ഹാമില്‍ട്ടന്‍: അടുത്ത കാലത്ത് ആസൂയപ്പെടുത്തുന്ന വിജയങ്ങളോടെ മുന്നേറുകയായിരുന്ന ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞ് തോല്‍വി ഏറ്റുവാങ്ങിയത് ആരാധകരെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്.
30.5 ഓവറില്‍ വെറും 92 റണ്‍സിന് പുറത്തായ ഇന്ത്യയ്‌ക്കെതിരേ 212 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസീലന്‍ഡ് ലക്ഷ്യം കാണുകയായിരുന്നു. ഇത്രയേറെ പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്‌ക്കെതിരേ ഒരു ടീം വിജയം നേടുന്നത് ചരിത്രത്തിലാദ്യവും.
ഇതോടെ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കവും ആശങ്കയിലായി. ക്യാപ്റ്റന്‍ കോലി, എം.എസ് ധോനി എന്നിവരുടെ അഭാവം ടീമില്‍ സൃഷ്ടിക്കുന്ന വിടവ് എടുത്തു കാണിക്കുന്നതായിരുന്നു ഇന്നത്തെ മത്സരം. ഇപ്പോഴിതാ തോല്‍വിയില്‍ നിര്‍ണായകമായത് ധോനിയുടെ അഭാവമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍.
ധോനിയുടെ അനുഭവ സമ്പത്തിന്റെ കുറവ് മത്സരത്തില്‍ ഉടനീളം നിഴലിച്ചുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു. തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് സമ്മര്‍ദത്തിലായാല്‍ ക്രീസില്‍ പിടിച്ചുനിന്ന് ഇന്നിങ്‌സ് മുന്നോട്ടുനയിക്കാനും അവസാനം അടിച്ചു തകര്‍ക്കാനും സാധിക്കുന്ന തരത്തിലുള്ള താരമാണ് ധോനി. ആരെങ്കിലും പിന്തുണ കൊടുക്കാനുണ്ടെങ്കില്‍ അദ്ദേഹം ടീമിന് ആവശ്യമായ റണ്‍സ് കണ്ടെത്തുമായിരുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ദയനീയ തോല്‍വിക്കു പിന്നാലെ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചയും ധോനിയുടെ അസാന്നിധ്യമാണ്. ഇന്ത്യന്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടിട്ടുള്ള മത്സരങ്ങളില്‍ ധോനി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ കണക്കുകളും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlights: sunil gavaskar highlights ms dhoni's importance after new zealand defeat