ന്യൂഡല്‍ഹി: വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം എല്ലാ മേഖലകളിലും മെച്ചപ്പെട്ടിട്ടുണ്ട്. ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ബാറ്റിങ്ങിലും ടീം ഇന്ത്യ ഒരുപാട് മാറി. ബി.സി.സി.ഐയുടെ നിബന്ധനകളുള്ളതിനാല്‍ തന്നെ താരങ്ങള്‍ ഫിറ്റ്‌നെസിലും ശ്രദ്ധിക്കുന്നുണ്ട്.
എന്നാല്‍ ഫീല്‍ഡിങ്ങില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ ഇപ്പോഴും ശരാശരിക്കു താഴെയാണെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കറുടെ നിരീക്ഷണം. ഫിറോസ്ഷാ കോട്‌ലയില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഗവാസ്‌ക്കര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. കമന്ററി ബോക്‌സിലിരുന്നായിരുന്നു ഗവാസ്‌ക്കറുടെ വിമര്‍ശനം. രവിചന്ദ്ര അശ്വിനും ചേതേശ്വര്‍ പൂജാരയുമാണ് ആ രണ്ടു താരങ്ങള്‍.
ഹാന്‍ഡ് ബ്രേക്കിലോടുന്ന വാഹനം പോലെയാണ് പൂജാരയുടെ ഓട്ടം എന്നാണ് ഗവാസ്‌ക്കര്‍ വിമര്‍ശിച്ചത്. പന്തിന് പിന്നാലെ പൂജാര ഓടുമ്പോഴായിരുന്നു ഗവാസക്കറുടെ ലൈവ് കമന്ററി. അശ്വിനെയും ഗവാസ്‌ക്കര്‍ വെറുതെ വിട്ടില്ല. അശ്വിന്‍ ഫീല്‍ഡിങ്ങ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുണ്ടാകാം, പക്ഷേ വലിയ പുരോഗതിയൊന്നുമില്ലെന്നായിരുന്നു ഗവാസ്‌ക്കറുടെ വിമര്‍ശനം.
ഫിറോസ്ഷാ കോട്‌ലയില്‍ അശ്വിനും പൂജാരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. അശ്വിന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് ഇന്നിംഗ്‌സുകളിലായി പുജാര 23, 49 എന്നീ സ്‌കോറുകള്‍ നേടി.