കൊളംബോ: 19 വര്‍ഷം മുമ്പ്, അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇടംകൈയില്‍ നിന്ന് ഒരു പന്ത് കറക്കിയെറിഞ്ഞത് ഈ സ്റ്റേഡിയത്തില്‍ നിന്നാണ്. അതേ വേദിയില്‍ അതിന്റെ യാത്ര അവസാനിക്കുന്നു.
സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ഇടംകൈയന്‍ ഓഫ്സ്പിന്നറായ ശ്രീലങ്കയുടെ രംഗന ഹെറാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു. ശ്രീലങ്കയിലെ ഗാലെ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനൊടുവില്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് ഹെറാത്ത് അറിയിച്ചു. 40-കാരനായ ബൗളര്‍ ഏകദിനത്തില്‍നിന്ന് നേരത്തേ വിരമിച്ചിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇടംകൈയന്‍ സ്പിന്നര്‍ എന്ന ബഹുമതിയുമായാണ് ഹെറാത്ത് മടങ്ങുന്നത്. താരത്തിന്റെ വിരമിക്കല്‍ ഇപ്പോള്‍ തന്നെ ദയനീയ അവസ്ഥയിലായ ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടിയായിരിക്കും.
1999-ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഗാലെയിലാണ് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. പരിക്കുകാരണം പല ഘട്ടങ്ങളിലും ടീമില്‍നിന്ന് മാറിനിന്നെങ്കിലും തിരിച്ചുവന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്ര ദീര്‍ഘമായ കരിയര്‍ ഉള്ളവര്‍ കുറയും. 92 ടെസ്റ്റിലെ 168 ഇന്നിങ്സില്‍ 430 വിക്കറ്റുകള്‍ നേടിയ ഹെറാത്ത് ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ഇപ്പോള്‍ പത്താം സ്ഥാനത്താണ്. 34 തവണ അഞ്ചു വിക്കറ്റുകള്‍ സ്വന്തമാക്കി. കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ ശ്രീലങ്കന്‍ കളിക്കാരന്‍ എന്ന നിലയില്‍ 800 വിക്കറ്റുകള്‍ നേടിയിട്ടുള്ള മുത്തയ്യ മുരളീധരന്റെ തൊട്ടുപിന്നിലായാണ് ഹെറാത്തിന്റെ സ്ഥാനം.
മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരേ അഞ്ചുവിക്കറ്റ് നേടിയാല്‍ റിച്ചാര്‍ഡ് ഹാര്‍ഡ്ലി (431), സ്റ്റുവര്‍ട്ട് ബ്രോഡ് (433), കപില്‍ദേവ് (434) എന്നിവരെ മറികടന്ന് വിക്കറ്റ് നേട്ടത്തില്‍ ഹെറാത്തിന് ഏഴാം സ്ഥാനത്തെത്താം.
ഗാലെ സ്റ്റേഡിയത്തില്‍ 100 വിക്കറ്റ് നേട്ടത്തിലെത്താന്‍ ഇനി ഒരു വിക്കറ്റുകൂടി മതി ഹെറാത്തിന്. ഏകദിന ക്രിക്കറ്റില്‍നിന്നും 2016-ല്‍ വിരമിച്ച താരം 71 മത്സരങ്ങളില്‍ നിന്നായി 74 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 17 ടിട്വന്റി മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളും നേടി.
Content Highlights: sri Lanka's Rangana Herath to retire after England Test series opener