പോര്‍ട്ട് എലിസബത്ത്: തങ്ങളെ എഴുതിത്തള്ളിയ ക്രിക്കറ്റ് പണ്ഡിതരെ അദ്ഭുതപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രമെഴുതി ശ്രീലങ്ക. രണ്ടാം ടെസ്റ്റിലെ എട്ടു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കെതിരായ രണ്ടു മത്സര ടെസ്റ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരി. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന നേട്ടവും ഇതോടെ ലങ്ക സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏകദിന ശൈലിയില്‍ ബാറ്റുവീശിയാണ് വിജയത്തിലെത്തിയത്. 110 പന്തുകളില്‍ നിന്ന് 13 ബൗണ്ടറിയടക്കം 84 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും 106 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 75 റണ്‍സെടുത്ത ഓഷാഡ ഫെര്‍ണാന്‍ഡോയുമാണ് 45.4 ഓവറില്‍ ലങ്കയെ ലക്ഷ്യത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 163 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം ഇന്നിങ്‌സില്‍ ലങ്കയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക 222 & 128. ശ്രീലങ്ക 154 & 197/2
രണ്ടാം ദിനത്തില്‍ മാത്രം 18 വിക്കറ്റുകളാണ് വീണത്. ആദ്യ ഇന്നിങ്‌സില്‍ 222 റണ്‍സെടുത്ത ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 154 റണ്‍സിന് പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക വെറും 128 റണ്‍സിന് പുറത്തായി. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക രണ്ടിന് 60 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. മൂന്നാം ദിനം മെന്‍ഡിസിന്റെയും ഫെര്‍ണാണ്ടോയുടെയും മികവില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലങ്ക വിജയത്തിലെത്തി.
ഡെയ്ല്‍ സ്റ്റെയ്‌നും കാഗിസോ റബാദയും കേശവ് മഹാരാജും ഉള്‍പ്പെടുന്ന ബൗളിങ് സഖ്യത്തെ ഉപയോഗിച്ച് മൂന്നാം ദിനം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് പൊരുതി നോക്കിയെങ്കിലും മെന്‍ഡിസ് - ഫെര്‍ണാണ്ടോ സഖ്യം ഉറച്ചുനിന്നതോടെ ലങ്ക വിജയം സ്വന്തമാക്കി.
Content Highlights: sri lanka seal historic test series whitewash in south africa