സ്മിത്തും വാര്‍ണറും ഓസ്‌ട്രേലിയയുടെ ട്വന്റി-20 ടീമില്‍ തിരിച്ചെത്തി


1 min read
Read later
Print
Share

2016-ന് ശേഷം ആദ്യമായാണ് സ്റ്റീവ് സ്മിത്ത് ട്വന്റി-20 മത്സരം കളിക്കാന്‍ പോകുന്നത്.

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ട്വന്റി-20 ടീമില്‍ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തി. പാകിസ്താനും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരയ്ക്കുള്ള ട്വന്റി-20 ടീമിലാണ് ഇരുവരും ഇടം നേടിയത്. അടുത്ത വര്‍ഷം സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് കൂടി മുന്‍നിര്‍ത്തിയാണ് ഇരുവരേയും തിരിച്ചുവിളിച്ചത്.

2016-ന് ശേഷം ആദ്യമായാണ് സ്റ്റീവ് സ്മിത്ത് ട്വന്റി-20 മത്സരം കളിക്കാന്‍ പോകുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വാര്‍ണറും സ്മിത്തും വിലക്ക് നേരിട്ടിരുന്നു. പിന്നീട് ആഷസ് ടെസ്റ്റിലൂടെയാണ് തിരിച്ചെത്തിയത്. ആഷസില്‍ സ്മിത്ത് മികച്ച ഫോം പുറത്തെടുക്കുകയും ചെയ്തു. നാല് മത്സരങ്ങളില്‍ നിന്ന് 774 റണ്‍സ് നേടി. ഓസ്‌ട്രേലിയക്കായി ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഡേവിഡ് വാര്‍ണര്‍. ഐ.പി.എല്ലില്‍ 692 റണ്‍സും ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ 647 റണ്‍സും വാര്‍ണറുടെ അക്കൗണ്ടിലുണ്ട്.

ആരോണ്‍ ഫിഞ്ചാണ് ഓസീസ് ടീമിന്റെ ക്യാപ്റ്റന്‍. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിന്‍സിനെ ഒഴിവാക്കിയപ്പോള്‍ നഥാന്‍ ലിയോണിനെ മറികടന്ന് ആഷ്ടണ്‍ ടര്‍ണര്‍ക്ക് ഓസീസ് അവസരം നല്‍കി. ഒക്ടോബർ 27-ന് തുടങ്ങുന്ന പരമ്പരയില്‍ ശ്രീലങ്ക മൂന്നു ട്വന്റി-20 മത്സരങ്ങള്‍ കളിക്കും. അതിനുശേഷമാണ് പാകിസ്താനെതിരേയുള്ള ഓസ്‌ട്രേലിയയുടെ ട്വന്റി-20 പരമ്പര. നവംബര്‍ അഞ്ചിന് പാകിസ്താനെതിരായ ആദ്യ മത്സരം നടക്കും.

Content Highlights: Steve Smith, David Warner in Australia T20 squad for Sri Lanka Pakistan series

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram