ബര്‍മിങ്ങാം: പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുള്ള വിലക്കിനു ശേഷം ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിയ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കു നേരെ ഇംഗ്ലീഷ് കാണികളുടെ പ്രതിഷേധം.
ആദ്യ ആഷസ് ടെസ്റ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഡ്രസ്സിങ് റൂമിലേക്കു മടങ്ങിയ വാര്‍ണര്‍ക്കു നേരെ സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തിയാണ് കാണികള്‍ പ്രതിഷേധിച്ചത്.
വാര്‍ണര്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴും കാണികള്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നു. ഇത് പലപ്പോഴും ബാറ്റിങ്ങിനിടെ വാര്‍ണറെ അലോസരപ്പെടുത്തുകയും ചെയ്തു.
പുറത്തായ എല്‍.ബി.ഡബ്ല്യു തീരുമാനം റിവ്യു ചെയ്യാന്‍ നോണ്‍ സ്‌ട്രൈക്കറോട് ഒന്ന് ചര്‍ച്ച പോലും ചെയ്യാതെയാണ് വാര്‍ണര്‍ മടങ്ങിയത്. റീപ്ലേകലില്‍ വാര്‍ണര്‍ ഔട്ടല്ലെന്ന് തെളിയുകയും ചെയ്തു.
കേപ്ടൗണില്‍ കഴിഞ്ഞ വര്‍ഷം (2018) ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് 'സാന്‍ഡ് പേപ്പര്‍' ഉപയോഗിച്ച് വിവാദമായ പന്ത് ചുരണ്ടല്‍ നടന്നത്. തുടര്‍ന്ന് നായകന്‍ സ്റ്റീവ് സ്മിത്ത്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തേക്കും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും വിലക്കിയിരുന്നു.
വിലക്കിനു ശേഷം ഏകദിന ലോകകപ്പില്‍ മടങ്ങിയെത്തിയ സ്മിത്തിനെയും വാര്‍ണറെയും ഇംഗ്ലീഷ് കാണികള്‍ കൂക്കിവിളിക്കുകയും ചെയ്തിരുന്നു.
Content Highlights: Spectators wave sandpapers at David Warner