പരിശീലനം ഒഴിവാക്കി ഷോപ്പിങ്ങിന് വിടുന്ന പരിശീലകനെയാണോ വേണ്ടത്: ഗവാസ്‌കര്‍


1 min read
Read later
Print
Share

കളിക്കളത്തിന് അകത്തും പുറത്തും ധീരനായ പോരാളിയാണ് കുംബ്ലെയെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി

മുംബൈ: പരിശീലക സ്ഥാനത്ത് നിന്ന് കുംബ്ലെ രാജിവെച്ചതില്‍ പ്രതിഷേധമറിയിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത ദിനമാണിതെന്നും കോലിയും കുംബ്ലെയും തമ്മിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

കുംബ്ലെ എന്തെങ്കിലും തെറ്റു ചെയ്തതായി ഞാന്‍ കരുതുന്നില്ല. എല്ലാ ടീമിലും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുണ്ടാകാം. പക്ഷേ മത്സരഫലങ്ങള്‍ അനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്. കുംബ്ലെ പരിശീലകനായ ശേഷം ഇന്ത്യ മികച്ച രീതിയില്‍ തന്നെയാണ് മുന്നോട്ടു പോയത്. ഗവാസ്‌കര്‍ എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

''നിങ്ങള്‍ക്ക് വേണ്ടത് മൃദുവായ സംസാരിക്കുന്ന പരിശീലകരെയാണോ? അതായത് നിങ്ങള്‍ക്ക് വയ്യെങ്കില്‍ ഇന്ന് പരിശീലനം വേണ്ട, അവധിയെടുത്ത് ഷോപ്പിങ്ങിന് പൊയ്‌ക്കോളൂ എന്നൊക്കെ പറയുന്ന പരിശീലകരെ''. ഗവാസ്‌ക്കര്‍ ചോദിക്കുന്നു. കുംബ്ലെക്ക് എതിരെ ഏതെങ്കിലും താരങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവരെല്ലാം ടീമില്‍ നിന്ന് പുറത്തു പോകേണ്ടവരാണെന്നും ഗവാസ്‌കര്‍ പറയുന്നു.

കളിക്കളത്തിന് അകത്തും പുറത്തും ധീരനായ പോരാളിയാണ് കുംബ്ലെയെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. തന്റെ താടിയെല്ലിന് പരിക്കു പറ്റി, ഒടിഞ്ഞ താടിയെല്ല് കെട്ടിവെച്ച് പന്തെറിഞ്ഞ കുംബ്ലെയെ ഗവാസ്‌കര്‍ ഓര്‍മപ്പെടുത്തുകയും ചെയ്തു.

അതേസമയം, നായകന്‍ കോലിയുടെ കടുത്ത നിലപാടുകളാണ് പരിശീലക സ്ഥാനം ത്യജിക്കാന്‍ കുംബ്ലെയെ നിര്‍ബന്ധിതനാക്കിയതെന്ന വാര്‍ത്തകള്‍ ആരാധകര്‍ക്കിടയിലും പ്രതിഷേധനത്തിന് വഴിവെച്ചിട്ടുണ്ട്. കോലിക്കെതിരെയുള്ള രോഷപ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍. കോലിയുടെ പക്വതയില്ലായ്മയ്ക്ക് കുംബ്ലെയെ ബലി കൊടുക്കണമോ എന്ന ചോദ്യമാണ് എല്ലാവരും ഉയര്‍ത്തുന്നത്. കോലിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് കുംബ്ലെ തുറന്നു പറഞ്ഞ സാഹചര്യത്തില്‍ കോലി മറുപടി പറയണമെന്നും ആരാധകര്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram