സതാംപ്ടണ്‍: ഇനി ഇന്ത്യയുടെ ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ ഭാവി എന്തായിരിക്കും? ഇംഗ്ലീഷ് മണ്ണില്‍ കളി മറക്കുന്ന രാഹുലിനെ ടീമില്‍ നിന്ന് മാറ്റേണ്ട സമയമായിരിക്കുന്നു എന്നാണ് ആരാധകര്‍ മുറവിളി കൂട്ടുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുന്ന രാഹുല്‍ വിദേശ മണ്ണില്‍ പരാജയമാകുകയാണ്. സതാംപ്ടണില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഏഴു പന്ത് നേരിട്ട് പൂജ്യനായി രാഹുല്‍ ക്രീസ് വിട്ടു. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ കുറ്റി തെറിച്ചായിരുന്നു ഇന്ത്യയുടെ ഓപ്പണറുടെ മടക്കം.
ഇതിന് പിന്നാലെ ട്വിറ്ററില്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. സമയവും കളിക്കാനുള്ള അവസരവും നല്‍കിയിട്ടും പരാജയമാകുന്ന രാഹുലിന് പകരം പൃഥ്വി ഷായെ ടീമിലെടുക്കണമെന്നാണ് ഒരുകൂട്ടം ആരാധകര്‍ വാദിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് രാഹുലിന്റെ കഴിഞ്ഞ 13 ഇന്നിങ്‌സുകളെടുത്ത് നോക്കിയാല്‍ ആരാധകരുടെ വാദത്തിന് കഴമ്പുണ്ടെന്ന് മനസ്സിലാകും. പതിമൂന്ന് ഇന്നിങ്‌സുകളില്‍ 28, 10, 4, 0, 16, 4, 13, 8, 10, 23, 36, 19, 0 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോറുകള്‍.
ഇംഗ്ലണ്ടിനെതിരായ ഇന്നിങ്‌സിലും പരാജയം തന്നെയാണ് യുവതാരം.ഇംഗ്ലണ്ട് പര്യടനത്തിലെ എട്ട് ഇന്നിങ്‌സുകളില്‍ 14.12 റണ്‍സ് ശരാശരിയില്‍ ഇതുവരെ നേടാനായത് 113 റണ്‍സ് മാത്രം. അതിലാകട്ടെ, ഒരു അര്‍ധസെഞ്ചുറി പോലുമില്ല. ഇനി അഞ്ചാം ടെസ്റ്റില്‍ രാഹുല്‍ ഇന്ത്യന്‍ ടീമിലുണ്ടാകുമോ എന്ന കാര്യം കണ്ടറിയേണ്ടി വരും.
Content Highlights: Twitter advocates for Prithvi Shaw to replace KL Rahul for the last Test against England