വിശാഖപട്ടണം: സഞ്ജു സാംസണിന്റെ മികവില്‍ കേരളത്തിന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ ആദ്യ ജയം. ഒമ്പത് വിക്കറ്റിന് ഗോവയെയാണ് തോല്പിച്ചത്. സ്കോര്‍: ഗോവ 20 ഓവറില്‍ എട്ടിന് 138. കേരളം 15.5 ഓവറില്‍ ഒന്നിന് 140.
44 പന്തില്‍ 65 റണ്‍സെടുത്ത് പുറത്താകാതെനിന്ന ഓപ്പണര്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. ഓപ്പണര്‍ വിഷ്ണു വിനോദ് 19 പന്തില്‍ 34 റണ്‍സ് നേടി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.5 ഓവറില്‍ 45 റണ്‍സ് നേടി.
വിഷ്ണു പുറത്തായതിന് ശേഷമെത്തിയ അരുണ്‍ കാര്‍ത്തിക്കിനൊപ്പം 95 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സഞ്ജു ടീമിനെ ജയത്തിലെത്തിച്ചു. 33 പന്തില്‍ 37 റണ്‍സുമായി കാര്‍ത്തിക് പുറത്താകാതെ നിന്നു. നാല് വീതം സിക്സും ഫോറും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.
ആദ്യ ബാറ്റ് ചെയ്ത ഗോവയ്ക്ക് വേണ്ടി കീനന്‍ വാസ് 36 റണ്‍സെടുത്ത് ടോപ് സ്കോററായി. കേരളത്തിനായി കെ.എം ആസിഫും അഭിഷേക് മോഹനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മൂന്ന് കളികളിലും തോറ്റ കേരളത്തിന്റെ നോക്കൗട്ട് റൗണ്ട് മോഹം പൊലിഞ്ഞിരുന്നു.
Content Highlights: Syed Mushtaq Ali Trophy Sanju Samson Kerala Cricket