മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍. വത്സല്‍ ഗോവിന്ദ്, വരുണ്‍ നായനാര്‍ എന്നിവരാണ് ടീമിലിടം നേടിയത്. സൂരജ് അഹൂജയാണ് ക്യാപ്റ്റന്‍. രണ്ട് മത്സരങ്ങളും തിരുവനന്തപുരത്താണ് നടക്കുക. ആദ്യ മത്സരം ഫെബ്രുവരി 20നും രണ്ടാം മത്സരം 26നും ആരംഭിക്കും.
കൂച്ച് ബിഹാര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് വത്സലിനും വരുണിനും ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. ഈ വര്‍ഷം 1235 റണ്‍സടിച്ച വത്സല്‍ ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് 123.50 ശരാശരിയോടെയായിരുന്നു പത്തൊമ്പതുകാരന്റെ പ്രകടനം. ഇതില്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ഈ മികവിന്റെ അടിസ്ഥാനത്തില്‍ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിലും വത്സല്‍ ഇടം പിടിച്ചിരുന്നു.
പതിനാറുകാരനായ വരുണ്‍, വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ കേരള അണ്ടര്‍-16 ടീമിന്റെ ക്യാപ്റ്റനായിരുന്നു. കൂച്ച് ബിഹാര്‍ ട്രോഫിയിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇരട്ട സെഞ്ചുറി നേടി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 97 ശരാശരിയില്‍ 679 റണ്‍സാണ് വരുണിന്റെ സമ്പാദ്യം.
Content Highllights: Vathsal Govind, Varun Nayanar in India U-19 squad