്യങ്ങള്‍ ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയായിരുന്നു. സച്ചിന്‍ ഒരു മികച്ച ക്യാപ്റ്റനല്ലാത്തതും താന്‍ ഒരു മികച്ച പരിശീലകനല്ലാത്തതും കപില്‍ ദേവിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാക്കി. തുടര്‍ന്ന് സച്ചിന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും ഗാംഗുലി ആ സ്ഥാനത്തേക്ക് വരികയും ചെയ്തു. ഒത്തുകളി ആരോപണവും കളിക്കാരുമായുള്ള പ്രശ്‌നങ്ങളും അവസാനം കപില്‍ദേവിന്റെ രാജിയിലേക്ക് നയിച്ചു. കപില്‍ ദേവുമായി ഒത്തുപോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് സച്ചിന്‍ തന്റെ ആത്മകഥയില്‍ തന്നെ പറയുന്നുണ്ട്.
2007ലെ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തുറന്നത് ഗ്രെഗ് ചാപ്പലുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ്. 2005ല്‍ സിംബാബ്‌വെ പര്യടനം മുതല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ചാപ്പല്‍ ഗാംഗുലിയോട് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നം ടീമിലേക്ക് പടരുകയായിയിരുന്നു. ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതോടെ പരിശീലകനെതിരെ ടീമില്‍ ഒരു ഗ്രൂപ്പ് രൂപപ്പെട്ടു വന്നു. ഇത് 2007 ലോകകപ്പിലാണ് ഏറ്റവും പ്രകടമായത്. ഒടുവില്‍ ബംഗ്ലാദേശിനോട് വരെ ഇന്ത്യക്ക് തോല്‍ക്കേണ്ടി വരികയും അത് ചാപ്പലിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു.
ഈ ചരിത്രമൊക്കെ പരിശോധിക്കുമ്പോള്‍ വിരാട് കോലിക്ക് നേരെ മാത്രം വിരല്‍ ചൂണ്ടുന്നതില്‍ അര്‍ഥമില്ലെന്ന് മനസ്സിലാകും. കോലിയെ വില്ലനാക്കുകയാണെങ്കില്‍ സച്ചിനും അസറുദ്ദീനും ഗാംഗുലിക്കും നേരെയും നിങ്ങള്‍ കല്ലെറിയേണ്ടി വരും. ഇന്ത്യയുടെ പരമ്പര വിജയങ്ങള്‍ കണക്കിലെടുത്ത് കുംബ്ലെ ഒരു നല്ല പരിശീലകനായിരുന്നുവെന്ന് വിലയിരുത്താനാകില്ല. പരിശീലകനും കളിക്കാരനും തമ്മിലുള്ള മാനസിക ഐക്യമാണ് ഏറ്റവും പ്രധാനം. അതില്ലാത്തത്തിനാലാണ് ആറു മാസത്തോളം കുംബ്ലെയും കോലിയും മൗനവ്രതത്തിലായതും. ഒരു മികച്ച കളിക്കാരന് ഒരു മികച്ച പരിശീലകനാകാന്‍ സാധിക്കണമെന്നില്ല. കുംബ്ലെയുടെ കര്‍ശനമായ പരിശീലന രീതിയോട് യോജിച്ചു പോകാനാകില്ല എന്ന് കോലി മാത്രമല്ല പറഞ്ഞത്. മറ്റു താരങ്ങളും അതു ബി.സി.സി.ഐക്ക് മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഒരു വര വരച്ച് അതിനുള്ളില്‍ നിര്‍ത്തി പരിശീലന പാഠങ്ങള്‍ പകര്‍ന്നു നല്‍കിയാല്‍ അത് കളിക്കാര്‍ക്ക് ദഹിക്കില്ല. കളിക്കുന്ന സമയത്ത് ഫീല്‍ഡര്‍മാര്‍ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ അത് സച്ചിനായാലും ഗാംഗുലിയായാലും കുംബ്ലെ ചീത്ത പറയുമായിരുന്നു. നൂറില്‍ നൂറു മാര്‍ക്ക് കിട്ടണമെന്ന മനോഭാവത്തില്‍ ഒരു കളിക്കാരനെ എങ്ങനെ മത്സരത്തിന് സജ്ജമാക്കാനാണ്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യന്‍ താരങ്ങളോട് കുട്ടികളെ ചീത്തപറയും പോലെ കുംബ്ലെ സംസാരിച്ചതും കര്‍ക്കശക്കാരനായ ഒരു പരിശീലകന്റെ രീതിയായി വേണം കരുതാന്‍.
കുംബ്ലെ-കോലി വിവാദത്തില്‍ കുംബ്ലെയെ പിന്തുണച്ചവരാണ് അധികപേരും. കോലിയുടെ അഹങ്കാരമാണ് എല്ലാറ്റിലേക്കും നയിച്ചതെന്ന പ്രതികരണമാണ് എല്ലാവരും നടത്തിയത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മുന്‍താരവും ഇപ്പോള്‍ പരിശീലകനുമായ ജെയ്‌സണ്‍ ഗില്ലെസ്പി പക്വതയോടെയാണ് ഈ വിഷയത്തില്‍ പ്രതികരണം നടത്തിയത്. അതിങ്ങനെയാണ്.
''രണ്ടാളുകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പിളര്‍പ്പിലേക്ക് നയിച്ചത്. ദേശീയ ടീമിനോടുള്ള ഇരുവരുടെയും കാഴ്ചപ്പാട് വ്യത്യസ്തമായത് തന്നെയാണ് അഭിപ്രായ വ്യത്യാസത്തിലേക്ക് വഴിവെച്ചത്. വിരാട് ഒരു വലിയ താരമാണ്. അതിനെക്കുറിച്ച് ഒരു സംശയവുമില്ല. അദ്ദേഹം മികച്ചൊരു കളിക്കാരനും ക്യാപ്റ്റനുമാണ്. പുറമേ നിന്ന് നിരീക്ഷിച്ചാല്‍ രണ്ട് വ്യക്തിത്വങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയായിട്ടാണ് ഇത് കാണാന്‍ പറ്റുക. അങ്ങനെയൊരു വ്യത്യാസം വന്നാല്‍ കൈകൊടുത്ത് പിരിയണം. ഒന്നിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിന്നിട്ട് കാര്യമില്ല. അനില്‍ കുംബ്ലെ ചെയ്തതും അതു തന്നെയാണ്. ഇന്ത്യന്‍ ടീമിന്റെ പുരോഗതിക്ക് വേണ്ടി കുംബ്ലെ പരമാവധി ശ്രമിച്ചെങ്കിലും അതു ഫലപ്രദമായില്ല. അതുകൊണ്ട് പുറത്തു പോകാന്‍ സ്വയം തീരുമാനിച്ച കുംബ്ലെ തലയയുര്‍ത്തി പിടിച്ചു തന്നെയാണ് മടങ്ങിയത്. അതാണ് പ്രൊഫഷണലിസം.''