ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തിങ്കളാഴ്ചയാണ് താരം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നതായി അറിയിച്ചത്.
ഏകദിനത്തിലും ട്വന്റി 20-യിലും തുടര്‍ന്ന് കളിക്കുമെന്ന് സ്റ്റെയ്ന്‍ പറഞ്ഞു. ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റുകളില്‍ തുടര്‍ന്നും കളിക്കുന്നതിനായാണ് ടെസ്റ്റ് മതിയാക്കുന്നതെന്ന് 36-കാരനായ താരം വ്യക്തമാക്കി. ക്രിക്കറ്റിന്റെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോര്‍മാറ്റിനോടാണ് വിടപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2004-ല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ടെസ്റ്റില്‍ അരങ്ങേറിയ സ്റ്റെയ്ന്‍ 93 മത്സരങ്ങളില്‍ നിന്നായി 439 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ താരവും അദ്ദേഹം തന്നെ.
നേരത്തെ തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ലോകകപ്പ് മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. 2016 മുതല്‍ തന്നെ സ്റ്റെയ്നിനെ തോളിലെ പരിക്ക് അലട്ടിയിരുന്നു. ആ വര്‍ഷം താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. പരിക്കിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ ഭൂരിഭാഗം മത്സരങ്ങളും സ്റ്റെയ്നിന് നഷ്ടമായിരുന്നു.
Content Highlights: South Africa fast bowler Dale Steyn announced his retirement from Test cricket