മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ പൃഥ്വി ഷാ-മുഹമ്മദ് സിറാജ് വാക്‌പോര്. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മുംബൈ-ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ടീം ഇന്ത്യയിലെ പുതുമുഖങ്ങള്‍ വാക്കുകള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് സെഞ്ചുറി നേടിയ രോഹിത് റായിഡുവിന്റെ മികവില്‍ എട്ടു വിക്കറ്റിന് 246 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മയും പൃഥ്വിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 10 ഓവറില്‍ 73 റണ്‍സടിച്ചുകൂട്ടിയ സഖ്യം പിരിക്കാനായി ഹൈദരാബാദ് നായകന്‍ അമ്പാട്ടി റായിഡു സിറാജിനെ പന്തേല്‍പ്പിച്ചു.
മികച്ച പന്തുകള്‍ കൊണ്ട് സിറാജ്, പൃഥ്വിയെ വിറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. ബൗണ്‍സറുകളായിരുന്നു സിറാജിന്റെ ആയുധം. സിറാജിന്റെ രണ്ട് മികച്ച പന്തുകള്‍ കളിക്കാനുള്ള പൃഥ്വിയുടെ ശ്രമം പാളി. രണ്ടു തവണയും ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ പൃഥ്വിക്ക് ജീവന്‍ നല്‍കുകയായിരുന്നു.
സിറാജിനെ ഇത് അലോസരപ്പെടുത്തുകയും ചെയ്തു. സിറാജിന്റെ അടുത്ത ബൗണ്‍സറിലും പൃഥ്വി ബീറ്റണായി. ഇതോടെ പൃഥ്വിക്ക് അടുത്തെത്തി സിറാജ് എന്തോ പറയുകയായിരുന്നു. പൃഥ്വിയും വെറുതെ നിന്നില്ല, തിരിച്ചടിച്ചു.
സിറാജിന്റെ അടുത്ത പന്തുകളും പൃഥ്വിക്ക് കളിക്കാനായില്ല. ഒരു പന്ത് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ പൃഥ്വിയുടെ കയ്യില്‍ നിന്നും ബാറ്റ് തെറിച്ചു പോയി. സിറാജില്‍ നിന്ന് അടുത്തതായി എത്തിയ ഒരു സ്ലോ ബൗണ്‍സറും പൃഥ്വിയെ കടന്നു പോയി. ഈ സമയമത്രയും സിറാജ്, പൃഥ്വിയെ തുറിച്ച് നോക്കുന്നത് കാണാമായിരുന്നു. എന്നാൽ പിന്നീട് കളിമാറി. സിറാജിന്റെ ആദ്യ മൂന്നു പന്തുകളിൽ മറുപടിയില്ലാതിരുന്ന പൃഥ്വി, അടുത്ത മൂന്നു പന്തുകളിൽ തുടർച്ചയായ രണ്ടു സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 16 റൺസ് അടിച്ചുകൂട്ടുകയും ചെയ്തു.
44 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത പൃഥ്വി ഒടുവില്‍ 12-ാം ഓവറിൽ മെഹ്ദി ഹസന്റെ പന്തിലാണ് പുറത്തായത്. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം മുംബൈ 60 റണ്‍സിന് ജയിക്കുകയും ചെയ്തു.
Content Highlights: vijay hazare trophy semifinal watch mohammed siraj sledges prithvi shaw gets smacked