നാഗാലാന്‍ഡിന്റെ കളി കണ്ടാല്‍ ചോദിച്ചുപോകും 'നീയൊക്കെ എന്തിനാ ക്രിക്കറ്റ് കളിക്കുന്നത്' ന്ന്....


സജ്‌ന ആലുങ്ങല്‍

ആ ഒരൊറ്റ റണ്‍ തന്നെ ഭാഗ്യം കൊണ്ടാണ് നാഗാലാന്‍ഡിന് കിട്ടിയത്.

ബി.സി.സി.ഐയുടെ അണ്ടര്‍-19 വനിതാ ക്രിക്കറ്റില്‍ കേരളത്തിനെതിരെ നാഗാലാന്‍ഡിന്റെ കളി കണ്ടാല്‍ ഗോഡ്ഫാദറില്‍ ജഗദീഷിനോട് ഇന്നസെന്റ് ചോദിക്കുന്നതു പോലെ നമ്മള്‍ ചോദിച്ചു പോകും...' നീയൊക്കെ എന്തിനാ ക്രിക്കറ്റ് കളിക്കുന്നത് ന്ന്? അത്രയും പരിതാപകരവും നാണക്കേടുണ്ടാക്കുന്നതുമായിരുന്നു നാഗാലാന്‍ഡിന്റെ ബാറ്റിങ്. പാടത്തും പറമ്പിലും കളിക്കുന്ന കുഞ്ഞു കുട്ടികള്‍ വരെ അതിനേക്കാള്‍ മികച്ച രീതിയില്‍ ബാറ്റുചെയ്യും.

ഇന്നിങ്‌സിലാകെ 102 പന്ത് നേരിട്ട നാഗാലാന്‍ഡിന് ഒരൊറ്റ പന്തില്‍ മാത്രമാണ് റണ്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ബാക്കി 101 പന്തിലും ഒന്നും ചെയ്യാനാകാതെ നാഗാലാന്‍ഡ് താരങ്ങള്‍ മിഴിച്ചുനിന്നു. ഒരു സിംഗിളും ഒരു എക്‌സ്ട്രാ റണ്ണും കിട്ടിയിരുന്നില്ലെങ്കില്‍ നാഗാലാന്‍ഡിന്റെ സ്‌കോര്‍ ബോര്‍ഡ് വട്ടപ്പൂജ്യമാകുമായിരുന്നു.

ആ ഒരൊറ്റ റണ്‍ തന്നെ ഭാഗ്യം കൊണ്ടാണ് നാഗാലാന്‍ഡിന് കിട്ടിയത്. കേരളത്തിന്റെ ബൗളര്‍ അലീനയുടെ പന്ത് ഓഫ് സൈഡിലേക്ക് അടിച്ച് ഓപ്പണാറായ മേനക സിംഗിളെടുക്കുകയായിരുന്നു. പിന്നീട് അലീന ഒരു വൈഡെറിഞ്ഞ് എക്‌സ്ട്രാ റണ്‍ സംഭാവനെ ചെയ്തു. അതോടെ കൂടി ആറു ഓവറിനുള്ളില്‍ നാഗാലാന്‍ഡ് സ്‌കോര്‍ ബോര്‍ഡിന്റെ ചലനം നിലച്ചു.

മേനകയെ സൗരഭ്യ പുറത്താക്കിയതിന് പിന്നാലെ പൂജ്യത്തിന് മുഷ്‌കാനും റണ്‍ഔട്ടായി. പിന്നീട് വന്നവര്‍ ബാറ്റു വെറുതെ വീശി സമയം കളഞ്ഞ് വന്നപോലെ ക്രീസ് വിട്ടു. ക്യാപ്റ്റനായ എലീന 15 പന്ത് നേരിട്ടപ്പോള്‍ ദീപിക കൈന്തുറ 12 പന്തും സാരിബ 19 പന്തും നേരിട്ട് പൂജ്യത്തിന് പുറത്തായി. കനിക, പ്രിയങ്ക, പൊരി, ജ്യോതി, ജോയ്ശ്രീ എന്നിവരാണ് സംപൂജ്യത്തിന് പുറത്തായ മറ്റു താരങ്ങള്‍. പ്രിയങ്ക മാത്രം പതിനൊന്നാമയായി പുറത്താകാതെ നിന്നു.

ഈ ലോകറെക്കോഡ് തിരുത്തിയ വിജയത്തിന് പിന്നില്‍ ബൗളര്‍മാരാണെന്നാണ് കേരളത്തിന്റെ പരിശീലക സുമന്‍ ശര്‍മ്മ പറയുന്നത്. അച്ചടക്കത്തോടെയുള്ള ബൗളിങ്ങും ഫീല്‍ഡര്‍മാരുടെ മികവുമാണ് കേരളത്തിന്റെ അദ്ഭുത വിജയത്തിന് പിന്നിലെന്ന് സുമന്‍ ശര്‍മ്മ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറാണ് നാഗാലാന്‍ഡ് നേടിയ രണ്ടു റണ്‍സ്. 1810ല്‍ ഇംഗ്ലണ്ടിലെ ഓള്‍ഡ് ലോര്‍ഡ്‌സില്‍ ദ ബിഎസ് ടീം ഓള്‍ ഇംഗ്ലണ്ട് ടീമിനെതിരെ നേടിയ ആറു റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോഡ്. നേരത്തെ അണ്ടര്‍-19 ലീഗില്‍ നാഗാലാന്‍ഡും മണിപ്പൂരും തമ്മിലുള്ള മത്സരത്തില്‍ 136 വൈഡുകള്‍ എറിഞ്ഞതും വാര്‍ത്തയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram