ന്യൂഡല്‍ഹി: ലോകകപ്പ് തുടങ്ങേണ്ട താമസമേയുള്ളൂ കിരീടം സ്വന്തമാക്കാന്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ വമ്പിന് കിട്ടിയ അടിയായിരുന്നു ഓസ്‌ട്രേലിയന്‍ പരമ്പരയിലെ തോൽവി. ഓസീസിനെതിരെയും ന്യൂസീലന്‍ഡിനെതിരെയും അവരുടെ നാട്ടില്‍ നടന്ന പരമ്പരകളിലെ തകര്‍പ്പന്‍ വിജയവുമായിട്ടായിരുന്നു ടീം ഇന്ത്യ നാട്ടില്‍ ഓസീസിനെ എതിരേറ്റത്. എന്നാല്‍ ആദ്യം ട്വന്റി 20 പരമ്പര തൂത്തുവാരിയ സന്ദര്‍ശകര്‍ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ അടിയറവച്ച ശേഷം അവസാന മൂന്നു മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കി.
ടീം ഇന്ത്യയ്ക്ക് ലോകകപ്പിനു മുന്‍പ് ഒട്ടേറെ തലവേദനകള്‍ സമ്മാനിച്ചാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം അവസാനിച്ചത്. ഈ സാഹചര്യത്തില്‍ ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഇതിന് മറുപടി നല്‍കാന്‍ തനിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈ നോക്കാന്‍ സമയം കിട്ടിയില്ലെന്നായിരുന്നു ഗവാസ്‌ക്കറുടെ മറുപടി.
''ഈ ചോദ്യത്തിന് മറുപടി നല്‍കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ എനിക്ക് വിരാട് കോലിയുടെ കൈനോക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ഈ ചോദ്യത്തിന് എനിക്ക് ഉത്തരം പറയാന്‍ പറ്റില്ല. എങ്കിലും ഇന്ത്യ ലോകകപ്പ് വിജയിക്കുമെന്നാണ് എന്റെ വിശ്വാസം''-ഗവാസ്ക്കർ പറഞ്ഞു.
അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലായിടത്തും ഒരേ പന്തു തന്നെ ഉപയോഗിക്കാനുള്ള മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ നിര്‍ദേശത്തോട് യോജിക്കാനാവില്ലെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി. അത് വിദേശ പര്യടനങ്ങളിലെ വെല്ലുവിളികള്‍ ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ എതിര്‍പ്പ്.
Content Highlights: sunil gavaskar says he hasn t checked virat kohli s palm