ബെംഗളൂരു: ദക്ഷിണാഫ്രിക്കയുടെ മുന്‍ താരവും ഫീല്‍ഡിങ്ങില്‍ സൂപ്പര്‍മാനുമായ ജോണ്ടി റോഡ്‌സിനെ ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. ലോകം കണ്ട മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് റോഡ്‌സ്. 1992ലെ ഏകദിന ലോകകപ്പില് പാകിസ്താന്‍ താരം ഇന്‍സമാം ഉല്‍ ഹഖിനെ പുറത്താക്കിയത് ജോണ്ടി റോഡ്‌സിന്റെ മികച്ച ഫീല്‍ഡിങ്ങിന് ഒരുദാഹരണമാണ്.
അന്നത്തെ ആ റണ്ണൗട്ടിനെ അനുസ്മരിപ്പിക്കുന്ന തരത്തിലൊരു ഫീല്‍ഡിങ് ഒരു ഇന്ത്യന്‍ താരവും ചെയ്തു. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ റോഡ്‌സിനെ അതുപോലെ അനുകരിക്കുകയാണെന്ന് തോന്നിപ്പോകും. കര്‍ണാടക ബൗളര്‍ വിനയ് കുമാര്‍ ആണ് ആ താരം.
സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു വിനയ് കുമാറിന്റെ സൂപ്പര്‍മാന്‍ ഫീല്‍ഡിങ്. പഞ്ചാബ് താരം ഗുര്‍കീരാത് സിങ്ങിനെയാണ് റോഡ്‌സ് സ്‌റ്റൈലില്‍ വിനയ് കുമാര്‍ പുറത്താക്കിയത്.
ശ്രീനാഥ് അരവിന്ദിന്റെ പന്തില്‍ ഗുര്‍കീരാത് സിങ്ങ് സിംഗിളിനായി ഓടുകയായിരുന്നു. ലെഗ്‌സൈഡില്‍ നിന്ന് വിക്കറ്റിനെ ലക്ഷ്യമാക്കി കര്‍ണാടക ഫീല്‍ഡര്‍ പന്തെറിഞ്ഞെങ്കിലും അത് സ്റ്റമ്പില്‍ തട്ടാതെ കടന്നുപോയി. ബൗളര്‍ ശ്രീനാഥ് അരവിന്ദിന് അത് കൈപ്പിടിയിലൊതുക്കാനും കഴിഞ്ഞില്ല. എന്നാല്‍ ഈ പന്ത് നേരെ ചെന്നെത്തിയത് മിഡ്ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വിനയ് കുമാറിന്റെ െൈകയിലേക്കാണ്. പന്ത് കൈപ്പിടിയിലൊതുക്കിയ ശേഷം ഒരു മുഴുനീളെ ഡൈവിലൂടെ വിനയ് കുമാര്‍ സ്റ്റമ്പിളക്കി.
മത്സരശേഷം ഈ റണ്ണൗട്ടിന്റെ വീഡിയോ വിനയ് കുമാര്‍ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തു. 1992ലെ ആ റണ്‍ഔട്ടിന്റെ വീഡിയോ താന്‍ കുറേതവണ കണ്ടിട്ടുണ്ടെന്നും അത്തരമൊരു അവസരം തനിക്ക് ഇന്നാണ് ലഭിച്ചതെന്നുമുള്ള കുറിപ്പോടെയാണ് വിനയ് കുമാര്‍ ഈ വീഡിയോ പങ്കുവെച്ചത്. ഇത് എങ്ങനെയുണ്ടെന്ന് റോഡ്‌സിനോട് ചോദിക്കാനും വിനയ് കുമാര്‍ മറന്നില്ല.
1992ലെ ലോകകപ്പ് കാണാന്‍ മാത്രം വയസ്സ് നിനക്കുണ്ടെന്ന് താന്‍ കരുതുന്നില്ല എന്നായിരുന്നു റോഡ്‌സ് ഇതിന് മറുപടി നല്‍കിയത്. അത് ശരിയാണെന്നും അതിന് യു ട്യൂബിനോടാണ് നന്ദി പറയേണ്ടതെന്നും വിനയ് മറുപടി നല്‍കി. എല്ലാവര്‍ക്കും പ്രചോദനമായി നിലനില്‍ക്കുന്നതിന് നന്ദി പറയുന്നുവെന്നും വിനയ് ട്വീറ്റ് ചെയ്തു.
Content Highlights: Vinay Kumar Turns Jonty Rhodes In Karnataka vs Punjab Match