ഐ.പി.എല്‍ ടീം റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് തഴയപ്പെട്ട ധോനിക്ക് ആശ്വാസമായി പുതിയ വാര്‍ത്ത. വിജയ് ഹസാരെ ട്രോഫിക്കുള്ള പതിനെട്ടംഗ ജാര്‍ഖണ്ഡ് ടീമിന്റെ ടീമിന്റെ ക്യാപ്റ്റനായി ധോനിയെ നിയമിച്ചു. ഫെബ്രുവരി 25നാണ് വിജയ് ഹസാരെ ട്രോഫി തുടങ്ങുന്നത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ ഏകദിന, ടിട്വന്റി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്ന ധോനിക്ക് സ്റ്റീവന്‍ സ്മിത്തിന് വേണ്ടി റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സിന്റെ നായകസ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിന് വേണ്ടി ധോനി കളിച്ചിരുന്നു. പക്ഷേ ടീമിന്റെ ക്യാപ്റ്റനായിരുന്നില്ല. പകരം പെയ്‌സ് ബൗളര്‍ വരുണ്‍ ആരോണായിരുന്നു ജാര്‍ഖണ്ഡിനെ നയിച്ചിരുന്നത്.
ജാര്‍ഖണ്ഡിന്റെ ഉപദേശകനായി ധോനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. 2016 ഓഗസ്റ്റില്‍ ബുച്ചി ബാബു ഓള്‍ ഇന്ത്യാ ഇന്‍വിറ്റേഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ധോനിയായിരുന്നു ജാര്‍ഖണ്ഡിന്റെ ഉപദേശകന്‍. പിന്നീട് രഞ്ജി ട്രോഫിയുടെ സെമിയിലും ധോനി ടീമിന്റെ ഉപദേശകനായി.
ഗ്രൂപ്പ് ഡിയില്‍ ഛത്തീസ്ഗഢ്, ഹൈദരാബാദ്, ജമ്മു കാശ്മീര്‍, കര്‍ണാടക, സൗരാഷ്ട്ര, സര്‍വ്വീസസ് ടീമുകള്‍ക്കൊപ്പമാണ് ജാര്‍ഖണ്ഡിന്റെ സ്ഥാനം. ഫെബ്രുവരി 25ന് കൊല്‍ക്കത്തയില്‍ കര്‍ണാടക്കെതിരെയാണ് ധോനിയുടെ സംഘത്തിന്റെ ആദ്യ മത്സരം.