ദക്ഷിണമേഖലാ ടീമില്‍ മൂന്നു മലയാളികള്‍


വിഷ്ണു വിനോദ്, ബേസില്‍ തമ്പി. സന്ദീപ് വാര്യര്‍ എന്നിവരാണ് ദേശീയതലത്തില്‍ മത്സരിക്കുന്ന ടീമില്‍ ഇടംനേടിയത്.

ചെന്നൈ: മുഷ്താഖ് അലി ക്രിക്കറ്റ് ഇന്റര്‍സോണ്‍ മത്സരത്തിനുള്ള ദക്ഷിണമേഖലാ ടീമില്‍ മൂന്നു കേരള താരങ്ങള്‍ ഇടംപിടിച്ചു. കേരളത്തിന്റെ ഓപ്പണറായിരുന്ന വിഷ്ണു വിനോദ്, പേസ് ബൗളര്‍മാരായ ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവരാണ് ദേശീയതലത്തില്‍ മത്സരിക്കുന്ന ടീമില്‍ ഇടംനേടിയത്.

ടൂര്‍ണമെന്റില്‍ സ്ഥിരതയോടെ ബാറ്റുവീശിയ ഓപ്പണര്‍ വിഷ്ണു വിനോദ് നാല് ഇന്നിങ്സില്‍ 199 റണ്‍സടിച്ചു. ഇതില്‍ രണ്ട് അര്‍ധസെഞ്ചുറികളുമുണ്ട്. 64 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 23-കാരനായ വിഷ്ണു പത്തനംതിട്ട സ്വദേശിയാണ്. ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം.

മുഷ്താഖ് അലി ക്രിക്കറ്റ് ദക്ഷിണമേഖലാ റൗണ്ടില്‍ അഞ്ച് ഇന്നിങ്സില്‍ എട്ടുവിക്കറ്റ് നേടിയ ബേസില്‍ തമ്പിയും ഏഴു വിക്കറ്റ് നേടിയ സന്ദീപ് വാര്യരും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പരിചിതരാണ്. 23-കാരനായ ബേസില്‍ തമ്പി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18 വിക്കറ്റ് നേടിയിട്ടുണ്ട്. എറണാകുളം സ്വദേശിയാണ്.

തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ് വാര്യര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിനുവേണ്ടി കളിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നൂറു വിക്കറ്റുകള്‍ നേടി. ഇന്റര്‍സോണ്‍ മത്സരം ഫെബ്രുവരി പത്തിന് തുടങ്ങും. എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. കമ്മിറ്റിയില്‍ കേളത്തില്‍നിന്ന് സുനില്‍ ഒയാസിസ് അംഗമായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram