കൊളംബോ: ശ്രീലങ്കയുടെ നിഗൂഢ സ്പിന്നര്‍ അജാന്ത മെന്‍ഡിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നാണ് താരം അറിയിച്ചത്.
2015-ലാണ് മെന്‍ഡിസ് അവസാനമായി ലങ്കയ്ക്കായി കളിച്ചത്. പരിക്കും മോശം ഫോമും കാരണം പിന്നീട് ടീമിന് പുറത്താകുകയായിരുന്നു.
ട്വന്റി 20-യില്‍ രണ്ടു തവണ ആറു വിക്കറ്റ് വീഴ്ത്തിയ ഏക ബൗളറാണ് മെന്‍ഡിസ്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികച്ച താരമെന്ന റെക്കോഡും മെന്‍ഡിസിന്റെ പേരിലാണ്.
2008-ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത ബൗളിങ് പ്രകടനത്തിലൂടെ ശ്രദ്ധേയനായ താരമാണ്. അന്ന് വെറും 13 റണ്‍സ് വഴങ്ങിയാണ് മെന്‍ഡിസ് ഇന്ത്യയുടെ ആറു വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ ഇന്ത്യയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലും മെന്‍ഡിസ് ഇന്ത്യന്‍ താരങ്ങളെ വെള്ളം കുടിപ്പിച്ചു. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ മെന്‍ഡിസ് 28 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇന്ത്യ 2-1 ന് പരമ്പര തോറ്റു.
ലങ്കയ്ക്കായി 19 ടെസ്റ്റുകളില്‍ നിന്ന് 70 വിക്കറ്റുകളും 87 ഏകദിനങ്ങളില്‍ നിന്ന് 152 വിക്കറ്റുകളും 39 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റുകളും നേടി.
Content Highlights: Sri Lankan mystery spinner Ajantha Mendis announces retirement